തൊഴില്‍ തട്ടിപ്പില്‍ കുടുങ്ങിയ മലയാളി യുവതി യു എ ഇയില്‍

Gulf News GCC News

തൃശൂര്‍ ഗുരുവായൂര്‍ സ്വദേശിനി ഷൈനി സുരേഷ് ആണ് പണം തിരിച്ചുകിട്ടാനും തട്ടിപ്പുകാരെ നിയമത്തിന് മുന്‍പിലെത്തിക്കാനും സന്ദര്‍ശക വിസയില്‍ യു എ ഇയിലെത്തിയത്.


ദുബൈ: വീണ്ടും തൊഴില്‍ തട്ടിപ്പ്. മലയാളി യുവതിയെ കാനഡയിലേക്ക് തൊഴില്‍ വിസ വാഗ്ദാനം ചെയ്ത് പണം തട്ടി. തൃശൂര്‍ ഗുരുവായൂര്‍ സ്വദേശിനി ഷൈനി സുരേഷ് ആണ് പണം തിരിച്ചുകിട്ടാനും തട്ടിപ്പുകാരെ നിയമത്തിന് മുന്‍പിലെത്തിക്കാനും സന്ദര്‍ശക വിസയില്‍ യു എ ഇയിലെത്തിയത്. ഇന്ത്യക്കാര്‍ക്കു പുറമെ പാക്കിസ്താന്‍ സ്വദേശികളും സംഘത്തിന്റെ തട്ടിപ്പിനിരയായിട്ടുണ്ടെന്ന് ഷൈനി പറഞ്ഞു. ബി കോം ബിരുദവും എച്ച് ഡി സി സര്‍ടിഫിക്കറ്റുമുള്ള ഷൈനി എട്ട് വര്‍ഷത്തോളം കുവൈത്തിലും മൂന്ന് വര്‍ഷം ഖത്തറിലും ജോലി ചെയ്തിരുന്നു. തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തി ഒരു ആശുപത്രിയില്‍ ജോലി ചെയ്യവെയാണ് ഫേസ് ബുക്കില്‍ കാനഡയില്‍ ജോലി എന്ന പരസ്യം കണ്ടത്.

ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏജന്‍സിയുമായി ഇ മെയിലിലൂടെ ബന്ധപ്പെട്ടപ്പോള്‍ വളരെ പെട്ടെന്ന് കാനഡയിലേക്കുള്ള തൊഴില്‍ വിസ ശരിയാകുമെന്നും ഇതിനായി 7,350 ദിര്‍ഹം അടയ്ക്കണമെന്നും പാലക്കാട് സ്വദേശിനി സ്വപ്ന എന്ന പേരിലുള്ള സ്ത്രീ മറുപടി നല്‍കുകയായിരുന്നു. ഇത് വ്യാജ പേരാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു. പണം നല്‍കാനായി എടുത്ത വായ്പ തിരിച്ചടക്കാന്‍ ബുദ്ധിമുട്ടിയപ്പോഴാണ് ഷൈനി യു എ ഇയിലേയ്ക്ക് വിമാനം കയറിയത്.

ദുബൈ ബിസിനസ് ബേയ്ക്കടുത്തെ തട്ടിപ്പുകാരുടെ ഓഫിസ് കണ്ടെത്തി നേരിട്ട് ചെന്നപ്പോള്‍ അവിടെ കന്യാകുമാരി ജില്ലക്കാരനായ ഒരു യുവാവും രണ്ട് സ്ത്രീകളും മാത്രമാണ് ഉണ്ടായിരുന്നത്. തങ്ങള്‍ക്ക് ഇതേക്കുറിച്ച് യാതൊന്നും അറിയില്ലെന്നായിരുന്നു അവരുടെ മറുപടി. തുടര്‍ന്ന് ബര്‍ദുബൈ പൊലീസില്‍ പരാതിയുമായി ചെന്നപ്പോള്‍ കോടതിയെ സമീപിക്കാനായിരുന്നു നിര്‍ദേശം. അല്‍ ഐനിലെ സഹോദരിയുടെ മകളുടെ കൂടെയാണ് ഷൈനി താമസിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *