കല്പറ്റ: വര്‍ത്തമാനകാലം ഓര്‍മ്മകളില്‍ ജ്വലിപ്പിച്ചു നിര്‍ത്തേണ്ടതും ഭാവി തലമുറകളിലേക്ക് പകര്‍ന്നു നല്‍കേണ്ടതുമായ ദേശീയ ഭീകരാക്രമണമാണ് ബാബരി ധ്വംസനമെന്ന് എസ്.ഡി.പി.ഐ ദേശീയ പ്രവര്‍ത്തക സമിതിയംഗം സഹീര്‍ അബ്ബാസ് സഅദി പറഞ്ഞു. എസ്.ഡി.പി.ഐ വയനാട് ജില്ലാ കമ്മിറ്റി വെള്ളമുണ്ടയില്‍ സംഘടിപ്പിച്ച ഫാഷിസ്റ്റ് വിരുദ്ധ ദിനം സായാഹ്‌ന സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണകൂടവും ജുഡീഷ്യറിയും സമരസപ്പെട്ട നീതി നിഷേധത്തിന്റെ നിത്യ സ്മാരകമാണ് ബാബരി മസ്ജിദ്. 1992 ഡിസം:6ന് കളങ്കപ്പെട്ട മതേതര ജനാധിപത്യ ഇന്ത്യയുടെ ആത്മാവിന് ക്ഷേത്ര നിര്‍മിതിയിലൂടെ കൊലക്കയര്‍ ഒരുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ആധുനീക ഇന്ത്യയുടെ ചരിത്രം മസ്ജിദ് ധ്വംസനത്തെ അടിസ്ഥാനമാക്കി രേഖപ്പെടുത്തണം. ഫാഷിസ്റ്റുകള്‍ അധികാരത്തിലേക്ക് നടന്നു കയറിയത് ബാബരി മസ്ജിദിന്റെ തകര്‍ച്ചയെ തുടര്‍ന്നുള്ള വര്‍ഗ്ഗീയ ധ്രുവീകരണത്തിലൂടെയാണ്. രാജ്യത്ത് ജനാധിപത്യവും മതേരത്വവും ഫെഡറലിസവും തകര്‍ക്കുന്ന നീക്കങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് എതിര്‍പ്പുകളും പ്രതിപക്ഷ സ്വരങ്ങളും അടിച്ചമര്‍ത്തുകയാണ് ഭരണകൂടം. ഭരണഘടനയും പാര്‍ലമെന്റും നിഴല്‍രൂപങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. ബാബരി മസ്ജിദ് മറക്കാന്‍ ആഗ്രഹിക്കുകയും ആവശ്യപ്പെടുകയും ചെയ്യുന്നവര്‍ യഥാര്‍ത്ഥത്തില്‍ ഫാഷിസ്റ്റുകള്‍ക്ക് കീഴ്‌പ്പെടുകയാണ്. മൗനം ഫാഷിസ്റ്റുകളുടെ പ്രവൃത്തിപഥങ്ങള്‍ സുഖമമാക്കും. മറക്കുകയല്ല, ഓര്‍മ്മകള്‍ ഭാവി തലമുറകളിലേക്ക് പകര്‍ന്നു നല്‍കുകയാണ് വേണ്ടത്. അദ്ദേഹം പറഞ്ഞു.
ജില്ലാ വൈ: പ്രസിഡന്റ് ഇ.ഉസ്മാന്‍ അദ്ധ്യക്ഷത വഹിച്ചു. എസ്.ഡി.റ്റി.യു സംസ്ഥാന സമിതിയംഗം എ.യൂസുഫ്, വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് ജില്ലാ കമ്മറ്റിയംഗം ആയിഷ ലത്തീഫ്, കെ.മഹറൂഫ് സംസാരിച്ചു. വി.സുലൈമാന്‍ സ്വാഗതവും ജില്ലാ സെക്രട്ടറി മമ്മൂട്ടി തരുവണ നന്ദിയും പറഞ്ഞു.