മധുരയില്‍ എപ്പോഴെങ്കിലും വരുമ്പോള്‍ വിളിക്കൂ

Articles

ചിന്ത / എ പ്രതാപന്‍

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ബ്രഹ്മചാരിണിയായ ഒരു യുവതി വീട്ടില്‍ വന്നു. കോയമ്പത്തൂരിലെ എന്റെ ചില ബന്ധുക്കളോടൊപ്പം. അവര്‍ വെളുത്ത വസ്ത്രങ്ങള്‍ ധരിച്ചിരുന്നു. ഒരു സന്യാസമഠത്തിലെ അംഗമായിരുന്നു. സന്യാസിനികളുടെ വിരക്തിയിലേക്ക് അവര്‍ വീണു കഴിഞ്ഞില്ല എന്നു തോന്നി, ധാരാളമായി ചിരിച്ചു കൊണ്ടിരുന്നു.

എന്റെ പുസ്തകങ്ങളൊക്കെ കൗതുകത്തോടെ മറിച്ചു നോക്കുന്നുണ്ടായിരുന്നു. പിന്നീടെപ്പോളോ അവര്‍ പറഞ്ഞു, ലിറ്ററേച്ചറിലാണ് ഞാന്‍ എം എ ചെയ്തത്, അതൊക്കെ ഏതോ കാലം പോലെ തോന്നുന്നു. ഞാന്‍ സൂക്ഷിച്ചു വെച്ചിരുന്ന ചില ഓഡിയോ കാസെറ്റുകള്‍ അവരെ ആകര്‍ഷിച്ചു. മധുരൈ സോമുവിന്റെ കാസെറ്റുകളെ കുറിച്ച് എന്നോട് പ്രത്യേകം ചോദിച്ചു. ഞാന്‍ പറഞ്ഞു, അത് എന്റേതല്ല, ഒരു ഓര്‍മ്മ വസ്തുവാണ്. ഇപ്പോള്‍ മരിച്ചവരുടെ മേടില്‍ പാര്‍ക്കുന്ന ഒരുവന്റെ. പൂര്‍വ്വാശ്രമത്തില്‍ അവന്‍ എന്റെ അനിയനായിരുന്നു.

അവര്‍ നിശ്ശബ്ദയായി. പിന്നെ പറഞ്ഞു, മധുര എന്റെ നാട്, മധുരൈ സോമുവിനെ അറിയും. എനിക്ക് മധുര മീനാക്ഷിയെ അറിയാം, വന്നു കണ്ടിട്ടുണ്ട്, നിങ്ങള്‍ നന്നായി മലയാളം സംസാരിക്കുന്നുണ്ടല്ലോ, ഞാന്‍ ചോദിച്ചു. ഞങ്ങളുടെ മഠം കേരളത്തിലായത് കൊണ്ട് എനിക്ക് മലയാളം പരിചയമായി. മധുരയില്‍ എപ്പോഴെങ്കിലും വരുമ്പോള്‍ വിളിക്കൂ.

മരിച്ചു കഴിഞ്ഞ പൂര്‍വ്വാശ്രമത്തിന്റെ ബാക്കിയായി തങ്ങി നില്‍ക്കുന്ന സംഗീതത്തിന്റെയും സാഹിത്യത്തിന്റെയും ചില ആര്‍ദ്രമായ തരികളെ ഞാനോര്‍ത്തു.