വൈദ്യുതി ബോര്‍ഡുകളുടെ സ്വകാര്യ വല്‍ക്കരണം: നിയമ ഭേദഗതി ബില്‍ ഉപേക്ഷിക്കണമെന്ന് ഐ എന്‍ റ്റി യു സി

Thiruvananthapuram

വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് സന്ദേശം അയക്കുക

തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡുകളുടെ സ്വകാര്യ വല്‍ക്കരണത്തിനിടയാക്കുന്ന വൈദ്യുതി നിയമ ഭേദഗതി ബില്‍ ഉപേക്ഷിക്കണമെന്ന് ഐ എന്‍ റ്റി യു സി ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഐ എന്‍ റ്റി യു സി സംസ്ഥാന എക്‌സിക്യുട്ടിവ് കമ്മിറ്റി അംഗവും കേരള പവര്‍ വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ്സ് ജില്ലാ സെക്രട്ടറിയുമായ ആര്‍ എസ് വിനോദ് മണിയാണ് പ്രമേയം ക്യാംപില്‍ അവതരിപ്പിച്ചത്. കെ എസ് ഇ ബി യിലെ ഐ എന്‍ റ്റി യു സിയില്‍ അഫിലിയേറ്റ് ചെയ്തു പ്രവര്‍ത്തിക്കുന്ന ഏക സംഘടനയായ കേരള പവര്‍ വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ്സ് സംയുക്ത സമരസമിതിയുടെ ഭാഗമാണ്. ഇക്കഴിഞ്ഞ ഡിസംബര്‍ 21, 22 തീയതികളിലായി പുന:സംഘടിപ്പിക്കപ്പെട്ട ഐ എന്‍ റ്റി യു സി സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റിയുടെ ദ്വിദിന ക്യാമ്പ് ഇടുക്കി ജില്ലയിലെ കുമിളി ഹോളിഡേ ഹോമില്‍ (കെ കരുണാകരന്‍ നഗര്‍)ല്‍ നടക്കുകയുണ്ടായി.

സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ നിന്നും:-സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ 50 വര്‍ഷക്കാലം വൈദ്യുതി പൊതു മേഖലയിലാണ് പ്രവര്‍ത്തിച്ചു വന്നത്. 1948ലെ ഇലക്ട്രിസിറ്റി സപ്ലെ ആക്ടാണ് ഇന്ത്യയുടെ വികസനത്തിന് അടിത്തറ പാകിയത്. ദാരിദ്യത്തില്‍ നിന്നും രാജ്യത്തെ കര കയറ്റുന്നതിനു വേണ്ടി കൊണ്ടുവന്ന പഞ്ചവത്സര പദ്ധതികളും കാര്‍ഷിക വിപ്ലവവും അന്നുവരെ സര്‍ക്കാര്‍ വകുപ്പുകളായി മാത്രം പ്രവര്‍ത്തിച്ചു വന്നിരുന്ന വൈദ്യുതി വകുപ്പിനെ വൈദ്യുതി ബോര്‍ഡുകളാക്കി മാറ്റി തീരുമാനമെടുക്കാന്‍ കേന്ദ്രസര്‍ക്കാരിനെ പ്രേരിപ്പിച്ചു.

പൊതു ഖജനാവിലെ പണം മുടക്കി വൈദ്യുതി ബോര്‍ഡുകളെ തീറ്റിപ്പോറ്റാനാകില്ലെന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് ലാഭം ലക്ഷ്യമിട്ടും സ്വകാര്യവത്ക്കരണ നടപടികള്‍ക്ക് ഗതിവേഗം കൂട്ടാനും വൈദ്യുതി ബോര്‍ഡുകളെ പൊളിച്ചടുക്കി കേന്ദ്ര വൈദ്യുതി നിയമം 2003 പാസ്സാക്കിയത്. 17 വര്‍ഷങ്ങള്‍ക്കിപ്പുറം രാജ്യത്ത് ഒട്ടാകെ ഉള്ള വൈദ്യുതി കമ്പനികള്‍ 4.5 ലക്ഷം കോടി രൂപയുടെ നഷ്ടവും അഞ്ച് ലക്ഷം കോടി രൂപയുടെ കടബാധ്യതയും വരുത്തിവച്ചു. 2003 ല്‍ പാര്‍ലമെന്റില്‍ കേന്ദ്ര വൈദ്യുതി നിയമം നടപ്പാക്കാന്‍ വേണ്ടി ബില്‍ അവതരിപ്പിക്കുന്ന വേളയില്‍ വാജ്‌പേയ് സര്‍ക്കാരിലെ ഊര്‍ജ്ജമന്ത്രി പറഞ്ഞത് 30000 കോടിയായി കടം വര്‍ദ്ധിച്ചിരിക്കുന്നു ഇനി നമുക്ക് കമ്പനി വല്‍ക്കരണവുമായി മുന്നോട്ട് പോയേ മതിയാകൂ എന്നായിരുന്നു. എന്നാല്‍ ഇപ്പോള്‍ വൈദ്യുതി നിയമ ദേദഗതി 2022 പാര്‍ലമെന്റില്‍ ആഗസ്റ്റ് 8 ന് അവതരിപ്പിക്കുകയും സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിടുകയും ചെയ്തിരിക്കുകയാണ്.

വൈദ്യുതി മേഖലയിലെ ട്രേഡ് യൂണിയന്‍ സംയുക്ത സമരസമിതിയുടെ ദേശവ്യാപകമായ പ്രക്ഷോഭങ്ങളെ തുടര്‍ന്നും രാജ്യവ്യാപക പണിമുടക്കത്തിനെ തുടര്‍ന്നും സര്‍ക്കാരിന് ബില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിടാന്‍ തീരുമാനിക്കേണ്ടി വന്നു. പക്ഷേ നിലവില്‍ വൈദ്യുതി കമ്പനികള്‍ വരുത്തിയ നഷ്ടം നാലര ലക്ഷം കോടിയും ഉണ്ടാക്കിയ കടബാധ്യത അഞ്ച് ലക്ഷം കോടിയോളവും വരും. രാജ്യത്തെ ബാങ്കുകളില്‍ കിട്ടാക്കടമായി കിടക്കുന്ന 1 1 ലക്ഷം കോടി രൂപയുടെ 65 % വൈദ്യുതിമേഖലയിലെ സ്വകാര്യ ഉല്‍പ്പാദകര്‍ വരുത്തി വച്ചതാണ്. ബാങ്കുകളില്‍ സാധാരണക്കാരന്റെ നിക്ഷേപങ്ങളാണിത്. സ്വകാര്യ വൈദ്യുതി സംരംഭകരെ സഹായിക്കാന്‍ വേണ്ടി വരുന്ന ബില്‍ നടപ്പിലായാല്‍ രാജ്യത്ത് ഒരു സംസ്ഥാനത്ത് പ്രവര്‍ത്തനാനുമതി ആവശ്യപ്പെട്ട് റഗുലേറ്ററി കമ്മീഷനു അപേക്ഷ നല്‍കി മൂന്ന് മാസത്തിനകം അനുമതി കിട്ടിയില്ലെങ്കില്‍ ആ കമ്പനിയ്ക്ക് ഡീംഡ് ലൈസന്‍സ് പ്രകാരം പ്രവര്‍ത്തിച്ചു തുടങ്ങാം. അടുത്തത് ഇതേ കമ്പനി മറ്റൊരു സംസ്ഥാനത്തില്‍ അപേക്ഷ നല്‍കിയാലും മതി. ഒന്നിലധികം സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള അനുമതി അവര്‍ക്ക് കിട്ടുന്ന വിധത്തിലാണ് പുതിയ നിയമം നടപ്പിലാക്കാന്‍ പോകുന്നത്.

ഇനി അടുത്തത് വളരെ സുപ്രധാനമാണ്. നമ്മുടെ രാജ്യത്തിന്റെ നട്ടെല്ല് കാര്‍ഷിക മേഖലയാണ്. തീരേ കുറഞ്ഞ താരിഫ് നിരക്കാണ് കൃഷിയ്ക്കുള്ളത്. നമ്മുടെ കേരളത്തില്‍പ്പോലും 1.50 രൂപ മുതല്‍ 2.30 രൂപ വരെയാണ് നിരക്ക്. കേരളത്തില്‍ ഒരു യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിച്ചും വാങ്ങിയും വിതരണം ചെയ്യുന്നത് 6.93 രൂപയ്ക്കാണ്. അതില്‍ തന്നെ 50 യൂണിറ്റ് വരെ സൗജന്യമായി നല്‍കുന്നുണ്ട്. ഉയര്‍ന്ന താരിഫില്‍ ഉള്ളവര്‍ക്ക് 10 രൂപ വരെ ഈടാക്കിയാണ് നമ്മള്‍ വൈദ്യുതിവില്‍ക്കുന്നത്. അതേ സമയം താഴ്ന്ന താരിഫിലും കൃഷിയ്ക്കും ഉപയോഗിക്കുന്ന വൈദ്യുതിയ്ക്ക് രാജ്യത്ത് ക്രോസ് സബ്‌സിഡി നല്‍കുന്നുണ്ട്. സ്വകാര്യ കമ്പനികള്‍ ഈ മേഖലയില്‍ കടന്നു വരുമ്പോള്‍ വന്‍കിട, നഗര, വ്യാവസായിക ഉപഭോക്താക്കളെ ലക്ഷ്യമിടുകയും അവര്‍ വൈദ്യുതി ബോര്‍ഡുകള്‍ ഇവിടത്തെ നികുതിപ്പണം കൊണ്ട് നിര്‍മ്മിച്ച ലൈനുകളിലൂടെ അത്തരം സ്വകാര്യ കമ്പനികള്‍ യാതോരു മുതല്‍മുടക്കുമില്ലാതെ യഥേഷ്ടം കറണ്ട് വിറ്റ് ലാഭമുണ്ടാക്കും. അപ്പോഴും ലൈനുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി നല്‍കേണ്ടതും പരിപാലിക്കേണ്ടതുമായ ചുമതലകള്‍ അതാത് സംസ്ഥാനത്തെ വൈദ്യുതി കമ്പനികള്‍ക്കാണ്. വൈദ്യുതി ബോര്‍ഡുകളെ ഉല്‍പ്പാദനം, പ്രസരണം, വിതരണം എന്നിങ്ങനെ മൂന്നു മേഖലകളായി സ്വകാര്യവല്‍ക്കരിക്കുക എന്നതായിരുന്നു.

കഴിഞ്ഞ 30 വര്‍ഷമായി കേന്ദ്ര സര്‍ക്കാരുകള്‍ ശ്രമിച്ചു വന്നത് വിതരണ മേഖലയില്‍ സ്വകാര്യവല്‍ക്കരണം നടപ്പിലാക്കാനാണ്. എന്നാല്‍ ഒറീസ്സ, ഡല്‍ഹി, മുംബൈ ഒഴികെയുള്ള ഒരിടത്തും വിതരണം പൂര്‍ണ്ണമായും സ്വകാര്യവല്‍ക്കരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ബീഹാറിലെ ഗയാ, സമസ്തിപൂര്‍, ജല്‍ഗാവ്, ഝാര്‍ഖണ്ടിലെ റാഞ്ചി, ജംഷഡ്പൂര്‍, മദ്ധ്യപ്രദേശിലെ സാഗര്‍, ഗ്വാളിയോര്‍, ഉജ്ജയിന്‍, മഹാരാഷ്ട്രയിലെ ഔറംഗാബാദ്, നാഗ്പൂര്‍ തുടങ്ങിയ നഗരങ്ങളിലെ സ്വകാര്യ വിതരണകമ്പനികളുടെ ഏറ്റവും മോശം പ്രകടനം മൂലം ഫ്രാഞ്ചൈസികള്‍ റദ്ദാക്കാന്‍ റഗുലേറ്ററി കമ്മീഷനുകള്‍ നിര്‍ബന്ധിതമായി. സ്വകാര്യ കുത്തകകള്‍ക്ക് യാതൊരു പണിയും ഇല്ല.

ക്രോസ് സബ്‌സിഡി നിര്‍ത്തലാക്കുന്നതോടെ എല്ലാവരുടേയും വൈദ്യുതി നിരക്ക് കുതിച്ചുയരും. കര്‍ഷകര്‍ക്ക് വൈദ്യുതി ബില്‍ താങ്ങാനാകാത്തതു കൊണ്ട് ജലസേചന സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താന്‍ കഴിയാതെ വരും. നിലവില്‍ വന്‍ വിലവര്‍ദ്ധനവിലാണ് രാസവളങ്ങള്‍ വില്‍ക്കുന്നത്. രണ്ടും കൂടി ചേരുമ്പോള്‍ കര്‍ഷകന്‍ കൃഷി ഭൂമി തരിശിടുന്ന സ്ഥിതി രാജ്യത്ത് വരും. കടുത്ത ഭക്ഷ്യക്ഷാമമുണ്ടാകാനിടയാക്കും. രാജ്യം കടുത്ത ദാരിദ്യത്തിലേക്ക് പോകും. പട്ടിണി സര്‍വസാധാരണമാകും. സ്വകാര്യ വൈദ്യുതി കമ്പനികള്‍ക്ക് ഗ്രാമീണ, ദരിദ്ര മേഖലകളില്‍ വൈദ്യുതി വിതരണം ചെയ്യാന്‍ യാതൊരു താല്‍പ്പര്യവുമില്ല. വിതരണ രംഗത്ത് സ്വകാര്യ ഏജന്‍സികള്‍ വരുമ്പോള്‍ അവര്‍ക്ക് നഗരപ്രദേശങ്ങളിലെ വൈദ്യുതി വിതരണത്തിനേ താല്‍പ്പര്യമുണ്ടാകൂ. 90 കളില്‍ ചുഴലിക്കൊടുങ്കാറ്റ് സമ്പൂര്‍ണ്ണ നാശം വിതച്ച ഒഡീഷയില്‍ വൈദ്യുതി പുന:സ്ഥാപിക്കാന്‍ വേണ്ടി കോടികളുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട അമേരിക്കന്‍ വിതരണ കമ്പനിയായ AES പുനഃനിര്‍മ്മാണത്തില്‍ നിന്നും പിറകോട്ട് പോയി. സ്വകാര്യ വൈദ്യുതി വിതരണ കമ്പനികളുടെ തുടര്‍ച്ചയായ പരാജയവും ഗ്രാമീണ ജനതയുടെ ഭാഗത്തു നിന്നും ഉണ്ടായ ശക്തമായ എതിര്‍പ്പും കാരണം വിതരണ ചുമതല സര്‍ക്കാരിന് തന്നെ ഏറ്റെടുക്കേണ്ടി വന്നു. 2018-19 കാലഘട്ടത്തില്‍ ഉണ്ടായ പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ വൈദ്യുതി ലൈനുകളും പോസ്റ്റുകളും ട്രാന്‍സ്‌ഫോര്‍മറുകളുമടക്കം പുന:രുദ്ധാരണത്തിനായി KSEB യ്ക്ക് കോടി ക്കണക്കിന് രൂപ ചെലവഴിക്കേണ്ടി വന്നു. സര്‍ക്കാരുകളുടെ സഹായമൊന്നും കിട്ടിയതുമില്ല.

2020 മേയ് മാസത്തിലെ ഏറ്റവും ഉയര്‍ന്ന വൈദ്യുതി ആവശ്യകത 1,66,424 മെഗാവാട്ട് ആയിരുന്നപ്പോള്‍ സ്ഥാപിതശേഷി 3,70,000 മെഗാവാട്ട് ആയിരുന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സര്‍ക്കാരിന്റെ നിരാശാജനകമായ പ്രകടനം നിമിത്തം ആണ് ഇതു സംഭവിച്ചത്. ഭരണഘടനയുടെ ഏഴാം പട്ടികയിലെ മൂന്നാം ലിസ്റ്റില്‍ (സമവര്‍ത്തി അധികാര പട്ടിക) ഉള്‍കുറിപ്പ് 38 പ്രകാരം വൈദ്യുതി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തുല്യ അവകാശമുള്ള വിഷയമാണ്. അത് മാനിക്കാതെ സംസ്ഥാ സര്‍ക്കാരുകള്‍ക്ക് അധികാരപ്പെട്ട വിഷയത്തില്‍പ്പോലും ഇടപെടല്‍ അവകാശം നീക്കം ചെയ്യുന്ന ഫെഡറല്‍ സംവിധാനങ്ങളെ അട്ടിമറിക്കുന്ന തരത്തിലാണ് കരട് നിയമ ഭേദഗതി. നിരക്ക് വര്‍ദ്ധനവിലൂടെ ജനങ്ങള്‍ക്കുണ്ടാകുന്ന അധിക ബാധ്യത പൂര്‍ണ്ണമായും സര്‍ക്കാരുകളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന നീക്കവും നിയമത്തിലുണ്ട്. 12 പ്രധാന സംസ്ഥാനങ്ങള്‍ കരട് നിയമത്തിന് എതിര്‍പ്പറിയിച്ചു കൊണ്ട് കേന്ദ്രത്തിന് കത്തെഴുതിയിട്ടുണ്ട്. സംഭവിക്കാതിരിക്കണമെങ്കില്‍, വൈദ്യുതി കിട്ടാക്കനിയായി സാധാരണക്കാരന് മാറാതിരിക്കണമെങ്കില്‍ ഈ ബില്‍ പിന്‍വലിച്ചേ മതിയാകൂ.

രാജ്യത്ത് വൈദ്യുതി മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ സംഘടനകള്‍ 2019 മുതല്‍ പ്രക്ഷോഭത്തിന്റെ പാതയിലാണ്. വൈദ്യുതി നിയമ ഭേദഗതി ബില്‍ നടപ്പിലായാല്‍ രാജ്യത്തെ വൈദ്യുതി രംഗം തകര്‍ന്ന് തരിപ്പണമാകും. കാര്‍ഷിക മേഖലയില്‍ സബ്‌സിഡികള്‍ ഇല്ലാതാകും സംസ്ഥാന സര്‍ക്കാരുകള്‍ സബ്‌സിഡി ബാധ്യത ഏറ്റെടുക്കുന്നതോടെ സാമ്പത്തികമായി കൂടുതല്‍ ബുദ്ധിമുട്ടിലാകുമെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *