വിളയില്‍ പറപ്പൂര്‍: ഗവ. ആര്‍ട്‌സ് & സയന്‍സ് കോളേജ് കൊണ്ടോട്ടി മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയുമായി സഹകരിച്ച് ‘മാപ്പിളപ്പാട്ടും മലയാള സിനിമയും’ എന്ന വിഷയത്തില്‍ സെമിനാറും കോളേജ് ഫിലിം ക്ലബ്ബ് ഉദ്ഘാടനവും നടത്തി. മാപ്പിളപ്പാട്ടുകളെ ജനകീയ വല്‍ക്കരിക്കുന്നതില്‍ സിനിമയുടെ പങ്ക് അവിസ്മരണീയമാണെന്ന് സെമിനാര്‍ അഭിപ്രായപ്പെട്ടു.
പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ അമ്പിളി ഉദ്ഘാടനം ചെയ്തു. നൂതന സാങ്കേതിക വിദ്യകള്‍ സിനിമയുടെ ഘടനയില്‍ പോലും കാര്യമായ മാറ്റം വരുത്തുന്നുണ്ടെന്നും അത് പുത്തന്‍ പരീക്ഷണങ്ങള്‍ക്ക് വേദി തുറന്നിട്ടിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സമൂഹത്തിന് വേണ്ട കാര്യങ്ങള്‍ മാത്രമാണ് സിനിമ നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മാപ്പിള കലാ അക്കാദമി സെക്രട്ടറി ബഷീര്‍ ചുങ്കത്തറ അധ്യക്ഷത വഹിച്ചു. പുലിക്കോട്ടില്‍ ഹൈദരലി, അനില്‍ മങ്കട, അബ്ദുല്‍ ലത്തീഫ് കാമ്പുറവന്‍, ഡോ. വിനേഷ് ഒ പി, രജില. ഒ.പി , അബ്ദുള്‍ നാസര്‍ കെ, എം.സി. ബാവ, ശിബിലി എന്നിവര്‍ സംസാരിച്ചു. മലയാള വിഭാഗം മേധാവി പ്രവീണ്‍രാജ് സ്വാഗതവും അനഘ നന്ദിയും പറഞ്ഞു.