ചിന്ത / എസ് ജോസഫ്
നമ്മുടെ ജീവിതത്തില്‍ കുറഞ്ഞ പക്ഷം മലയാളം ഇംഗ്ലീഷ് സംസ്‌കൃതം തമിഴ് ഹിന്ദി എന്നീ ഭാഷകള്‍ കൂടിയും കുറഞ്ഞും ഉണ്ട്. അതേ, നമ്മള്‍ സമ്പന്നരാണ്. സ്വന്തമായ ഒരു ഭാഷയുള്ളതിനാല്‍ സ്വത്വം ഉള്ളവരാണ് . സ്വന്തം ഭാഷ വിലക്കപ്പെട്ട സമൂഹങ്ങള്‍ ഉണ്ടായിരുന്നു. സ്വന്തം ഭാഷ ഉപേക്ഷിക്കേണ്ടിവന്ന , മറന്ന സമൂഹങ്ങളും ഉണ്ട്. സ്വന്തം ഭാഷ മരിച്ചു പോയ മനുഷ്യര്‍ ഉണ്ട് . സ്വന്തം ഭാഷ അറിയാത്തവരും ഉണ്ട്. ജീവിതമാണ് മുഖ്യം ഭാഷയല്ല. ഏതെങ്കിലും ഭാഷ ഉപയോഗിക്കുക എന്നേയുള്ളു . ഒരു നേരത്തെ ആഹാരത്തിന് യാചിക്കുമ്പോള്‍ ഭാഷ അനാവശ്യമായേക്കാം. ടാങ്കുകള്‍ക്കും മിസൈലുകള്‍ക്കും മുന്നില്‍ ഭാഷയില്ല. കടുത്ത അനീതികള്‍ക്കും ഏകാധിപത്യത്തിനും പ്രത്യയശാസ്ത്ര ഭീകരതയ്ക്കും ഫാഷിസത്തിനും മുന്നില്‍ വാക്കുകളും ഗ്രാമറും നഷ്ടപ്പെട്ട് മൗനത്തിലേക്ക് ഒരു രാജ്യം മുഴുവനും മടങ്ങുമോ?
വാക്കുകളെല്ലാം നഷ്ടപ്പെട്ട ഭാഷയുടെ ഗ്രാമര്‍ നില നില്‍ക്കുന്നില്ല. ഒരു വാക്കെങ്കിലും അവശേഷിച്ചിരുന്നെങ്കില്‍ ഗ്രാമര്‍ മരിക്കില്ലായിരുന്നു. അവസാനത്തെ വാക്കും നഷ്ടപ്പെട്ടപ്പോള്‍ ഗ്രാമറിന്റെ അവസാനത്തെ അടിസ്ഥാനവും പോയ് മറഞ്ഞു.
ഭാഷയും ഗ്രാമറും എടുത്താല്‍ ഗ്രാമറാണ് മുഖ്യം . എന്നാല്‍ വാക്കുകള്‍ മുഴുവനും നശിച്ചു പോയ ഭാഷയ്ക്ക് പിന്നെ ഗ്രാമറും ഇല്ല. തീവണ്ടി ഓടാതായ പാളങ്ങള്‍ അവിടെ കാണാം. പക്ഷേ ഭാഷയുടെ പാളങ്ങള്‍ അവിടെ ഉണ്ടാവില്ല . ഗ്രാമര്‍ അദൃശ്യമാണ്. ഗ്രാമറിനെ വിശദീകരിക്കാം. പ്രത്യയങ്ങളോ , വ്യവസ്ഥകളോ ഒക്കെ ഉള്ളതായി ചൂണ്ടിക്കാട്ടാം. ഗ്രാമറിനെ വിശദീകരിക്കാന്‍ വാക്കുകള്‍ വേണം.
ഞാന്‍ ഇക്കാലം വരെ വിചാരിച്ചത് ഗ്രാമര്‍ ആണ് പ്രധാനമെന്നാണ്. മനഷ്യര്‍ ഇല്ലാത്തിടത്ത് ജീവിതം ഇല്ലാത്ത പോലെ വാക്കുകള്‍ ഇല്ലാത്തിടത്ത് ഗ്രാമറുമില്ല എന്ന് ഇപ്പോള്‍ മനസിലാക്കുന്നു.