മലപ്പുറത്തിനെതിരായ വിദ്വേഷ പ്രചാരണം, മുഖ്യമന്ത്രിയെ സി പി എം തിരുത്തിക്കണം: കെ എന്‍ എം മര്‍കസുദ്ദഅവ

Kozhikode

കോഴിക്കോട് : മലപ്പുറത്തിനും അവിടുത്തെ ജനങ്ങള്‍ക്കുമെതിരെ തീവ്രവാദ ചാപ്പകുത്തുന്ന സംഘ്പരിവാറിന്റെ വിദ്വേഷ പ്രചാരണത്തിന് മുഖ്യമന്ത്രി തന്നെ കുട പിടിക്കുന്നത് കടുത്ത അപരാധമാണെന്ന് കെ.എന്‍.എം മര്‍കസുദഅവ സംസ്ഥാന പ്രസിഡന്റ് ഡോ. ഇ.കെ അഹ്മദ്കുട്ടിയും ജനറല്‍ സെക്രട്ടറി സി.പി ഉമര്‍ സുല്ലമിയും പ്രസ്താവനയില്‍ പറഞ്ഞു.

സംസ്ഥാനത്ത് പോലീസും സംഘ്പരിവാറും തമ്മിലുള്ള കൂട്ടുകെട്ട് സര്‍ക്കാര്‍ അറിവോടെയാണെന്ന ആരോപണത്തെ ശരിവെക്കുകയാണ് മലപ്പുറത്തിനെതിരായ അടിസ്ഥാനരഹിതമായ ആരോപണത്തിലൂടെ മുഖ്യമന്ത്രി ചെയ്തിട്ടുള്ളത്. ഒരു ജനവിഭാഗത്തെ ഒന്നടങ്കം തീവ്രവാദ ചാപ്പകുത്തി ഒറ്റപ്പെടുത്താ നുള്ള സംഘ്പരിവാര്‍ ഗൂഢപദ്ധതിക്ക് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി തന്നെ വളം വെച്ചു കൊടുക്കുന്നത് പൊറുപ്പിക്കാവതല്ല.

മുഖ്യമന്ത്രിയുടെ വഴിവിട്ട പോക്കിനെ നിയന്ത്രിക്കാന്‍ സി.പി എമ്മും എല്‍. ഡി.എഫും തയ്യാറാവണം. എ.ഡി.ജി.പിയുടെ കാര്യത്തില്‍ ശക്തമായ നിലപാടെടുത്ത സി.പി ഐയെപോലെ സി.പി.എമ്മും സര്‍ക്കാറിന്റെ തെറ്റായ നയങ്ങളെ തിരുത്തിക്കാന്‍ തയ്യാറായില്ലെങ്കില്‍ ബംഗാളിലെയും ത്രിപുരയിലെയും തിരിച്ചടി കേരളത്തിലും ആവര്‍ത്തിക്കുമെന്നത് ബോധ്യമുണ്ടായിരിക്കണം.

രാജ്യത്തെ ഒട്ടേറെ വിമാനത്താവളങ്ങള്‍ കേന്ദ്രികരിച്ച് സ്വര്‍ണക്കടത്തും കള്ളപ്പണ വിനിമയവും നടക്കുന്നുണ്ടെന്നിരിക്കെ മലപ്പുറത്തെത് മാത്രം ഒരു ജനവിഭാഗത്തിനു നേരെയുള്ള അപവാദ പ്രചാരണത്തിന് ആയുധമാക്കുന്നത് മുഖ്യമന്ത്രി പദവിക്ക് ചേര്‍ന്നതല്ല. താല്കാലിക രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഹിന്ദുത്വ അജണ്ട ഏറ്റെടുത്താല്‍ അത് ഇടതുപക്ഷത്തിനല്ല സംഘ്പരിവാറിനാണ് ഗുണം ചെയ്യുകയെന്ന തിരിച്ചറിവ് വേണം. കേരളം സംഘ്പരിവാറിന്റെ കരാള ഹസ്തങ്ങളിലകപ്പെടാതിരിക്കാന്‍ മുസ്‌ലിം സമൂഹത്തിനും മലപ്പുറം ജില്ലക്കുമെതിരെ ഉന്നയിച്ച അടിസ്ഥാനരഹിതമായ പ്രസ്താവന തിരുത്താന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്ന് ഡോ. ഇ.കെ അഹ്മദ് കുട്ടിയും സി.പി ഉമര്‍സുല്ലമിയും ആവശ്യപ്പെട്ടു.