നഗരവസന്തം 21 മുതല്‍: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Thiruvananthapuram

തിരുവനന്തപുരം: കേരള റോസ് സൊസൈറ്റിയും ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും സംയുക്തമായി തിരുവനന്തപുരം കോര്‍പറേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന നഗരവസന്തം പുഷ്പമേള 21ന് ആരംഭിക്കും. വൈകീട്ട് കനകക്കുന്നില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുഷ്പമേളയുടെ ഉദ്ഘാടനം നിര്‍വഹിക്കും.

അലങ്കാരച്ചെടികളുടെയും പൂച്ചെടികളുടെയും പ്രദര്‍ശനത്തിനും വില്പനക്കും പുറമെ നൂറു കണക്കിന് ഇന്‍സ്റ്റലേഷനുകളും ചിത്രങ്ങളും വൈദ്യുത ദീപാലങ്കാരങ്ങളും കാഴ്ചക്കാര്‍ക്ക് വിരുന്നൊരുക്കും. ക്രിയേറ്റിവ് ആര്‍ട്ടിസ്റ്റായ ഹൈലേഷിന്റെ നേതൃത്വത്തില്‍ 100ഓളം കലാകാരന്മാരും തിരുവനന്തപുരം ഫൈന്‍ ആര്‍ട്‌സ് കോളെജിലെ 20ഓളം വിദ്യാര്‍ഥികളുമാണ് ഇന്‍സ്റ്റലേഷനുകളും ചിത്രങ്ങളും ഒരുക്കുന്നത്. അലങ്കാര മത്സ്യ പ്രദര്‍ശനവും ഫുഡ് കോര്‍ട്ടുമെല്ലാം ഒരുക്കി നൈറ്റ് ലൈഫിന്റെ ഭംഗി ആസ്വദിക്കാവുന്ന രീതിയില്‍ രാത്രി ഒരു മണിവരെ നീളുന്ന ആഘോഷങ്ങളാണ് നഗരവസന്തത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

റിഗാറ്റ കള്‍ച്ചറല്‍ സൊസൈറ്റിയുടെ 50ആം വാര്‍ഷികാഘോഷങ്ങളും നഗര വസന്തത്തോടൊപ്പം സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ദിവസവും വൈകുന്നേരം നിശാഗന്ധിയില്‍ കലാ സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും. സ്‌പെന്‍സര്‍ ജംഗ്ഷന്‍ മുതല്‍ കവടിയാര്‍ വരെയും, എല്‍ എം എസ് മുതല്‍ പി എം ജി വരെയും കോര്‍പറേഷന്‍ ഓഫീസ് മുതല്‍ ദേവസ്വം ബോര്‍ഡ് ജംഗ്ഷന്‍ വരെയും ഉള്ള റോഡിന്റെ ഇരുവശങ്ങളും നഗര വസന്തത്തിന്റെ ഭാഗമായി ഉദ്യാനം ഒരുക്കും. വെള്ളയമ്പലത്തുനിന്നും ശാസ്തമംഗലത്തേക്കും വഴുതക്കാട്ടേക്കുമുള്ള റോഡിന്റെ വശങ്ങളും പൂന്തോട്ടങ്ങള്‍ കീഴടക്കും.

Leave a Reply

Your email address will not be published. Required fields are marked *