ഇടത് സംഘടനകളുടെ എതിര്‍പ്പില്‍ കെ എസ് ഇ ബിയുടെ സ്മാര്‍ട്ട് മീറ്റിര്‍ പദ്ധതി പാളുന്നു

Kerala News

തിരുവനന്തപുരം: മുഴുവന്‍ ഉപഭോക്താക്കളേയും സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിക്ക് കീഴിലാക്കുകയെന്ന കെ എസ് ഇ ബിയുടെ പദ്ധതി ഇടത് സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പാതിവഴിയില്‍ നിലക്കുന്നു. വൈദ്യുതി സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിക്കെതിരെ ഇടതു തൊഴിലാളി യൂണിയനുകള്‍ തുടക്കം മുതലെ പ്രതിഷേധത്തിലായിരുന്നു. സ്വകാര്യ വത്ക്കരണത്തിലേക്കുള്ള നീക്കമാണ് സ്മാര്‍ട്ട് മീറ്ററിന് പിന്നിലെന്നാണ് ഇടത് തൊഴിലാളി സംഘടനകളുടെ നിലപാട്. ഇവരുടെ എതിര്‍പ്പ് ശക്തമായതിനാല്‍ സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കുന്നതില്‍ മുന്നോട്ടു പോകാന്‍ കെ എസ് ഇ ബിക്ക് കഴിഞ്ഞിട്ടുമില്ല.

സ്മാര്‍ട്ട് മീറ്റര്‍ നടപ്പാക്കാത്തതില്‍ സി എ ജിയുടെ ഭാഗത്തുനിന്നും സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. കേരളം പദ്ധതി നടപ്പാക്കാത്ത നടപടിയില്‍ കേന്ദ്ര സര്‍ക്കാറും കലിപ്പിലാണ്. വിവിധ സംസ്ഥാനങ്ങളില്‍ ഇതിനോടകം തന്നെ പദ്ധതി നടപ്പിലാക്കിയപ്പോള്‍ കൃത്യമായ പ്രവര്‍ത്തന പദ്ധതിയുടെ അഭാവം കാരണം സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി നടപ്പിലാക്കുമെന്ന് ഉറപ്പ് വരുത്താന്‍ സംസ്ഥാനത്തിനായില്ലെന്നാണ് സി എ ജിയുടം കണ്ടെത്തല്‍.

സംസ്ഥാന സര്‍ക്കാര്‍ 2017ല്‍ കേന്ദ്ര സര്‍ക്കാരുമായി ഉദയ് ധാരണാ പത്രം ഒപ്പിട്ടിരുന്നു. 2019 ഡിസംബര്‍ 31 നകം 200 യൂണിറ്റിന് മുകളില്‍ വൈദ്യുതി ഉപഭോഗമുള്ള ഉപഭോക്താക്കള്‍ക്ക് കെ എസ് ഇ ബി സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കണമെന്നാതായിരുന്നു കരാര്‍. എന്നാല്‍ പദ്ധതിക്കായി ടെന്‍ഡറില്‍ പങ്കെടുത്ത എക ലേലക്കാരന്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ കെ എസ് ഇ ബി വീണ്ടും ടെന്‍ഡര്‍ വിളിക്കാന്‍ തീരുമാനിച്ചെങ്കിലും കെ എസ് ഇ ബി ടെന്‍ഡര്‍ നടപടി ആരംഭിച്ചില്ലെന്ന് സി എ ജി കുറ്റപ്പെടുത്തുന്നു.

സംസ്ഥാനത്ത് 63 പട്ടണങ്ങളില്‍ പ്രതിമാസം 200 യൂണിറ്റിനുമുകളില്‍ ഉപയോഗിക്കുന്നവര്‍ക്ക് സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കാന്‍ 2018ല്‍ കേന്ദ്രസഹായത്തോടെ 241 കോടിയുടെ പദ്ധതി അനുവദിച്ചിരുന്നു. എന്നാല്‍ ഇതുവരെ ഇത് യാഥാര്‍ഥ്യമായില്ല. പലവട്ടം ടെന്‍ഡര്‍ വിളിച്ചപ്പോഴും മീറ്ററൊന്നിന് പതിനായിരം രൂപവരെ കമ്പനികള്‍ ആവശ്യപ്പെട്ടതിനാലാണ് ഇത് നടപ്പാക്കാനാകാതെ പോയത്.

മന്ത്രി ഇടപെട്ട് തൊഴിലാളി യൂണിയനുകളുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും പ്രശ്‌നത്തിന് ഇനിയും പരിഹാരമായിട്ടില്ല. അതുകൊണ്ട് തന്നെ കേരളത്തില്‍ ടെന്‍ഡര്‍ വിളിപോലും പൂര്‍ത്തിയായിട്ടില്ല. പദ്ധതി ഉടന്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ വിതരണ മേഖലയിലെ നഷ്ടം നികത്താനും നവീകരണത്തിനുമായി കെ എസ് ഇ ബിക്ക് നല്‍കിയ കോടികളുടെ സഹായധനം തിരിച്ചെടുക്കേണ്ടിവരുമെന്നാണ് ഊര്‍ജ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.

1 thought on “ഇടത് സംഘടനകളുടെ എതിര്‍പ്പില്‍ കെ എസ് ഇ ബിയുടെ സ്മാര്‍ട്ട് മീറ്റിര്‍ പദ്ധതി പാളുന്നു

Leave a Reply

Your email address will not be published. Required fields are marked *