ജനാധിപത്യം എവിടെയും കാണാനില്ല, വിധേയത്വമാണ് രണ്ട് കാലത്തെയും അധികാരികള്‍ക്ക് വേണ്ടത്

Articles

ചിന്ത / ഡോ: ആസാദ്

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സാംസ്‌കാരിക പുരാവസ്തു വകുപ്പ് ഡയറക്ടര്‍ എഴുതിയ കത്ത് വായിച്ചു. രാജാധികാരത്തിന്റെ സമസ്ത പ്രൗഢിയോടെയും തിളങ്ങുന്ന കത്ത്. കാലം തെറ്റിപ്പോയ കത്തിന്റെ പേരില്‍ വലിയ ബഹളം നടക്കുന്നു. പുരോഗമനവാദികള്‍ ഒരു വശത്തും പുനരുത്ഥാനവാദികള്‍ മറുവശത്തും അണിനിരന്നിട്ടുണ്ട്. പാരമ്പര്യത്തിന്റെ ശീലവും വഴക്കവും കാലാനുസൃതം പുതുക്കണം ഒരു കൂട്ടര്‍ക്ക്. മറ്റേ കൂട്ടര്‍ക്ക് പോയ കാലത്തെ അപ്പാടെ പുനസ്ഥാപിക്കണം.

ധന്യാത്മന്‍, എന്നു അഭിസംബോധന ചെയ്താരംഭിക്കുന്ന കത്ത് രാജാധികാര വിധേയത്വ ശീലങ്ങളുടെ വിളംബരമാണ്. ഉപചാരഭാഷയുടെ ഉത്സവമാണ്. പുണ്യശ്ലോകന്‍ എന്ന് ചിത്തിരത്തിരുനാള്‍ രാജാവിനുള്ള വിശേഷണത്തോടെ തുടക്കം. തിരുമനസ്സുകൊണ്ട് തുല്യം ചാര്‍ത്തിയ എന്നൊക്കെ കുനിഞ്ഞു വണങ്ങുന്ന തുടര്‍ച്ച. ആ പഴയ മഞ്ചലല്ലേ വന്നു നില്‍ക്കുന്നൂ! സേവകപ്പടയല്ലേ ചാടി ഇറങ്ങുന്നു! പുനരുത്ഥാനവാദികള്‍ (റിവൈവലിസ്റ്റുകള്‍) കൈ കൂപ്പുന്നു.

ഇപ്പോള്‍ അങ്ങനെയാണോ? ബഹുമാനപ്പെട്ട മുഖ്യമന്ത്രി എന്നൊക്കെ മതിയല്ലോ. വഴിയിലോ വഴിയരികിലോ നില്‍ക്കാതെ, മരുന്നു വാങ്ങാന്‍ പോലും റോഡിലിറങ്ങാതെ മാറി നിന്ന് വണങ്ങാം. പത്തു നാല്‍പ്പത് വാഹനങ്ങളുടെ അകമ്പടി. ചാടിയിറങ്ങി സല്യൂട്ടടിക്കാന്‍ സേവകപ്പട. പഴയ കുതിരകള്‍ മാറി പുതുമോടിക്കാറുകള്‍ വന്നു. അധികാരം പുതിയ രീതിയിലേക്കും ഭാഷയിലേക്കും മാറി. കാഴ്ച്ചക്കുലകളില്ല. മാസപ്പടിയോ സമ്മാനമോ ആയി പത്ഥ്യം. തിരുവാതിരക്കളി മാറി. പാട്ടും മാറി. രാജാവിന് കിട്ടുന്ന ഉപചാരങ്ങളെല്ലാം കാലാനുസൃതം മാറിക്കഴിഞ്ഞു. പുരോഗമന വാദികള്‍ കൈ കൂപ്പുന്നു.

ഏതധികാരവും ജനാധികാരമായാണ് മാറേണ്ടത് എന്നു കരുതുന്നവരുണ്ട്. അവര്‍ക്ക് ആ പഴയ ഭാഷയും അതിന്റെ പുതുമട്ട് ആവര്‍ത്തനവും അസഹ്യമാണ്. പുനരുത്ഥാനവാദവും പുരോഗമനവാദവും അധികാരത്തിന്റെ രണ്ടു കരകളില്‍ നടത്തുന്ന പേക്കൂത്തുകള്‍ കാണാന്‍ നല്ല ചേലുണ്ട്. ജനാധിപത്യം രണ്ടിടത്തും കാണാനില്ല. വിധേയത്വമാണ് രണ്ടു കാലത്തേ അധികാരികള്‍ക്കും വേണ്ടത്. അത് എങ്ങനെ മാറ്റാം, ജനാധികാര വഴക്കം എങ്ങനെ കണ്ടെടുക്കാം എന്നതാണ് യഥാര്‍ത്ഥ പുരോഗമനവാദികള്‍ ആലോചിക്കേണ്ടത്.