മാനവികതയുടെ ശ്മശാനങ്ങള്‍

Articles

യാത്ര / ടി കെ ഇബ്രാഹിം

മനുഷ്യസംസ്‌കൃതിയുടെ ശേഷിപ്പുകള്‍ കാത്തുവച്ചിടത്തെല്ലാം പീഡനോപകരണങ്ങള്‍, പടച്ചട്ടകള്‍, ആയുധങ്ങള്‍ തുടങ്ങിയവയാണ് പ്രാഥമികമായി പ്രദര്‍ശനവസ്തുക്കള്‍. പുരാരേഖകളും കാര്‍ഷികോപകരണങ്ങളും ഉടയാടകളുമെല്ലാം പിന്‍ നിരയില്‍ മാത്രം. ലോകത്തിന്റെ വിവിധയിടങ്ങളില്‍ ഇന്നും തുടരുന്ന യുദ്ധങ്ങള്‍ ഈ പ്രദര്‍ശന വസ്തുക്കളുടെ പ്രാതിനിധ്യത്തെ സാധൂകരിക്കുന്നു. മ്യൂസിയങ്ങളുടെ പേരുകളെ സൂചിപ്പിക്കുന്നിടത്തെല്ലാം രാജ്യാന്തരമില്ലാതെ നാഗരികത, സംസ്‌കൃതി തുടങ്ങിയ ചേര്‍ച്ചയില്ലാത്ത പദങ്ങള്‍ കടന്നു കൂടിയത് മറ്റൊരു ഐറണി.

സഹസ്രാബ്ദങ്ങളുടെ പുനര്‍ജനി നീന്തിക്കടന്നിട്ടും മനുഷ്യനിന്നും ‘ഗസ ‘മുനമ്പില്‍ മൃതശരീരങ്ങള്‍ കൊണ്ട് ബുര്‍ജ് ഖലീഫയേക്കാള്‍ വലിയ മനുഷ്യനാഗരികതയെ സംബന്ധിച്ച ചോദ്യമുയര്‍ത്തുകയാണ്. തരുണരുടെ മാംസം യന്ത്രത്തിലരച്ച് രക്തത്തില്‍ കുഴച്ച് കുത്തിനിര്‍ത്തിയ അസ്തികളില്‍ അവര്‍ സയണിസ്റ്റ് ദുരധികാരത്തിന്റെ നിലയറ്റ സ്മാരകങ്ങള്‍ പണിതുയര്‍ത്തി കൊണ്ടേയിരിക്കുന്നു, ഭാവി പൗരന്റെ ചരിത്ര കൗതുകത്തിന് മുതല്‍ കൂട്ടായി.

ടാന്‍സാനിയയിലോ കെനിയയിലോ ആമസോണ്‍ കാടുകളിലോ, എന്നല്ലാ,ലോകത്തിലൊരിടത്തും ആനകളോ സിംഹങ്ങളോ മറ്റേതെങ്കിലും വന്യജീവിയോ രാഷ്ട്രീയാധികാരത്തിനായി യുദ്ധം നടത്തിയതായി കേട്ടുകേള്‍വിയില്ല. എന്തിന്, ഭക്ഷണത്തിനോ വാസസ്ഥലത്തിനോ വേണ്ടി പോലും. എന്നിട്ടും മനുഷ്യര്‍ നാഗരികതയെന്ന പേരില്‍ ചരിത്രസ്മാരകങ്ങള്‍ നിറയെ ആയുധങ്ങള്‍ നിരത്തിവച്ചിരിക്കുന്നു.

‘കഴുകാനീ മുഖം കഴുകാത്തതെന്തേ ?
ശവം തിന്മോര്‍ മുഖം കഴുകുന്നതെന്തിനായ് ?’

അതു ശരിയല്ല ‘ഞങ്ങള്‍ മനുഷ്യര്‍ ശവം തിന്നും മുഖം കഴുകി പൗഡറിട്ടിങ്ങു പോരു ‘മെന്ന കുഞ്ഞുണ്ണികവിതയിലെ അസംബന്ധ ആക്ഷേപഹാസ്യം ചിന്തിക്കുന്നവരെ അസ്വസ്ഥരാക്കുന്നു. ഇന്നലെ ഹിറ്റ്‌ലര്‍ ജൂതനെ, ഇന്ന് ജൂതരില്‍ രാഷ്ട്രീയാധികാരവും സമ്പത്തുമുള്ള മനുഷ്യാധമരായ ഒരു സംഘം കടന്നുകയറ്റക്കാര്‍ പാലസ്തീനില്‍ അവരല്ലാത്തവരെ വംശഹത്യ ചെയ്യുന്നു. ദുബായിലെ ചരിത്ര മ്യൂസിയം കണ്ടിറങ്ങേ, മനസ്സിലൂടെ കടന്നുപോയ ശ്ലഥചിന്തകളാണ് മുകളില്‍ പങ്കുവച്ചത്. മനുഷ്യചരിത്രം നിറയെ കരുണാരാഹിത്യത്തിന്റെ കണ്ണുനീര്‍ കഥകളാണ് അന്നും. ഇന്നും.