പത്തനംതിട്ട: പ്രണയപ്പകയില്‍ യുവതി കാമുകന്റെ വീടിന് തീയിട്ടു. പത്തനംതിട്ട പേഴുംപാറ സ്വദേശി രാജ്കുമാറിന്റെ വീടിനാണ് കാമുകി സുനിത തീയിട്ടത്. ഇരുവരും തമ്മിലുള്ള അവിഹിത ബന്ധമറിഞ്ഞ് രാജ്കുമാറിന്റെ ഭാര്യ വിവാഹമോചനം നേടിയിരുന്നു. എന്നിട്ടും തന്നെ വിവാഹം കഴിക്കാത്തതിന്റെ വിരോധത്തിലാണ് യുവതിയുടെ കടുംകൈ പ്രയോഗം. രാജ്കുമാറിന്റെ ബൈക്കും യുവതി അഗ്‌നിക്കിരയാക്കി. സുഹൃത്തിന്റെ സഹായത്തോടെയാണ് യുവതി കാമുകന്റെ വീടിന്റെ പൂട്ടുപൊളിച്ച് ഉള്ളില്‍ കടന്ന് തീയിട്ടത്. സംഭവത്തില്‍ സുനിതയേയും സുഹൃത്ത് സതീഷ്‌കുമാറിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
രാജ്കുമാറും സുനിതയും വളരെക്കാലമായി അടുപ്പത്തിലായിരുന്നു. ഇതേത്തുടര്‍ന്ന് സുനിതയുടെ ഭര്‍ത്താവും രാജ്കുമാറിന്റെ ഭാര്യയും വിവാഹബന്ധം ഉപേക്ഷിച്ചുപോയി. ഒറ്റക്കായതിനു ശേഷവും രാജ്കുമാര്‍ തന്നെ വിവാഹം കഴിക്കാത്തതിന്റെ വിരോധത്തിലാണ് വീടിനും വാഹനത്തിനും തീയിട്ടത്. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് പൂട്ട് തകര്‍ത്ത് അകത്തുകയറിയാണ് മണ്ണെണ്ണയൊഴിച്ച് തീയിട്ടത്. തീപടരുന്നത് കണ്ട അയല്‍ക്കാര്‍ ഓടിയെത്തി തീയണയ്ക്കുകയായിരുന്നു.
സംഭവത്തില്‍ രാജ്കുമാറിന് പരാതി ഇല്ലാതിരുന്നിട്ടും ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പെരുനാട് പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു. ഇതിനു മുന്‍പു മന്ത്രവാദത്തിലൂടെ രാജ്കുമാറിനെ അപായപ്പെടുത്താനും സുനിത ശ്രമം നടത്തിയിരുന്നു. ഒരു മാസം മുന്‍പ് രാജ്കുമാറിന്റെ കാറും കത്തിനശിച്ചിരുന്നു. ഈ കേസിലും ഇയാള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നില്ല.