യാത്ര/ടി കെ ഇബ്രാഹിം
വിശ്വോത്തരങ്ങളായ മുസ്ലിം ആരാധനാലയങ്ങളില്‍ ഒന്നാണ് അബൂദാബിയിലെ ഗ്രാന്റ് മോസ്‌ക്. എന്നാലത് വിശ്വാസ സംബന്ധമായ ചരിത്ര സംഭവങ്ങളെയോ ദൈവിക വെളിപാടുകളെയോ അടിസ്ഥാനപ്പെടുത്തിയല്ല. അത്യുതാത്തമായ വാസ്തുവിദ്യാ വൈവിധ്യം കൊണ്ടും അത്യാധുനിക ശാസ്ത്ര സംവാധാനങ്ങള്‍ കൊണ്ടും കീര്‍ത്തി കൈവന്ന ഇതുപോലെ മറ്റൊരു മുസ്ലിം ആരാധനാലയം മറ്റെങ്ങുമില്ലെന്നുറപ്പ്.
മക്കയിലെ ഹറം ഷെരീഫും മദീനയില്‍ പ്രവാചകന്‍ അന്ത്യവിശ്രമം കൊള്ളുന്ന മദീനാ മസ്ജിദും ജറുസലേമിലെ പ്രസിദ്ധമായ ബൈത്തുല്‍ മുഖദ്ധിസും ഇസ്ലാം മതവിശ്വാസികളെ സംബന്ധിച്ച് സവിശേഷമാകുന്നത് അവിടം പ്രവാചക കല്പനകളാലും ഇസ്ലാമികചരിത്ര സംഭവങ്ങളുമായും പ്രകീര്‍ത്തിക്കപ്പെടുകയും, അഭേദ്യമായി പുല്‍കി നില്‍ക്കുകയും ചെയ്യുന്നതു കൊണ്ടാണ്. മുമ്പൊരിക്കല്‍ കുഞ്ഞിക്കയ്ക്കും (ഡോ:പുനത്തില്‍ കുഞ്ഞബ്ദുള്ള ) സുഹൃത്തുക്കള്‍ക്കുമൊപ്പം ഇവിടം സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ ഓരോ നിമിഷവും നവീകരണ പ്രവര്‍ത്തികള്‍ നടന്നു കൊണ്ടിരിക്കുന്ന ഇവിടം ഇന്നാകെ മാറിയിരിക്കുന്നു.
ഗ്രാന്റ് മോസ്‌ക്കിന്റെ പാര്‍ക്കിങ്ങ് ഏരിയ പിന്നിട്ടാല്‍ കര്‍ശനമായ സെക്ക്യൂരിറ്റി പരിശോധനകളിലൂടെ വേണം മസ്ജിദിന്റെ മുഖ്യകവാടത്തിലെത്താന്‍. ഇതിനകം അനേകം എസ്‌കലേറ്ററുകളും ഉപകവാടങ്ങളുമുണ്ട്. ഈ ദൂരമത്രയും നാം നടന്നു പോകേണ്ടതില്ല.
എസ്‌കലേറ്ററുകളും, കൂടുതല്‍ പേര്‍ക്കിരിക്കാവുന്ന ഇലക്ട്രിക്ക് കാറുകളുംസഹായത്തിനുണ്ട്. സഞ്ചാരവഴികളില്‍ ഇരു വശങ്ങളിലും വിലപിടിച്ച കരകൗശല വസ്തുക്കുടെയും ആഭരണങ്ങളുടെയും പെര്‍ഫ്യൂമുകളുടെയും വസ്ത്രങ്ങളുടെയും വിശ്വോത്ത ബ്രാന്റുകള്‍ വിപണനം ചെയ്യുന്ന കമനീയമായ സ്റ്റാളുകളാണ്. ശരാശരി ഇന്ത്യാക്കാരന്റെ ബഡ്ജറ്റിലൊതുങ്ങുന്നതല്ല അതിലൊന്നു പോലും.
ഇവിടം പ്രവേശനത്തിന് മതപരമായ വിവേചനങ്ങളോ സ്തീപുരുഷ വ്യത്യാസമോ ഇല്ല.. അല്പവസ്ത്ര ധാരിണികളായ വിവിധയൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും അമേരിക്കയില്‍ നിന്നും എത്തുന്ന അമുസ്ലിംങ്ങളായ സ്ത്രീകള്‍ക്ക് ധരിക്കാന്‍ അവിടെ അവരവരുടെ ധനസ്ഥിതിക്കനുസരിച്ചുള്ള വസ്ത്രങ്ങള്‍ വാടകയ്ക്കു ലഭിക്കുന്ന കൗണ്ടറുകളുണ്ട്. ഇത്തരം വസ്തങ്ങളില്‍ യുവതികള്‍ അതീവസുന്ദരികളായി കാണപ്പെട്ടു.. അവര്‍ പരസ്പരം മാറ്റുരയ്ക്കുന്നതും വഴി നീളെ കണ്ടു. ഞങ്ങളെത്തുമ്പോള്‍ മോസ്‌ക്ക് സാന്ധ്യശോഭയില്‍ കുളിച്ചു നില്‍ക്കുകയാണ്.
ഡിസംബറില്‍ പതിവിലുമേറെ ടൂറിസ്റ്റുകള്‍ ഇവിടം സന്ദര്‍ശിക്കുന്നു. അബുദാബി ഭരണകൂടം അവരുടെ പ്രതാപൈശ്വര്യങ്ങള്‍ വിളിച്ചോതുനതിനൊപ്പം, ഒരാരാധനാലയം ദൈവഗേഹമാണെന്നും, ഇവിടം മനുഷ്യര്‍ക്കിടയില്‍ വേര്‍തിരിവുകളില്ലെന്നുമുള്ള മഹാ സന്ദേശം നിശബ്ദമായി ലോകത്തോടു വിളംഭരം ചെയ്യുന്നതായി തോന്നി. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം അബുദാബിയില്‍ സര്‍ക്കാര്‍പണിതുയര്‍ത്തുന്ന വിവരം മരുമകന്‍ ഷാനവാസ് പറഞ്ഞു.
വിവിത മതങ്ങളില്‍ വിശ്വസിക്കുന്നവരും അല്ലാത്തവരുമായ ലോകമെങ്ങുമുള്ള എത്ര ലക്ഷം മനുഷ്യര്‍ ഈ മരുഭൂമിയില്‍ നിന്നും സ്വന്തം ജീവിതം ഹരിതാഭമാക്കി ? എത്രമേല്‍ സ്വഛവും ശാന്തവുമാണിവിടം?
മനുഷ്യര്‍ക്കു മാത്രമല്ല ,മനോഹരമായ തെരുവോരങ്ങളിലെ നടപ്പാതകളില്‍ പ്രഭാത നടന്നത്തിനിടെ കണ്ട കാഴ്ച രോമാഞ്ചജനകമായിരുന്നു.
ഇടവിട്ട് അനാഥരായ പൂച്ചകള്‍ക്ക് വിലയേറിയ ക്യാറ്റ് ഫുഡ്ഡും (ഭക്ഷണാവശിഷ്ടങ്ങളല്ല)വെള്ളവും വൃത്തിയുള്ള പാത്രങ്ങളില്‍ കരുതിവച്ചിരിയ്ക്കുന്നു. നമ്മുടെ പച്ചപ്പില്‍ പോലുമില്ലാത്തത്ര വിവിധയിനം പക്ഷികള്‍ . അവര്‍ക്കായി മാറ്റി വച്ച തീറ്റ പങ്കിട്ടു കഴിയ്ക്കുന്നു. തമ്മില്‍തല്ലും കൂക്കുവിളികളുമായി അസ്വസ്ഥമായ നമ്മുടെ തെരു വോരങ്ങള്‍ എന്നെങ്കിലും ഈ വിധം മനുഷ്യക്കും ജന്തുക്കള്‍ക്കും ആവാസയോഗ്യമാകുമോ? മോസ്‌ക്കില്‍ നിന്നും സന്ധ്യാ പ്രാര്‍ത്ഥനയ്ക്കുള്ള സമയമറിയിക്കുന്ന ബാങ്കുവിളി ഉയര്‍ന്നു.
പതിഞ്ഞതും ശ്രവണ മധുരവുമായ ശബ്ദം. രാഗാലാപനമെന്നപോലെ. അസ്തമയ ശോഭയില്‍ നൂലില്‍ കോര്‍ത്ത സ്വര്‍ണ്ണപ്പതക്കങ്ങളായി ഇഴയടുപ്പത്തോടെ അമ്പലപ്രാവുകള്‍ പള്ളിമിനാരങ്ങളിലേക്ക് ചേക്കേറി ഞങ്ങള്‍ മടങ്ങി.