കോഴിക്കോട്: ‘വിശ്വമാനവികതക്ക് വേദ വെളിച്ചം’ എന്ന പ്രമേയവുമായി 2024 ജനുവരി അവസാന വാരം കരിപ്പൂരില്‍ നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം കോഴിക്കോട് സൗത്ത് ജില്ല സംഘാടക സമിതി സംഘടിപ്പിക്കുന്ന മാനവികതാ സന്ദേശ യാത്രക്ക് തുടക്കമായി. പത്ത് ദിവസം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രയാണം നടത്തുന്ന സന്ദേശയാത്ര ഐക്യവും സൗഹാര്‍ദ്ദവും ശക്തിപ്പെടുത്തി വേദങ്ങള്‍ പ്രസരിപ്പിക്കുന്ന മാനവിക മൂല്യങ്ങള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കാന്‍ ലക്ഷ്യമിടുന്നു.
യാത്രയുടെ ഭാഗമായി സന്ദേശ ലഘുലേഖ വിതരണം, ഡോക്യുമെന്ററി പ്രദര്‍ശനം, മാനവികതാ പ്രഭാഷണം ,സൗഹൃദ കോര്‍ണര്‍ എന്നിവ നടക്കും. മീഞ്ചന്ത വട്ടക്കിണറില്‍ കെ.എന്‍.എം. മര്‍കസുദ്ദ അവ ജില്ല പ്രസിഡണ്ട് പി.ടി.അബ്ദുല്‍ മജീദ് സുല്ലമി സന്ദേശ യാത്ര ഉദ്ഘാടനം ചെയ്തു. ജില്ല ദഅവ കണ്‍വീനര്‍ എം.ടി. അബ്ദുല്‍ ഗഫൂര്‍ , അബ്ദു മങ്ങാട് , കുഞ്ഞിക്കോയ ഒളവണ്ണ , ബി.വി. മെഹബൂബ് , അബ്ദുസ്സലാം കാവുങ്ങല്‍ പ്രസംഗിച്ചു.