അമൃതകിരണം മെഡി ഐക്യു പ്രശ്‌നോത്തരിയുടെ ആറാം സീസണ്‍ ജില്ലാതല മത്സരം ഡിസംബര്‍ മൂന്നിന്

Kozhikode

കോഴിക്കോട്: കേരളത്തിലെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രാവബോധം വളര്‍ത്തുന്നതിനും അശാസ്ത്രീയവും അബദ്ധജടിലവുമായ പ്രചരണങ്ങള്‍ക്കെതിരെ പൊരുതാന്‍ അവരെ സജ്ജരാക്കുന്നതിനും ലക്ഷ്യമിട്ടുള്ള അമൃതകിരണം മെഡി ഐക്യു പ്രശ്‌നോത്തരിയുടെ ആറാം സീസണ്‍ മത്സരത്തിന്റെ പ്രാഥമിക ഘട്ടങ്ങള്‍ ഡിസംബര്‍ മൂന്നിന് നടക്കും.

ഒബ്ജക്ടീവ് മാതൃകയിലുള്ള 25 ചോദ്യങ്ങള്‍ അടങ്ങുന്ന എഴുത്തു പരീക്ഷയാണ് ആദ്യ റൗണ്ട്. 8, 9, 10 ക്ലാസ്സുകളിലെ ബയോളജി ടെക്സ്റ്റ് ബുക്കില്‍ നിന്നും 12 ചോദ്യങ്ങളും പൊതുവിജ്ഞാനം, ജനറല്‍ ഹെല്‍ത്ത് എന്നിവയില്‍ നിന്നും ബാക്കി 13 ചോദ്യങ്ങളും ഉണ്ടായിരിക്കും. ജില്ലാതലത്തില്‍ പ്രാഥമിക റൗണ്ടില്‍ യോഗ്യത നേടുന്ന ആറു ടീമുകള്‍ക്ക് അന്നു തന്നെ നടത്തപ്പെടുന്ന ജില്ലാതല ഫൈനല്‍ റൗണ്ടില്‍ പങ്കെടുക്കാം. ഇത് ദൃശ്യശ്രാവ്യ റൗണ്ടുകളുള്ള (ഓഡിയോ വിഷ്വല്‍) മത്സരമായിരിക്കും. ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 5000 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 2500 രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 1000 രൂപയും ട്രോഫിക്ക് പുറമേ സമ്മാനമായി ലഭിക്കും. സര്‍ട്ടിഫിക്കറ്റുകളും ലഭിക്കും.

ജനുവരിയില്‍ മൂന്നാറില്‍ നടക്കുന്ന കെ.ജി.എം.ഒ.എ വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് മെഡി ഐ.ക്യുവിന്റെ മെഗാഫൈനല്‍ മത്സരം നടക്കും. സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനക്കാര്‍ക്ക് 10000 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 5000 രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 2500 രൂപയും ട്രോഫിയും സമ്മാനമായി ലഭിക്കും. ഒരു സ്‌കൂളില്‍ നിന്നും രണ്ട് പേരടങ്ങുന്ന ടീം ആയാണ് മത്സരത്തില്‍ പങ്കെടുക്കേണ്ടത്.

സിലബസ്, പഠനഭാഷാ ഭേദമന്യേ ഹൈസ്‌കൂള്‍ കുട്ടികള്‍ക്ക് ഈ മത്സരത്തില്‍ പങ്കാളികളാവാം. മത്സരത്തിനുള്ള രജിസ്‌ട്രേഷന്‍ സൗജന്യമാണ്. രജിസ്‌ട്രേഷന്‍ ലിങ്ക് https://forms.gle/eyMJh53oGEjksFgn6 അവസാന തീയതി 26. മത്സരത്തില്‍ പങ്കെടുക്കുന്നതിന് സ്‌കൂള്‍ മേധാവിയുടെ ഓതറൈസേഷന്‍ ലെറ്റര്‍ മത്സരസമയത്ത് ഹാജരാക്കണം.