പൂനെ: വിവാഹം കഴിക്കാന്‍ സര്‍ക്കാര്‍ വധുവിനെ കണ്ടെത്തി നല്‍കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്രയില്‍ യുവാക്കള്‍ മാര്‍ച്ച് നടത്തി. സ്ത്രീ പുരുഷ അനുപാതം മഹാരാഷ്ട്രയില്‍ കുറവാണ്. ഇത് പരിഹരിക്കുന്നതിന് സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണമെന്നാണ് യുവാക്കളുടെ ആവശ്യം. ‘ബ്രൈഡ് ഗ്രൂം മോര്‍ച്ച’എന്ന സംഘടനയുടെ പേരിലായിരുന്നു മാര്‍ച്ച് സംഘടിപ്പിച്ചത്.
യോഗ്യരായ യുവാക്കള്‍ക്ക് വധുക്കളെ കണ്ടെത്തി നല്‍കുന്നതിന് സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണമെന്നാവശ്യപ്പെട്ട് മാര്‍ച്ചില്‍ പങ്കെടുത്തവര്‍ കളക്ടര്‍ക്ക് നിവേദനവും നല്‍കി. വിവാഹം ചെയ്യാന്‍ പെണ്‍കുട്ടികളെ വേണമെന്ന ആവശ്യമുന്നയിച്ചുകൊണ്ട് അവിവാഹിതരായ നിരവധി പേരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. വിവാഹ വേഷങ്ങള്‍ ധരിച്ചും കുതിര പുറത്ത് സംഗീതത്തിന്റെ അകമ്പടിയോട് കൂടിയുമായിരുന്നു മാര്‍ച്ച് നടത്തി യുവാക്കള്‍ കലക്ടറുടെ ഓഫിസിലേക്ക് എത്തിയത്.
‘ആളുകള്‍ ഈ മാര്‍ച്ചിനെ പരിഹസിച്ചേക്കാം, എന്നാല്‍ സംസ്ഥാനത്ത് ആണ്‍ പെണ്‍ അനുപാതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കാരണം വിവാഹപ്രായമായ യുവാക്കള്‍ക്ക് വധുവിനെ ലഭിക്കുന്നില്ല എന്നതാണ് ഭയാനകമായ യാഥാര്‍ത്ഥ്യം,’ ജ്യോതി ക്രാന്തി പരിഷത്ത് സ്ഥാപകന്‍ രമേഷ് ബരാസ്‌കര്‍ പറഞ്ഞു. മഹാരാഷ്ട്രയിലെ ലിംഗാനുപാതം 1000 ആണ്‍കുട്ടികള്‍ക്ക് 889 പെണ്‍കുട്ടികളാണെന്നും അദ്ദേഹം അവകാശപ്പെട്ടു. പെണ്‍ഭ്രൂണഹത്യ കാരണമാണ് ഈ അസമത്വം നിലനില്‍ക്കുന്നതെന്നും ഈ അസമത്വത്തിന് സര്‍ക്കാരാണ് ഉത്തരവാദിയെന്നും ബരാസ്‌കര്‍ ആരോപിച്ചു.