അറബി സര്‍വകലാശാല കാലഘട്ടത്തിന്റെ ആവശ്യം: അഡ്വ. ടി സിദ്ദീഖ് എം എല്‍ എ

Wayanad

കല്പറ്റ: അറബി ഭാഷയെ മതത്തിന്റെ ഭാഷയായി കാണാതെ സംസാര ഭാഷയായും ജീവല്‍ ഭാഷയായും കണ്ടുകൊണ്ട് കേരളത്തില്‍ എത്രയും പെട്ടെന്ന് അറബി സര്‍വകലാശാല സ്ഥാപിക്കാന്‍ നടപടികള്‍ ആരംഭിക്കണമെന്ന് കല്പറ്റ നിയോജകമണ്ഡലം എം എല്‍ എ അഡ്വക്കേറ്റ് ടി സിദ്ദീഖ് ആവശ്യപ്പെട്ടു. ലോകത്തിലെ ആയിരക്കണക്കിന് ഭാഷകളില്‍ ഏറ്റവും പ്രധാനപ്പെട്ട ആറു ഭാഷകളില്‍ ഒന്നാണ് അറബി. ഫുട്‌ബോള്‍ ലോക കപ്പിലൂടെ അറബി ഭാഷയുടെ ലോക സ്വാധീനം ഒന്നുകൂടി ബലപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഡിസംബര്‍ 18 അന്താരാഷ്ട്ര അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റിയും ഡബ്ല്യു എം ഒ ആര്‍ട്‌സ് & സയന്‍സ് കോളെജ് അറബിക് വിഭാഗവും സംയുക്തമായി വയനാട് മുസ്ലിം ഓര്‍ഫനേജ് ക്യാമ്പസിലെ എച്ച് ആര്‍ ഡി സെന്ററില്‍ നടത്തിയ അന്താരാഷ്ട്ര അറബിക് സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ എ ടി എഫ് സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ ഹഖ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ച സെമിനാറില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി കെ കെ അഹമ്മദ് ഹാജി മുഖ്യപ്രഭാഷണം നടത്തി. അബ്ദുല്‍ ഖാദര്‍ അഹ്മദ് അബ്ദുല്ല അല്‍ഹംസി (യമന്‍), ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, ഡോ. നജ്മുദ്ദീന്‍ എന്നിവര്‍ കാലിക ഭാഷാ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

കോളെജ് ലക്ചര്‍ ഡോ. യൂസഫ് നദ്‌വി, സംഘടന സീനിയര്‍ വൈസ് പ്രസിഡന്റ് എം പി അയ്യൂബ്, സംസ്ഥാന സെക്രട്ടറി നൗഷാദ് കോപ്പിലാന്‍ എന്നിവര്‍ ആശംസ പ്രസംഗം നടത്തി. കെ എ ടി ഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം എ ലത്തീഫ് സ്വാഗതവും വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി ജാഫര്‍ പി കെ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *