കോഴിക്കോട്: ഫലസ്തീന്‍ ജനതയുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ ഐക്യരാഷ്ട്ര സഭയുടെ ഇടപെടലുകള്‍ ഉണ്ടാകണമെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി കണ്‍വന്‍ഷനില്‍ അവതരിപ്പിച്ച ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രമേയം ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി എം.കെ രാഘവന്‍ എംപിയാണ് പ്രമേയം അവതരിപ്പിച്ചത്. ഇസ്രയേല്‍ നടത്തുന്ന മനുഷ്യകുരുതിയെ കോണ്‍ഗ്രസ് ശക്തമായി അപലപിച്ചു.
ഫലസ്തീന് സ്വതന്ത്ര രാഷ്ട്രം എന്ന ന്യായമായ ആവശ്യത്തെ ഇന്ത്യ എക്കാലത്തും പിന്തുണച്ചിട്ടുണ്ട്. ഇന്ദിരാഗാന്ധിയുടേയും രാജീവ് ഗാന്ധിയുടേയും കാലത്ത് ഫലസ്തീനുമായുള്ള ഇന്ത്യയുടെ ബന്ധം അങ്ങേയറ്റം സുദൃഢവും ഊഷ്മളവുമായിരുന്നു. ഇസ്രയേലോ, ഫലസ്തീനോ ഏതു ഭാഗത്തു നിന്നു രക്തരൂക്ഷിത ആക്രമണമുണ്ടായാലും ഇന്ത്യ അതിനെ അതിശക്തമായി അപലപിച്ചിരുന്നു. കൃത്യമായ, ഗൗരവമാര്‍ന്ന ഇടപെടലുകള്‍ നടത്തി സമാധാനം നിലനിര്‍ത്താന്‍ ആവുന്നതൊക്കെ ഇന്ത്യാ മഹാരാജ്യം ചെയ്തിരുന്നു. എന്നാല്‍ ഇസ്രയേല്‍ ഫലസ്തീന്‍ വിഷയത്തില്‍ നിലവിലെ ഇന്ത്യന്‍ ഭരണകൂടത്തിന്റെ നിലപാട് അത്യധികം നിരാശാജനകവും ഇപ്പോഴത്തെ ആക്രമണ പ്രത്യാക്രമണങ്ങളോടു ഇന്ത്യന്‍ ഭരണകൂടം സ്വീകരിക്കുന്ന നിലപാട് യുദ്ധം അവസാനിപ്പിക്കാന്‍ ഒട്ടും പര്യാപ്തവുമല്ല.
ലോകരാജ്യങ്ങള്‍ക്കിടയില്‍ എല്ലാക്കാലത്തും സമാധാനത്തിന്റെ സന്ദേശവാഹകരായി നിന്ന രാജ്യമാണ് ഇന്ത്യ. ഇരു രാജ്യങ്ങള്‍ക്കിടയില്‍ നിലവില്‍ തുടരുന്ന സംഘര്‍ഷം അവസാനിപ്പിക്കാനും അടിയന്തര വെടിനിര്‍ത്തലിനും സമാധാന ചര്‍ച്ചകള്‍ ആരംഭിക്കാനും രാജ്യം മുന്നോട്ട് വരണമെന്നുമുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നിലപാടിനെ വര്‍ത്തമാന കാല ഇന്ത്യന്‍ ഭരണകൂടം മുഖവിലക്കെടുക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.