‘എം ടി, മധു @ 90 ‘ ഫോട്ടോ എക്‌സിബിഷന്‍

Thiruvananthapuram

തിരുവനന്തപുരം: നവതിയിലെത്തിയ മലയാളത്തിന്റെ അതുല്യ പ്രതിഭകളായ എം ടി വാസുദേവന്‍ നായര്‍, മധു എന്നിവരുടെ അപൂര്‍വ ജീവിത ചിത്രങ്ങളും വിവിധ സിനിമകളുടെ ചിത്രീകരണക്കാഴ്ചകളുമായി ഫോട്ടോ എക്‌സിബിഷന്‍ ആരംഭിച്ചു. ഇരുവരുടെയും 90 ജീവിതക്കാഴ്ചകളാണ് ടാഗോര്‍ തിയേറ്റര്‍ പരിസരത്തെ എക്‌സിബിഷനില്‍ ഉള്‍പ്പെടുത്തിയത്.

സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. മലയാള സിനിമയിലെ സ്റ്റീരിയോടൈപ്പുകളെയും നായക സങ്കല്പത്തെയും മാറ്റിമറിച്ച നടനാണ് മധുവെന്നും എം ടി യുടെ സാഹിത്യസൃഷ്ടികള്‍ അന്തര്‍ദേശീയ അംഗീകാരം അര്‍ഹിക്കുന്നവയാണെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.

അക്കാദമി ചെയര്‍മാന്‍ രഞ്ജിത് , ഫോട്ടോ എക്‌സിബിഷന്റെ ക്യൂറേറ്റര്‍ ആര്‍ ഗോപാലകൃഷ്ണന്‍, ചിത്രകാരന്‍ ബോസ് കൃഷ്ണമാചാരി, മധുവിന്റെ മകള്‍ ഉമ ജെ നായര്‍ , ഐഎഫ്എഫ്‌കെ ക്യൂറേറ്റര്‍ ഗോള്‍ഡ സെല്ലം, എഴുത്തുകാരന്‍ വി ആര്‍ സുധീഷ്, കെഎസ്എഫ്ഡിസി എം. ഡി. കെ വി അബ്ദുല്‍ മാലിക്, ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, സെക്രട്ടറി സി അജോയ് തുടങ്ങിയവര്‍ പങ്കെടുത്തു.