കെ പി സി സിയുടെ പാലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി 23ന് കടപ്പുറത്തു തന്നെ; കെ സി വേണുഗോപാല്‍ എം പി ഉദ്ഘാടനം ചെയ്യും

Kerala

കോഴിക്കോട്: കെ പി സി സി പാലസ്തീന്‍ ഐക്യദാര്‍ഢ്യ മഹാറാലി 23ന് കോഴിക്കോട് കടപ്പുറത്തു തന്നെ നടത്താന്‍ അനുമതി ലഭിച്ചതായി സ്വാഗതസംഘം ചെയര്‍മാന്‍ എം കെ രാഘവന്‍ എം പിയും ജനറല്‍ കണ്‍വീനര്‍ ഡി സി സി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍കുമാറും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വ്യാഴാഴ്ച വൈകിട്ട് മൂന്നിന് ബീച്ചില്‍ പ്രത്യേകം സജ്ജീകരിക്കുന്ന ‘മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് നഗ’റില്‍ കെ പി സി സി പ്രസിഡന്റ് കെ. സുധാകരന്റെ അധ്യക്ഷതയില്‍ സംഘടനാ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തും. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യാതിഥിയാവും. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല പലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രതിജ്ഞ ചൊല്ലികൊടുക്കും. എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, മുന്‍ കെപിസിസി പ്രസിഡന്റുമാരായ കെ. മുരളീധരന്‍ എം പി, എം.എം ഹസ്സന്‍, ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍ എംപി, ഡോ. എം.കെ മുനീര്‍ എംഎല്‍എ, എഐസിസി സെക്രട്ടറിമാരായ വിശ്വനാഥ പെരുമാള്‍, റോജി എം. ജോണ്‍ എംഎല്‍എ എന്നിവര്‍ക്ക് പുറമെ സാമൂഹിക, സാംസ്‌കാരിക, മത രംഗത്തെ പ്രമുഖരും സംബന്ധിക്കും.

പലസ്തീന്‍ വിഷയത്തില്‍ കേവലം രാഷ്ട്രീയമുതലെടുപ്പ് മാത്രമാണ് സിപിഎം ലക്ഷ്യമിടുന്നതെന്ന് എം.കെ രാഘവന്‍ അഭിപ്രായപ്പെട്ടു. ബീച്ചില്‍ പരിപാടിക്ക് അനുമതി ലഭിക്കാതിരിക്കാന്‍ സിപിഎമ്മിന്റെ ഭാഗത്തു നിന്ന് ശക്തമായ ഇടപെടലുണ്ടായി. അതേ തുടര്‍ന്നാണ് ആദ്യം അനുമതി നിഷേധിച്ചത്. എന്നാല്‍ പരിപാടി നടത്തുമെന്നതില്‍ തങ്ങള്‍ ഉറച്ചു നില്‍ക്കുകയും വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ശക്തമാവുകയും ചെയ്തതോടെയാണ് ബീച്ചില്‍ പുതിയ വേദി അനുവദിച്ചത്.

പലസ്തീന്‍ വിഷയം മതപരമായ കാര്യമല്ല, മറിച്ച് മനുഷ്യാവകാശ പ്രശ്‌നം കൂടിയാണ്. ഇരകള്‍ക്കുവേണ്ടി ശബ്ദിക്കാനാണ് കോണ്‍ഗ്രസ് വേദി ചോദിച്ചത്. എന്നാല്‍ പലസ്തീനില്‍ മരിച്ചുവീഴുന്ന പിഞ്ചു കുഞ്ഞുങ്ങളുടെ രക്തത്തില്‍നിന്നും രാഷ്ട്രീയ ലാഭം ഉണ്ടാക്കാനാണ് സിപിഎം ശ്രമിച്ചത്. സദ്ദാം ഹുസൈന്റെ പേരില്‍ പോലും പ്രചാരണം നടത്തി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയ ചരിത്രം സിപിഎമ്മിനുണ്ട്. അല്പമെങ്കിലും ആത്മാര്‍ത്ഥത ഈ വിഷയത്തില്‍ സിപിഎമ്മിന് ഉണ്ടായിരുന്നെങ്കില്‍ കോണ്‍ഗ്രസിന്റെ റാലിക്ക് ഭരണകൂടം അനുമതി നിഷേധിക്കില്ലായിരുന്നു. പലസ്തീന്‍ ജനതക്കൊപ്പം സമാധാനത്തിനായ് എന്നും നിലകൊണ്ട പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് എംപി ചൂണ്ടിക്കാട്ടി.

വാര്‍ത്താസമ്മേളനത്തില്‍ കെപിസിസി ജനറല്‍ സെക്രട്ടറിമാരായ അഡ്വ.പി.എം നിയാസ്, അഡ്വ.കെ.ജയന്ത്, സെക്രട്ടറി കെ.പി നൗഷാദ് അലി, കെ.സി അബു, പി.എം അബ്ദുറഹ്മാന്‍ സംബന്ധിച്ചു.