മരുമകള്‍ തന്നെ മാത്രമല്ല മകനേയും മര്‍ദിക്കാറുണ്ടെന്ന് വയോധിക

Kerala

കൊല്ലം: മരുമകള്‍ തന്നെ മാത്രമല്ല മകനേയും മര്‍ദിക്കാറുണ്ടെന്ന് വയോധിക. ആറര വര്‍ഷമായി മരുമകള്‍ മര്‍ദനം തുടരുകയാണെന്ന് വയോധികയായ ഏലിയാമ്മ പറയുന്നു. വീട്ടില്‍ തന്നെ പൂട്ടിയിടുമെന്നും മകന്‍ ജെയ്‌സിനേയും മര്‍ദിക്കുമെന്നും ഏലിയാമ്മ പറയുന്നു. പൊലീസിന് നല്‍കിയ മൊഴിയിലാണ് ഇക്കാര്യങ്ങളുള്ളത്.

അടിയേറ്റ് നിലത്ത് വീണാലും ചവിട്ടും. വൃത്തിയില്ലെന്ന് പറഞ്ഞാണ് മര്‍ദനം. വീട്ടില്‍ പൂട്ടിയിടുമെന്നും മകന്‍ ജെയ്‌സിനെയും ക്രൂരമായി മര്‍ദിക്കുമെന്നും ജെയ്‌സിന്റെ ശരീരത്തില്‍ മര്‍ദനത്തിന്റെ പാടുകളുണ്ടെന്നുമാണ് വയോധിക പറയുന്നത്.

അതേസമയം പൊലീസ് കസ്റ്റഡിയില്‍ കഴിയുന്ന കൊല്ലം തേവലക്കരയില്‍ വായോധികയെ മര്‍ദിച്ച മരുമകള്‍ മഞ്ജുമോളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. വധശ്രമം അടക്കമുള്ള വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഒരു വര്‍ഷം മുമ്പ് നടന്ന മര്‍ദനത്തിന്റെ ദൃശ്യങ്ങളാണ് ഇന്നലെ പുറത്ത് വന്നത്. വീടിനകത്ത് മക്കളുടെ മുന്നില്‍ വച്ചായിരുന്നു മര്‍ദനം. ഇതിന് പിന്നാലെ ഇന്നലെ വൈകീട്ടും ആക്രമണമുണ്ടായി. മുടിക്ക് കുത്തിപ്പിടിച്ച് മുഖത്ത് ഇടിച്ചെന്നും നെഞ്ചിലും അടിവയറ്റിലും തൊഴിച്ചെന്നും ഷൂസിട്ട കാലുകൊണ്ട് കൈ ചവിട്ടിയെന്നും കമ്പി കൊണ്ടുള്ള മര്‍ദനത്തില്‍ കൈയ്ക്ക് പൊട്ടലുണ്ടായെന്നുമാണ് പരാതി.

പഞ്ചായത്ത് അംഗത്തിന്റെ സഹായത്തോടെയാണ് 80 വയസുകാരി ഏലിയാമ്മ വര്‍ഗീസ് പൊലീസില്‍ പരാതി നല്‍കിയത്. ഇതിന് പിന്നാലെ ഹയര്‍ സെക്കന്‍ഡറി അധ്യാപികയായ മകള്‍ മഞ്ജുമോള്‍ തോമസിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.