അവിഹിതത്തില്‍ ഉണ്ടായ കുഞ്ഞിനെ പ്രസവിച്ച ഉടനെ കൊലപ്പെടുത്തിയ മാതാവ് അറസ്റ്റില്‍

Crime

പത്തനംതിട്ട: അവിഹിതത്തില്‍ ഉണ്ടായ കുഞ്ഞിനെ പ്രസവിച്ച ഉടനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവല്ലയില്‍ വാടക വീട്ടിലെ ശുചിമുറിയില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തിയ അമ്മ നീതുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടു. അവിവാഹിതയായ താന്‍ ഗര്‍ഭിണിയായത് മറച്ചുവെക്കാന്‍ വേണ്ടിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് നീതു പൊലീസിനോട് പറഞ്ഞത്. പത്തനംതിട്ട വെട്ടിപ്പുറം സ്വദേശിയാണ് അറസ്റ്റിലായ നീതു.

പ്രസവിച്ച ഉടനെ കുഞ്ഞിനെ എടുത്തുകൊണ്ടുപോയി ശുചിമുറിയില്‍ വച്ച് മൂക്കിലേക്ക് വെള്ളം ഒഴിച്ചു ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഗര്‍ഭിണിയായത് മറച്ചുവെക്കാന്‍ പിസിഒഡിയുണ്ടെന്ന് കള്ളം പറഞ്ഞുവെന്നും തിരുവല്ല സിഐ വിശദീകരിച്ചു. സംഭവത്തിനുശേഷം കുഞ്ഞിനെ പോസ്റ്റ്‌മോര്‍ട്ടത്തിനു വിധേയമാക്കിയിരുന്നു. ഇതില്‍ നവജാത ശിശുവിന്റേത് മുങ്ങി മരണമാണെന്ന് വ്യക്തമായിരുന്നു.

അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് കുഞ്ഞിന്റെ അമ്മ നീതുവിനെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിലാണ് കുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലെ താല്‍ക്കാലിക ജീവനക്കാരിയാണ് നീതു. ആശുപത്രിയിലെ മുന്‍ജീവനക്കാരനായ കാമുകനില്‍ നിന്ന് ഗര്‍ഭിണിയായത് ഇവര്‍ മറച്ചുവെയ്ക്കുകയായിരുന്നു.