സ്ത്രീധന പീഢനം ലജ്ജാകരം: കേരള ജംഇയ്യത്തുല്‍ ഉലമ

Kozhikode

കോഴിക്കോട്: സ്ത്രീധനം ആവശ്യപ്പെട്ടതിന്റെ പേരില്‍ തിരുവനന്തപുരത്ത് പി ജി ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവം കേരളത്തിലെ സാമൂഹ്യാന്തരീക്ഷത്തിന്റെ ഏറ്റവും പൈശാചികമായ മുഖമാണ് വ്യക്തമാക്കുന്നതെന്ന് കേരള ജംഇയ്യത്തുല്‍ ഉലമ ചൂണ്ടിക്കാട്ടി. നിയമം മൂലം നിരോധിക്കപ്പെട്ടിട്ടുപോലും വിദ്യാ സമ്പന്നര്‍ക്കിടയിലടക്കം ഈ ദുരാചാരം നിലനില്‍ക്കുന്നവെന്നത് ദുഃഖകരമാണ്.

പെണ്‍കുട്ടിയുടെ ആത്മഹത്യക്ക് കാരണക്കാരായവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. ആത്മഹത്യ കുറിപ്പിലെ വാചകങ്ങളായി പുറത്ത് വന്നവ മനസ്സാക്ഷിയുള്ളവരെ മുഴുവന്‍ വേദനിപ്പിക്കുന്നതാണ്. മുജാഹിദ് പ്രസ്ഥാനം അതിന്റെ രൂപീകരണകാലം മുതല്‍ സ്ത്രീധനത്തിനെതിരെ പോരാട്ടം നടത്തിയിട്ടുണ്ട്. ഇനിയും ശക്തമായ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ മത സാമൂഹ്യ സാംസ്‌കാരിക സംഘടനകള്‍ തയ്യാറാവണം.

അതോടൊപ്പം തന്നെ പ്രശ്‌നങ്ങളെ നേരിടാനാണ് യുവാക്കളും വിദ്യാര്‍ഥികളും തയ്യാറാവേണ്ടതെന്നും കെ ജെ യു ഓര്‍മിപ്പിച്ചു. നിസ്സാരമായ കാര്യങ്ങള്‍ക്ക് ആത്മഹത്യ പരിഹാരമായി കാണുന്ന അവസ്ഥക്ക് മാറ്റമുണ്ടാവണം. പ്രശ്‌നങ്ങളില്‍ ഒപ്പം നില്‍ക്കാന്‍ കുടുംബവും സമൂഹവും ഉണ്ടാകുമെന്ന ബോധം യുവതലമുറക്ക് പകര്‍ന്നു നല്‍കാന്‍ സാധിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് ആത്മ വിശ്വാസം പകരുന്ന തരത്തില്‍ ഇടപെടാന്‍ രക്ഷിതാക്കളും അധ്യാപകരും ജാഗ്രത കാണിക്കണമെന്നും കെ ജെ യു പ്രസിഡന്റ് എം മുഹമ്മദ് മദനി ആഹ്വാനം ചെയ്തു.