വിപൽ സന്ദേശം / സി ആർ പരമേശ്വരൻ
നികുതിപ്പിരിവിന്റെയും നികുതിച്ചോർച്ചയുടെയും കാര്യം തന്നെ. ഇന്ത്യയിലെ 4 പഴയ മെട്രോകളും എട്ടോ പത്തോ tier 2 മെട്രോകളും കണക്കിലെടുത്താൽ വ്യാപാരവ്യവസായ ഊർജസ്വലതയുടെ കാര്യത്തിലും നികുതിവരുമാനത്തിന്റെ കാര്യത്തിലും കേരളം സഖാക്കൾക്ക് മാത്രം രോമാഞ്ചം നൽകുന്ന ഇന്ത്യയുടെ കോണകവാലാണ്. സെൻട്രൽ മുംബൈയിലെ ഒരു തെരുവിൽ നടക്കുന്ന വ്യാപാരമോ നികുതി വരുമാനമോ പോലും ഒരു പക്ഷെ മുഴുവൻ കേരളത്തിൽ നിന്നും ഉണ്ടാവാൻ ഇടയില്ല.
അവിടങ്ങളിൽ ഒക്കെ ഹഫ്‌ത വാങ്ങുന്ന ഗുണ്ടകളും മാഫിയകളും ഉണ്ട്. കേരളവുമായി വലിയ വ്യത്യാസമില്ലാത്ത രാഷ്ട്രീയസംസ്കാരം ആണെങ്കിലും ഇത്രയധികം ‘ജനസേവനോൽസുക’രായ രാഷ്ട്രീയത്തൊഴിലാളികൾ,പ്രച്ഛന്നഗുണ്ടകൾ,പക്ഷെ,അവിടെ ഉണ്ടെന്ന് തോന്നുന്നില്ല.
കമ്മി -സംഘി -കൊങ്ങി രാഷ്ട്രീയ പരാദങ്ങൾ പ്രാദേശികതലം മുതൽ കേന്ദ്രതലം വരെയുള്ള പാർട്ടിയുടെയും പോഷകസംഘടനകളുടെയും നടത്തിപ്പിനും സമ്മേളനങ്ങൾക്കും,കളക്ട്രേറ്റ് വളയൽ പോലുള്ള ‘മാസമുറ’ സമരങ്ങൾക്കും, വ്യക്തിപരമായ ആവശ്യങ്ങൾക്കും വ്യാപാരി -വ്യവസായികളെ പിഴിയും. നികുതി റെയ്‌ഡിൽ പിടിച്ചെടുക്കുന്ന കണക്ക് പുസ്തകങ്ങളിൽ എല്ലാ പാർട്ടികളുടെയും പല മഹാന്മാരുടെയും പേരുകൾ കാണാം.ഉദാഹരണത്തിന്,നാലഞ്ച് കൊല്ലം മുൻപ് കരിമണൽ മുതലാളിയുടെ കണക്ക് പുസ്തകത്തിൽ അഴിമതി വിരുദ്ധനായ, വായോധികനായ വയലാർ സമരഭടന്റെ പേരിലും 10 ലക്ഷം രൂപ!അപ്പോൾ കണ്ണൂർ കൊള്ളക്കാരുടെയൊക്കെ കാര്യം പറയണോ. ഇതിന് പുറമെ ഉദ്യോഗസ്ഥന്മാരും പോലീസുകാരും.
ഇത്ര വിപുലമായ തോതിൽ സർവർക്കും വായ്ക്കരിയിടുന്ന വ്യാപാരി -വ്യവസായികൾ പിന്നെ ശരിയായി നികുതി അടക്കുമോ?മലകളും കുന്നുകളും പുഴകളും ബാക്കി വച്ചേക്കുമോ? ഏതെങ്കിലും പരിസ്ഥിതി നിയമങ്ങൾ അനുസരിക്കുമോ?
നികുതിക്കു മുൻപും നികുതിപ്പണത്തിൽ നിന്നും ധൂർത്തും കൊള്ളയും നടക്കുന്ന ഈ സംസ്ഥാനം ഈ വിധത്തിൽ എങ്കിലും നിലനിൽക്കുന്നു എന്നതിൽ യുക്തിവാദികൾ പോലും ദൈവത്തോട് നന്ദി പറയുകയല്ലേ വേണ്ടത്?