ശബരിമല: അയ്യനെകാണാന്‍ മലചവിട്ടിയെത്തുന്ന അയ്യപ്പഭക്തര്‍ക്ക് ആശ്വാസവുമായി സന്നിധാനത്തെ ആയുര്‍വേദ ആശുപത്രിയിലെ മസാജ് ചികിത്സ. പ്രതിദിനം എഴുന്നൂറോളം പേരാണ് ആയുര്‍വേദ ആശുപത്രിയിലെ മസാജ് സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതെന്ന് ആയുര്‍വേദ ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.കെ. വിനോദ് കുമാര്‍ പറഞ്ഞു. ഈ സീസണില്‍ ഇതുവരെ 25,109 പേരാണ് സന്നിധാനം ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്.
കിലോമീറ്ററുകളോളം നീണ്ട കുത്തനെയുള്ള കയറ്റം താണ്ടി കടുത്ത പേശിവേദനയും സന്ധിവേദനയുമായി സന്നിധാനത്തെത്തുന്ന അയ്യപ്പഭക്തര്‍ക്കു വലിയ ആശ്വാസമാണ് ആയുര്‍വേദ ആശുപത്രിയിലെ തിരുമ്മല്‍ ചികിത്സ. ഭക്തര്‍ക്കായി രണ്ടു തെറപ്പിസ്റ്റുകളുടെ സേവനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്‍ഫ്രാറെഡ് രശ്മികള്‍ ഉപയോഗിച്ചുള്ള ചികിത്സ, മര്‍മ്മചികിത്സ എന്നിവയും ഭക്തര്‍ക്കായി ആശുപത്രിയില്‍ ഒരുക്കിയിട്ടുണ്ട്.
ഭക്തര്‍ക്കൊപ്പം സന്നിധാനത്തെ പൊലീസ് ഉള്‍പ്പെടെയുള്ള സേവനരംത്തുള്ളവരും ആയുര്‍വേദ ചികിത്സയുടെ സൗകര്യം പ്രയോജനപ്പെടുത്തുന്നുണ്ട്. കൂടാതെ വിവിധ രോഗങ്ങള്‍ക്കുള്ള സൗജന്യ ചികിത്സയും മരുന്ന് വിതരണവും ആശുപത്രിയില്‍ ഭക്തര്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഔഷധക്കൂട്ടുകള്‍ ചേര്‍ത്ത് ആവി പിടിക്കാനുള്ള സൗകര്യവും സജ്ജീകരിച്ചിട്ടുണ്ട്.
തീര്‍ഥാടകരുടെ സൗകര്യാര്‍ഥം പമ്പ, സന്നിധാനം എന്നിവിടങ്ങളിലായി രണ്ട് ആയുര്‍വേദ ആശുപത്രികളാണ് പ്രവര്‍ത്തിക്കുന്നത്. 14 അംഗ സംഘമാണ് സന്നിധാനത്തെ ആയുര്‍വേദ ആശുപത്രിയില്‍ സേവനത്തിന് ഉള്ളത്. മെഡിക്കല്‍ സൂപ്രണ്ട് ഉള്‍പ്പെടെ അഞ്ച് ഡോക്ടര്‍മാര്‍, മൂന്ന് ഫാര്‍മസിസ്റ്റുകള്‍, രണ്ട് തെറപ്പിസ്റ്റുകള്‍, മൂന്ന് അറ്റന്‍ഡര്‍, ഒരു ശുചീകരണ തൊഴിലാളി, ദേശീയ ആയുഷ് ദൗത്യത്തിന്റെ രണ്ട് പാര്‍ട്ട് ടൈം ജീവനക്കാരുമടങ്ങിയതാണ് സംഘം.