അറബി ഭാഷയുടെ തൊഴില്‍ സാധ്യത ഉപയോഗപ്പെടുത്തുക: അടൂര്‍ പ്രകാശ് എം പി

Thiruvananthapuram

തിരുവനന്തപുരം: അറബി ഭാഷ തുറന്നുതരുന്ന അനന്തമായ തൊഴില്‍ സാധ്യതകള്‍ കേരളം ഉപയോഗപ്പെടുത്തണമെന്ന് അഡ്വ. അടൂര്‍ പ്രകാശ് എം പി അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ വിശിഷ്യാ കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ പ്രധാന കാരണമായ ഗള്‍ഫ് കുടിയേറ്റത്തെ വേണ്ട വിധം ഇനിയും കേരളീയര്‍ക്ക് ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അസംഘടിത തൊഴില്‍ മേഖലകള്‍ വിട്ട് മറ്റുള്ള വിവര സാങ്കേതിക, അധ്യാപന രംഗങ്ങളിലേക്ക് കൂടി കടന്ന് ചെല്ലാന്‍ നമുക്കാകണം. പുതിയ ദേശീയ വിദ്യാഭ്യാസനയത്തില്‍ (എന്‍ ഇ പി 2020) ഭാഷാപഠനത്തോട് കേന്ദ്രം കാണിച്ച അവഗണനക്കെതിരെ ശക്തമായി പ്രതിഷേധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള സര്‍വകലാശാല അറബി വിഭാഗം സംഘടിപ്പിച്ച അന്താരാഷ്ട്ര അറബിഭാഷാദിനാഘോശം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ വിദ്യാഭ്യാസനയത്തിന്റെ അടിസ്ഥാനത്തില്‍ പാര്‍ലമെന്റില്‍ നടക്കുന്ന ചര്‍ച്ചകളില്‍ ഈ വിഷയം ഉന്നയിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദേശീയ വിദ്യാഭ്യാസനയത്തിലെ കാതലായ മാറ്റങ്ങളെ കുറിച്ച് വിവിധ കോണുകളില്‍ ചര്‍ച്ചകള്‍ നടക്കണമെന്ന് കേരള സര്‍വകലാശാല രജിസ്ട്രാര്‍ പ്രൊഫ. അനില്‍ കുമാര്‍ ചൂണ്ടികാണിച്ചു. പ്രത്യേകിച്ച് ഭാഷാപഠനം നമുക്ക് നല്‍കിയ ഭാവനാശേഷിയും ചിന്താമണ്ഡലങ്ങളും ആസ്വാദനകളും ഒരിക്കലും അവമതിക്കാന്‍ കഴിയില്ല. ഈ വിഷയത്തില്‍ പുതിയ പുതിയ ചര്‍ച്ചകള്‍ നടക്കുകയും അഭിപ്രായ രൂപീകരണങ്ങള്‍ നടക്കുകയും വേണം. അതിന് ഈ രംഗത്തുള്ള അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെയുള്ളവരും യുവജന കൂട്ടായ്മകളും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ അറബി ഭാഷയുടെ വളര്‍ച്ചയില്‍ നേതൃപരമായ പങ്ക് വഹിച്ച സി ഐ സി ജനറല്‍ സെക്രട്ടറി പ്രൊഫ. അബ്ദുല്‍ ഹകീം ഫൈസി ആദൃശ്ശേരിക്ക് സയ്യിദ് അബ്ദുല്‍ റഹ്മാന്‍ അസ്ഹരി എക്‌സലന്‍സി പുരസ്‌കാരം അദ്ദേഹം സമ്മാനിച്ചു. പുരസ്‌കാര ജേതാവിനുള്ള പ്രശസ്തിപത്രം സര്‍വകലാശാല രജിസ്ട്രാര്‍ പ്രൊഫ. അനില്‍ കുമാര്‍ നല്‍കി. വകുപ്പ് മേധാവി ഡോ നൗഷാദ് വാളാട് അധ്യക്ഷനായിരുന്ന യോഗത്തില്‍ ഡോ. താജുദ്ദീന്‍ മന്നാനി സ്വാഗതവും സര്‍വ്വകലാശാല സിണ്ടിക്കേറ്റ് അംഗം പ്രൊഫ. ഗോപ് ചന്ദ്രന്‍, മുന്‍ വകുപ്പ് മേധാവിമാരായ പ്രൊഫ. നിസാറുദീന്‍, പ്രൊഫ ഉബൈദ്, ഡോ സുഹൈല്‍, ഡോ. എസ്. എ. ഷാനവാസ്, അഷറഫ് കടക്കല്‍, സഈദ് മുസ്‌ലിയാര്‍ വിഴിഞ്ഞം, ഡോ. ഹഫീസ് പൂവച്ചല്‍, തമീമുദ്ധീന്‍ (കെ.എ.എം.എ.), ബീഗം ബേനസീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. അന്താരാഷ്ട്ര അറബി ഭാഷ ദിനത്തോടനുബന്ധിച്ചു നടന്ന നാഷണല്‍ ലെവല്‍ ക്വിസ് മത്സരത്തില്‍ ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് സര്‍വകലാശാല ഒന്നാം സ്ഥാനവും നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഇസ്‌ലാമിക് ഫോര്‍ കണ്ടംപററി സ്റ്റഡീസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

Leave a Reply

Your email address will not be published. Required fields are marked *