പുഴയില്‍ ചാടിയ സംഭവം: അമ്മ മരിച്ചു മകളെ ഇനിയും കണ്ടെത്തിയില്ല

Kerala

വെണ്ണിയോട്: മകളെയും കൊണ്ട് പുഴയില്‍ ചാടി, നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ട് ആറരയോടെയാണ് യുവതി മരിച്ചത്. ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയാണ് വെണ്ണിയോട് വലിയ പുഴയിലെ പാത്തിക്കല്‍ പാലത്തില്‍ നിന്ന് മകള്‍ ദക്ഷയ്‌ക്കൊപ്പം ദര്‍ശന പുഴയിലേക്ക് ചാടിയത്. നിലവിളി കേട്ടെത്തിയ അയല്‍ക്കാരാണ് ദര്‍ശനയെ രക്ഷിച്ച് ആശുപത്രിയിലാക്കിയത്. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചിട്ടും ആരോഗ്യം മെച്ചപ്പെട്ടില്ല. തുടര്‍ന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. പുഴയില്‍ കാണാതായ മകള്‍ ദക്ഷയ്ക്കായുള്ള തെരച്ചില്‍ ഇന്നും തുടര്‍ന്നെങ്കിലും ഇരുട്ടു വീഴുന്നത് വരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. വെണ്ണിയോട് സ്വദേശി അനന്തഗിരിയില്‍ ഓംപ്രകാശാണ് ദര്‍ശനയുടെ ഭര്‍ത്താവ്.