അറ്റ്‌ലാന്‍റിക് സമുദ്രത്തില്‍ എത്ര ടീസ്പൂണ്‍ വെള്ളമുണ്ടോ അത്രയും തന്മാത്രകള്‍, Molecules, ഒരു ടീസ്പൂണ്‍ സമുദ്രജലത്തിലുണ്ട്

Articles

ചിന്ത / എ പ്രതാപന്‍

നാസി തടങ്കല്‍പാളയങ്ങളിലെ തടവുകാരനായിരുന്ന പ്രശസ്തനായ രസതന്ത്രജ്ഞന്‍ പ്രിമോ ലെവി തന്റെ ലേഖനങ്ങളൊന്നില്‍ R.Houwink എന്ന മറ്റൊരു ശാസ്ത്രജ്ഞന്‍ എഴുതിയ The Odd Book of Data, വസ്തുതകളുടെ വിചിത്ര പുസ്തകം, എന്ന പുസ്തകത്തെ പരാമര്‍ശിക്കുന്നുണ്ട്. നമ്മുടെ സാമാന്യ ബുദ്ധിക്ക് ഏതാണ്ട് അപ്രാപ്യമായ സ്ഥൂലപ്രപഞ്ചത്തിന്റെ വലിപ്പവും സൂക്ഷ്മപ്രപഞ്ചത്തിന്റെ ചെറുപ്പവും വിശദീകരിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. വലിപ്പത്തെ വിശദീകരിക്കുന്നതില്‍ ജ്യോതിശാസ്ത്രവും ചെറുപ്പത്തെ വിശദീകരിക്കുന്നതില്‍ ന്യൂക്ലിയര്‍ ഫിസിക്‌സുമാണ് ഏറ്റവും ബുദ്ധിമുട്ടുന്നതെന്ന് അദ്ദേഹം പറയുന്നു. കേവലമായ കണക്കുകള്‍ കൊണ്ട് വിനിമയം ബുദ്ധിമുട്ടാകുന്ന ചില കാര്യങ്ങള്‍ ചില താരതമ്യങ്ങളിലൂടെ പറയാനാണ് ആ പുസ്തകം ശ്രമിക്കുന്നത്.

സൗരയൂഥം ഉള്‍പ്പെട്ട നമ്മുടെ ഗാലക്‌സിയില്‍, സൗരയൂഥത്തില്‍ നിന്ന് ഒരാള്‍ക്ക് രക്ഷപ്പെടണം എന്ന് തോന്നിയാല്‍, നമ്മുടെ ഗാലക്‌സിയില്‍ തന്നെ മുപ്പതോളം സൗരയൂഥങ്ങള്‍ ലഭ്യമാണ്. (ദൃശ്യമായ പ്രപഞ്ചത്തില്‍ 200 ബില്യണ്‍, 200 നൂറ് കോടികള്‍, മുതല്‍ 2 ട്രില്യണ്‍ വരെ ഗാലക്‌സികള്‍ ഉള്ളതായി കണക്കാക്കപ്പെടുന്നു. ഓരോ ഗാലക്‌സിയുടെയും വ്യാസം ഏതാണ്ട് മൂവായിരം മുതല്‍ മൂന്ന് ലക്ഷം വരെ പ്രകാശവര്‍ഷങ്ങളാണ്. ഓരോ ഗാലക്‌സികള്‍ക്കിടയിലെ പരസ്പര അകലങ്ങളും ദശലക്ഷക്കണക്കിന് പ്രകാശവര്‍ഷങ്ങളാണ്).

അറ്റ്‌ലാന്റിക് സമുദ്രത്തില്‍ എത്ര ടീസ്പൂണ്‍ വെള്ളമുണ്ടോ, അത്രയും തന്മാത്രകള്‍, ാീഹലരൗഹല െ,ഒരു ടീസ്പൂണ്‍ സമുദ്രജലത്തില്‍ ഉണ്ട്. ഇനി ഇലക്ട്രോണുകളുടെ വ്യാസത്തെ കുറിച്ച് ഒരു കണക്ക്. 3000 ആ.ഇ യില്‍ നോഹ, ഒരു ചരടില്‍ ഒരു സെക്കന്‍ഡില്‍ ഒന്ന് എന്ന കണക്കില്‍, ദിവസേന എട്ട് മണിക്കൂര്‍ ഇലക്ട്രോണുകളെ കോര്‍ക്കാന്‍ തുടങ്ങിയിരുന്നുവെങ്കില്‍, ആ മാലക്ക് ഇപ്പോള്‍ ഒരു മില്ലിമീറ്ററിന്റെ പത്തില്‍ രണ്ട് നീളം മാത്രം ഉണ്ടാകുമായിരുന്നു. ഒരു ഘനസെന്റിമീറ്റര്‍ മണ്ണില്‍ ഉള്ള സൂക്ഷ്മ ജീവികളുടെ എണ്ണം ഈ ലോകത്തിലെ മുഴുവന്‍ മനുഷ്യരുടെ ജനസംഖ്യയോളം വരും. കൂടുതല്‍ നീട്ടുന്നില്ല. ഇത്തരം ഏതാണ്ട് ഇരുനൂറോളം വസ്തുതകളാണ് ആ പുസ്തകത്തില്‍ ഉള്ളത്.

സിംബോഴ്‌സ്‌കയുടെ ചില കവിതകളില്‍, സൂക്ഷ്മദര്‍ശനിയില്‍ കാണുന്ന പ്രപഞ്ചത്തെ കുറിച്ചും , പൈ ജശ എന്ന സംഖ്യയുടെ 3.141592653589793238462643383279502884197……. ഒരിക്കലും അവസാനിക്കാതെ നീണ്ടു പോകുന്ന വാലിനെ കുറിച്ചും , ഇത്തരം ചില ദര്‍ശനങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്.

നമ്മുടെ ലോകവും കാലവും എന്നെ ഞെരുക്കുന്നതായി തോന്നുന്ന ചില നേരങ്ങളില്‍, ആ നേരങ്ങള്‍ ഇപ്പോള്‍ കൂടി വരുന്നു, ഞാന്‍ ഈ കാര്യങ്ങള്‍ വീണ്ടും വീണ്ടും ഓര്‍ക്കുന്നു. നമ്മുടെ കൊട്ടി ഘോഷിക്കപ്പെടുന്ന പല വലിപ്പങ്ങളും എത്ര ചെറുപ്പങ്ങളാണെന്ന്, നമ്മുടെ പല ചെറുപ്പങ്ങളും എത്ര വലിപ്പങ്ങളാണെന്ന് അറിയാന്‍, അത്രയൊക്കെയേ ഉള്ളൂ എന്ന് സമാധാനിക്കാന്‍. ആ പുസ്തകത്തിലെ പല വസ്തുതകളും കാലബദ്ധമാണ്. അതിന് ശേഷം സ്ഥൂലപ്രപഞ്ചം കൂടുതല്‍ വലുതാകുകയും സൂക്ഷ്മപ്രപഞ്ചം കൂടുതല്‍ ചെറുതാകുകയും ചെയ്തു.