ന്യൂദല്‍ഹി: പിതൃസഹോദരന്റെ ഭാര്യയെ കൊന്ന് കഷണങ്ങളാക്കി പലയിടങ്ങിലായി ഉപേക്ഷിച്ച യുവാവ് പൊലീസിന്റെ പിടിയില്‍. രാജസ്ഥാനിലെ ജയ്പൂരിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മാര്‍ബിള്‍ കട്ടര്‍ ഉപയോഗിച്ചാണ് യുവാവ് മൃതദേഹം കഷണങ്ങളാക്കിയത്. ഇവ പിന്നീട് പലയിടങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് അനുജ് ശര്‍മ എന്ന ആചിത്യ ഗോവിന്ദ് ദാസ് (33) ആണ് പൊലീസ് പിടിയിലായത്. സരോജ് ശര്‍മയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനു ശേഷം ബന്ധുക്കളേയും പൊലീസിനേയും തെറ്റിദ്ധരിപ്പിക്കാന്‍ ഇയാള്‍ പരാതിയും നല്‍കിയിരുന്നു. സരോജ് ശര്‍മയെ കാണാനില്ലെന്ന് കാണിച്ച് പരാതി നല്‍കിയിരുന്നത് ഇയാള്‍ തന്നെയായിരുന്നു.
കാണാനില്ലെന്ന പരാതി ലഭിച്ചപ്പോള്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പരാതിക്കാരന്റെ തന്നെയാണ് പ്രതിയെന്ന് തെളിയുന്നത്. തുടര്‍ന്നായിരുന്നു അറസ്റ്റ്. വിശദമായ ചോദ്യം ചെയ്യലില്‍ അമ്മായിയെ കൊലപ്പെടുത്തിയതാണെന്ന് ഇയാള്‍ പൊലീസിന് മുന്നില്‍ കുറ്റസമ്മതം നടത്തി.
കുടുംബ വഴക്കിനെ തുടര്‍ന്നായിരുന്നു കൊലപാതകമെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. കൊല നടത്തിയ ശേഷം മൃതദേഹം കുളിമുറിയിലേക്ക് വലിച്ചുകൊണ്ടുപോയി മാര്‍ബിള്‍ കട്ടര്‍ ഉപയോഗിച്ച് പത്ത് കഷണങ്ങളാക്കി വെട്ടിമുറിച്ചെന്നും പിന്നീട് കഷണങ്ങള്‍ സ്യൂട്ട്‌കേസിലാക്കി ദല്‍ഹി ഹൈവേയില്‍ പലയിടങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നെന്നും ഇയാള്‍ പൊലീസിനോട് സമ്മതിച്ചു.