മകള്‍ക്കൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കവെ റോഡിലേക്ക് തെറിച്ചുവീണ വീട്ടമ്മ സ്‌കൂള്‍ ബസിനടിയില്‍പ്പെട്ട് മരിച്ചു

Thiruvananthapuram

തിരുവനന്തപുരം: സ്‌കൂട്ടറില്‍ മകള്‍ക്കൊപ്പം സഞ്ചരിച്ച വീട്ടമ്മ അപകടത്തില്‍ മരിച്ചു. പാറശാല കൊല്ലങ്കോട് വെങ്കഞ്ഞി ആനാട് മറുവത്തലക്കല്‍ പങ്കജാക്ഷ വിലാസത്തില്‍ പത്മകുമാരി (48) ആണ് മരിച്ചത്.

ചെറുവാരക്കോണം കിണറ്റ്മുക്കിന് സമീപമാണ് അപകടം നടന്നത്. ഇവരുടെ മകള്‍ കൃഷ്ണപ്രിയയുടെ സ്‌കൂട്ടറിന് പുറകിലിരുന്ന് കൊല്ലങ്കോട്ടേക്ക് പോകുകയായിരുന്നു പത്മകുമാരി. റോഡുവക്കിലെ പുരയിടത്തില്‍ നിന്ന പുളിമരം മുറിച്ചതിന്റെ ഇലയിലും മറ്റ് അവശിഷ്ടങ്ങളിലും തെന്നി നിയന്ത്രണം തെറ്റി സ്‌കൂട്ടര്‍ മറിയുകയായിരുന്നു. പത്മകുമാരി റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഈ സമയം പുറകില്‍ നിന്ന് വന്ന തമിഴ്‌നാട്ടിലെ സ്വകാര്യ സ്‌കൂളിലെ വാന്‍ തലയിലൂടെ കയറിയിറങ്ങി തല്‍ക്ഷണം മരിക്കുകയായിരുന്നു.

കൃഷ്ണപ്രിയക്ക് കാലില്‍ പൊട്ടലുണ്ട്. മൃതദേഹം പാറശാല ഗവ.താലൂക്കാശുപത്രി മോര്‍ച്ചറിയില്‍. പാറശാല പൊലീസ് കേസെടുത്തു.