മഞ്ചവിളാകം ഗവ. യു.പി.എസ്സിൽ “ക്രിയേറ്റീവ് കോർണർ” ഉദ്ഘാടനം ചെയ്തു

Thiruvananthapuram

തിരുവനന്തപുരം: പഠനപ്രവർത്തനങ്ങളെ തൊഴിലധിഷ്ഠിതമാക്കി മാറ്റുന്നതിലൂടെ അറിവു നിർമ്മാണം ആഹ്ലാദകരവും അർത്ഥവത്തായും മാറുകയും വിദ്യാർത്ഥികൾ വിദ്യാലയ കാലഘട്ടത്തിനു ശേഷമുള്ള സാമൂഹിക ജീവിതത്തിനു കൂടെ പ്രാപ്തരാവുകയും ചെയ്യുന്നതിന് കുട്ടികളെ പ്രാപ്തരാക്കുന്ന പുതിയ പദ്ധതിയാണ് “ക്രിയേറ്റീവ് കോർണർ”.

കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുമായി സഹകരിച്ച് സമഗ്രശിക്ഷാ കേരളം നടപ്പിലാക്കുന്ന “ക്രിയേറ്റീവ് കോർണർ” പദ്ധതിയുടെ ഉദ്ഘാടനം മഞ്ചവിളാകം ഗവ.യു.പി. എസ്സിൽ പാറശ്ശാല എം.എൽ.എ സി.കെ.ഹരീന്ദ്രൻ നിർവ്വഹിച്ചു.

തൊഴിലധിഷ്ഠിത പ്രക്രിയാബന്ധിത പഠന പ്രവർത്തനങ്ങളാണ് ക്രിയേറ്റീവ് കോർണറിലൂടെ പ്രാവർത്തികമാവുന്നത്. അപ്പർ പ്രൈമറി തലത്തിൽ കൃഷി, പ്ലംബിംഗ്, പാചകം, തടിപ്പണി, ഫാഷൻ ടെക്നോളജി, ഇലക്ട്രിക്കൽ വർക്സ്, ഇലക്ട്രോണിക്സ് എന്നിങ്ങനെ ഏഴു മേഖലകളിലെ ക്രിയാത്മക പ്രവർത്തനങ്ങൾക്കാണ് ഊന്നൽ കൊടുക്കുന്നത്.

വിദ്യാഭ്യാസത്തിലൂടെ കുട്ടികളുടെ സർവ്വതോന്മുഖമായ വികാസവും സാമൂഹികമായ സ്വയം പര്യാപ്തതയും തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ നടപ്പിലാക്കുന്നതിന് ഈ പദ്ധതി സഹായകമാകുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
കൊല്ലയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഡോ. നവനീത് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ പ്രശാന്ത്.എം.എസ് സ്വാഗതം ആശംസിച്ചു.
തിരു.ജില്ലാ പഞ്ചായത്തംഗം വി.എസ്. ബിനു, പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തംഗം കെ.വി. പത്മകുമാർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.സന്ധ്യ, വാർഡ് മെമ്പർ വി.ബിന്ദു, പഞ്ചായത്തംഗം വി.അനില , SMC ചെയർമാൻ എസ്. സന്തോഷ്കുമാർ, പാറശ്ശാല എ.ഇ.ഓ സുന്ദർദാസ്, എസ്. ജയചന്ദ്രൻ (BPC പാറശ്ശാല), സുമ, അധ്യാപകർ, പി.ടി.എ ഭാരവാഹികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.