ജിദ്ദ: മനുഷ്യന്‍ ശാന്തിയുടെ മാര്‍ഗം തേടി അലയുകയാണെന്നും എന്നാല്‍ സ്വയം ചില മാറ്റങ്ങള്‍ക്ക് വിധേയമായാല്‍ മനുഷ്യ മനസുകള്‍ക്ക് ശാന്തത ലഭിക്കുമെന്നും ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ജിദ്ദ പ്രബോധകന്‍ അല്‍ അമീന്‍ സുല്ലമി പറഞ്ഞു. വാരാന്ത്യ പ്രഭാഷണത്തില്‍ ‘നിത്യശാന്തി നേടാന്‍’ എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയിരുന്നു അദ്ദേഹം.
മനസ് വിശാലമാക്കി, മറ്റുള്ളവരോടുള്ള അസൂയയും പകയും വിദ്വേഷവും ഉപേക്ഷിച്ചാല്‍ മനസിന് സ്വസ്ഥത ലഭിക്കുമെന്നും മനസ് കുടുസായാല്‍ അത് മാനസിക പിരിമുറുക്കം അധികരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മറ്റൊരാളോടുള്ള പക അയാളിലെ നന്മയെ മറച്ചു വെക്കുകയും തിന്മയെ പ്രചരിപ്പിക്കുകയും ചെയ്യാന്‍ കാരണമാകും. ഒരാളുടെയും ഉയര്‍ച്ചയില്‍ അസൂയ വെക്കാതിരിക്കുകയും, മറ്റുള്ളവര്‍ക്ക് ലഭിക്കുന്ന ദൈവീകാനുഗ്രങ്ങളെ വിശാല മനസോടെ ഉള്‍കൊള്ളാന്‍ തയ്യാറാവുകയും ചെയ്യുക. ഒരു നന്മയും പിന്നീട് ചെയ്യാമെന്ന് കരുതി മാറ്റിവെക്കാതിരിക്കുകയും ആരോഗ്യമുള്ള സമയത്ത് പരമാവധി നന്മകള്‍ ചെയ്യാനും തയ്യാറാവണമെന്ന് അദ്ദേഹം പറഞ്ഞു.
മനുഷ്യന്‍ അത്യാഗ്രഹിയായി മാറുമ്പോള്‍ ഇതരന്റെ അവകാശങ്ങള്‍ ഹനിക്കപെടുകയും സ്വാര്‍ത്ഥത വളരുകയും ചെയ്യും,ഇത് മാനസിക സംഘര്‍ഷം വര്‍ധിപ്പിക്കുകയും മതബോധം നഷ്ടപ്പെടുത്തുകയും ചെയ്യും. സ്വാര്‍ത്ഥത കൈവെടിഞ്ഞ് മറ്റുള്ളവരെ പരിഗണിച്ച് മുന്നോട്ടുപോകാന്‍ തയ്യാറാകണമെന്നും അല്‍ അമീന്‍ സുല്ലമി ഓര്‍മ്മിപ്പിച്ചു.
ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ജിദ്ദ പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ വളപ്പന്‍ പരിപാടി നിയന്ത്രിച്ചു. പുളിക്കല്‍ എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസേബ്ള്‍ഡ് ചെയര്‍മാന്‍ അഹമദ് കുട്ടി സംസാരിച്ചു. സെക്രട്ടറി ജരീര്‍ വേങ്ങര നന്ദി പറഞ്ഞു.