ഉയര്‍ന്ന ഭക്ഷ്യോത്പാദനവും ബൃഹത് പോഷകാഹാരപദ്ധതികളുമുള്ള രാജ്യത്ത് വിളര്‍ച്ചയും മുരടിപ്പുമുള്ള കുട്ടികള്‍ എന്തുകൊണ്ട് ?

Articles

ചിന്ത / ഡോ: ജി ആര്‍ സന്തോഷ് കുമാര്‍

ലോകത്ത് പോഷകാഹാരക്കുറവുള്ള കുട്ടികള്‍ ജീവിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. നമ്മുടെ രാജ്യത്തെ നാല് വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ ഏതാണ്ട് പകുതിയോളം മതിയായ പോഷകാഹാരം ലഭിക്കാത്തവരും, അതിനാല്‍ വളര്‍ച്ചാമുരടിപ്പ് നേരിടുന്നവരുമാണെന്നാണ് കണക്ക്. ലോകത്തെ വലിയ സാമ്പത്തിക ശക്തിയായി തീര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ത്യ, Hunger Index  ഇന്നും വളരെ താഴെയാണ്. അതായത് 121 രാഷ്ട്രങ്ങളില്‍ 107സ്ഥാനം. ദശകങ്ങളായി തുടര്‍ന്നുവരുന്ന വിവിധ ശിശുപോഷകാഹാര പദ്ധതികകള്‍ക്ക് ശേഷവും ഇതാണ് അവസ്ഥ.

ശൈശവ പോഷകാഹാരവും ശിശുവളര്‍ച്ചയും നേരിട്ട് കൈകാര്യം ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും പ്രധാന ഏജന്‍സിയാണ് ICDS (Integrated Child Development Scheme). രാജ്യത്താകമാന വ്യാപിച്ചു കിടക്കുന്ന ഏതാണ്ട് 10 ലക്ഷത്തിലധികം അംഗനവാടികളുടെ വലിയൊരു നെറ്റ്‌വര്‍ക്കാണ് ICDS കീഴില്‍ പ്രവര്‍ത്തിക്കുന്നത്. ഒരുപക്ഷേ ലോകത്തിലെ ഏറ്റവും സംഘടിതമായ ശൈശവ പോഷകാഹാര പദ്ധതിയായിണിത്.

ഇതോടൊപ്പം 2017 ല്‍ ആരംഭിച്ച പോഷന്‍ അഭിയാന്‍, കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള പോഷകാഹാര പദ്ധതി തുടങ്ങിയവയും നടന്നുവരുന്നു. പക്ഷേ ഇവയൊക്കെയും കുട്ടികളിലെ പോഷകാഹാര കുറവിനെയും വളര്‍ച്ച മുരളിപ്പിനെയും കാര്യമാത്ര പ്രസക്തമായി പരിഹരിക്കാന്‍ പരാജയപ്പെടുന്ന കാഴ്ചയാണ് നാം കാണുന്നത്. പക്ഷേ ഈ കാലയളവില്‍ ഇന്ത്യയിലെ ഭക്ഷണോല്പാദനം പതിന്മടങ്ങ് വര്‍ദ്ധിച്ചതായിട്ടാണ് കണക്കുകള്‍ വ്യക്തമാക്കുന്നു.

ഭക്ഷണ ദൗര്‍ലഭ്യം അത്രയധികമൊന്നുമില്ലാത്ത കേരളത്തില്‍ പോലും കുട്ടികളിലെ പോഷകാഹാരക്കുറവും വളര്‍ച്ച മുരടിപ്പും കാണാന്‍ കഴിയും എന്നതാണ് യാഥാര്‍ത്ഥ്യം. കുറെ വര്‍ഷങ്ങള്‍ക്കു മുമ്പ് കേരളത്തിലെ സ്‌കൂള്‍ ഹെല്‍ത്ത് പ്രോഗ്രാം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നടത്തിയ ഒരു കണക്കെടുപ്പില്‍ 26 ശതമാനത്തോളം കുട്ടികള്‍ താഴ്ന്ന BMI ( Body Mass Index) ഉള്ളവരും ഏതാണ്ട് അത്ര തന്നെ കുട്ടികള്‍ വിളര്‍ച്ച (അനീമിയ) നേരിടുന്നവരും ആണെന്ന് കണ്ടെത്തിയിരുന്നു. ഉയര്‍ന്ന ഭക്ഷണോല്പാദനവും ബൃഹത്തായ പോഷകാഹാകാര പദ്ധതികളും നിലനില്ക്കുന്ന ഒരു രാജ്യത്ത് എന്തുകൊണ്ട് കുട്ടികള്‍ക്കിടയില്‍ വന്‍തോതില്‍ പോഷകാഹാരക്കുറവും വളര്‍ച്ച മുരടിപ്പും സംഭവിക്കുന്നു എന്നത് അടിയന്തരമായി ഉത്തരം കാണേണ്ട ഒരു പ്രശ്‌നമാണ്.

(എന്തുകൊണ്ട്? നമ്മുടെ നയരൂപീകരണ നിര്‍മ്മാതാക്കള്‍ക്കും പൊതുജനാരോഗ്യ വിദഗ്ധര്‍ക്കും ഡോക്ടര്‍മാര്‍ക്കും എന്താണ് ഇതിനെക്കുറിച്ച് പറയാനുള്ളത്?)