കല്പറ്റ: മേപ്പാടി മുതല്‍ ചൂരല്‍മല വരെയുള്ള 12.800 കിലോമീറ്റര്‍ ദൂരം ടാറിംഗിനു വേണ്ടി പൊളിച്ചിട്ടിട്ടും പുനര്‍നിര്‍മ്മിച്ചില്ലെന്ന നാട്ടുകാരുടെ പരാതിയും റോഡിന്റെ ഇന്നത്തെ അവസ്ഥയും കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ മേപ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി.
ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ ലിമിറ്റഡ് പ്രദേശത്തെ ആയിരക്കണക്കിനാളുകളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുകയാണെന്ന പരാതിയിലാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥിന്റെ ഉത്തരവ്. മേപ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 40 വര്‍ഷത്തോളം പഴക്കമുള്ള ടാറിട്ട റോഡ് നിരവധി വര്‍ഷങ്ങളായി പൊളിഞ്ഞുകിടക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കിഫ്ബി ഫണ്ടില്‍ നിന്നും റോഡ് നവീകരിക്കാന്‍ മൂന്ന് വര്‍ഷം മുമ്പ് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 13 കിലോമീറ്ററോളമുള്ള റോഡിന്റെ പകുതിഭാഗം ഹാരിസണ്‍ മലയാളം കമ്പനിയിലൂടെയാണ് കടന്നുപോകുന്നത്. റോഡ് വികസനത്തിനായി എസ്‌റ്റേറ്റ് അധികാരികളുടെ എതിര്‍പ്പ് കാരണം നവീകരണം നടത്താന്‍ കഴിഞ്ഞിട്ടില്ല.
ജനപ്രതിനിധികള്‍ എസ്‌റ്റേറ്റ് അധികൃതരുമായി സംസാരിച്ചെങ്കിലും തീരുമാനമായില്ല. ഭൂമി സംബന്ധിച്ച് കേസ് കോടതിയില്‍ നടക്കുകയാണ്. പോളിടെക്‌നിക്കും നിരവധി വിദ്യാലയങ്ങളുമുള്ള വിനോദസഞ്ചാര കേന്ദ്രമായ ഇവിടെ വലിയ യാത്രാക്ലേശമാണ് അനുഭവെപെടുന്നത്. വിഷയം കോടതിയിലായതിനാല്‍ കമ്മീഷന് തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ പരിമിതിയുണ്ടെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. എന്നാല്‍ വിഷയം കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാവുന്നതാണ്. മേപ്പാടി ഗ്രാമപഞ്ചായത്തംഗം അജ്മല്‍ സാജിദ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.