ചിന്ത / എസ് ജോസഫ്
ചില അറിവില്ലായ്മകള്‍ നല്ലതാണ് എന്ന് തോന്നുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ട്. പ്രത്യേകിച്ച് ആയുധങ്ങളെക്കുറിച്ച്, ആയുധ നിര്‍മ്മാണത്തെക്കുറിച്ച്. ദൂരെ രാജ്യങ്ങളില്‍ നടക്കുന്ന യുദ്ധങ്ങളെക്കുറിച്ച് അറിയേണ്ടത് രണ്ടു രാജ്യങ്ങളിലെ മനുഷ്യര്‍ തമ്മില്‍ ഉള്ള യുദ്ധം എന്നാണ്. ബാക്കിയുള്ളതില്‍ അറിവില്ലായ്മയാണ് നല്ലത്. അടിസ്ഥാനപരമായി എല്ലാ മനുഷ്യരും മനുഷ്യര്‍ മാത്രമാണ്. ബാക്കിയെല്ലാം സെക്കന്ററിയാണ്. എന്നു വച്ചാല്‍ മതം ഒരു പുതപ്പ്.
കുളിരുള്ളവര്‍ക്ക് പുതയ്ക്കാം. താരതമ്യേന മതങ്ങള്‍ ഉണ്ടായിട്ട് അധികം കാലമായില്ല. ആളുകളെ വിരട്ടിയും പെടുത്തിയും ഭീഷണിപ്പെടുത്തിയും യുദ്ധം ചെയ്തും കൊന്നും മതവിശ്വാസികള്‍ ആക്കിയിട്ടുണ്ട്. യുദ്ധം ചെയ്യുന്ന രണ്ട് രാജ്യങ്ങളിലും നല്ല മനുഷ്യര്‍ ഉണ്ട്. യുദ്ധം കുറച്ചു പേരുടെ താല്പര്യം ആകുന്നു. റഷ്യ ഉക്രൈന്‍ യുദ്ധത്തെ നമ്മള്‍ അങ്ങനെയാണ് കണ്ടത്. അതിനോട് ആളുകള്‍ പാസീവായിരുന്നു. പക്ഷേ അതിന്റെ ഇംപാക്ട് ആയിരുന്നു എമേര്‍ജിങ് പോയട്രി അഥവാ ഉണരുന്ന കവിത. ഇസ്രയേല്‍ പലസ്തീന്‍ യുദ്ധത്തെയും അങ്ങനെ തന്നെയാണ് ഞാന്‍ കാണുന്നത്.
യുദ്ധത്തിന്റെ മുന്നില്‍ നമ്മള്‍ നിസ്സഹായരാണ്. പ്രാര്‍ത്ഥന കൊണ്ട് കാര്യമില്ല. ദൈവം നിശ്ശബ്ദനാണ്. നിശ്ശബ്ദത ഇല്ലായ്മയാണ്. ദൈവത്തിനിരിക്കാന്‍ പ്രപഞ്ചത്തില്‍ ഇടമില്ല. ജ്ഞാനി ലോകത്തെ വസ്തുവല്‍ക്കരിക്കുന്നു. കൊളോണിയല്‍ ആധിപത്യത്തിന്റെ അടിസ്ഥാനം അതാണ്. ഒരു ജ്ഞാനം മറ്റൊരു ജ്ഞാനത്തെ വിഴുങ്ങുന്നു. എന്നാല്‍ ആന്‍ഡമാനിലെ ട്രൈബുകള്‍ തങ്ങളുടെ നാട്ടിലേക്ക് അന്യരെ പ്രവേശിപ്പിക്കുന്നില്ല.
മതം ജാതി എന്ന രീതിയില്‍ വിഘടിച്ചു നില്‍ക്കുന്ന ജനസമൂഹങ്ങള്‍ അധിനിവേശങ്ങളെ ക്ഷണിച്ചു വരുത്തുന്നു. വജ്ജിയുടെ കഥ നോക്കുക. എത്ര ഒരുമിച്ചു നിന്നാലും കുതന്ത്രങ്ങള്‍ പ്രവേശന ദ്വാരം തുരക്കും. ആയതിനാല്‍ ഒരു ജനതയ്ക്കും ആത്മ ശൈഥില്യം ഉണ്ടാവരുത്’. ജനങ്ങളില്‍ വൈവിധ്യം ഉണ്ട്. അതറിഞ്ഞുകൊണ്ട് ഒറ്റ ജനതയായി നില്‍ക്കാന്‍ കഴിയണം. ഇരുണ്ട കാലങ്ങളില്‍ അത് പ്രയാസമാകും. സമാധാന ദൂതന്മാരായ കവികള്‍ ഉണരണം. പ്രവര്‍ത്തിക്കണം.