ഖുര്‍ആന്‍ മാനുഷിക പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം: ഖുര്‍ആന്‍ സംഗമം

Gulf News GCC Saudi Arabia

ജിദ്ദ: ‘വിശ്വ മാനവികതയ്ക്ക് വേദവെളിച്ചം’ എന്ന പ്രമേയത്തില്‍ ജനുവരി 25 മുതല്‍ കരിപ്പൂരില്‍ വെച്ച് നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ജിദ്ദ സംഘടിപ്പിച്ച ഖുര്‍ആന്‍ പഠിതാക്കളുടെ സംഗമം ‘തന്‍സീല്‍’ ശ്രദ്ധേയമായി. ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ജിദ്ദ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം കെ. എന്‍. എം മര്‍കസുദ്ദഅവ സംസ്ഥാന സെക്രട്ടറി എന്‍. എം. അബ്ദുല്‍ ജലീല്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഖുര്‍ആന്‍ പഠന രംഗത്ത് ഇസ്‌ലാഹി സെന്റര്‍ നടത്തുന്ന സേവനം ശ്ലാഘനീയമാണെന്നും സമൂഹത്തില്‍ ഖുര്‍ആനിന്റെ ജീവിക്കുന്ന പതിപ്പുകളായിതീരാന്‍ പഠിതാക്കള്‍ ജാഗ്രത കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. കെ. എന്‍. എം മര്‍കസുദ്ദഅവ സംസ്ഥാന ട്രഷറര്‍ എം അഹ്മദ് കുട്ടി മദനി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.

പ്രതിസന്ധികളിലും പ്രയാസങ്ങളിലും പിടിച്ചു നില്‍ക്കാനുള്ള പിടിവള്ളിയാണ് വിശുദ്ധ ഖുര്‍ആന്‍ എന്നും മനുഷ്യരുടെ സകല പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം നിര്‍ദ്ദേശിക്കുന്ന വിശുദ്ധ ഖുര്‍ആന്‍ മനുഷ്യ സമൂഹത്തിന്റെ രക്ഷാ കവചമാണെന്നും എം അഹ്മദ് കുട്ടി മദനി പറഞ്ഞു. മനുഷ്യരുടെ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം വിശുദ്ധ വേദഗ്രന്ഥം നല്‍കുന്നുണ്ട്.

ഖുര്‍ആന്‍ പഠിതാക്കള്‍ വേദഗ്രന്ഥത്തിന്റെ ആശയം പഠിക്കുകയും പകര്‍ത്തുകയും അതിന്റെ പ്രയോക്താക്കളായി മാറുകയും ചെയ്യുന്നതോടൊപ്പം അതിന്റെ വെളിച്ചം മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കണം. പാരായണം ചെയ്യുന്ന വചനങ്ങളുടെ അന്ത:സത്ത ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുമ്പോഴാണ് ഖുര്‍ആന്‍ പഠനം അര്‍ഥപൂര്‍ണ്ണമാകുകയുള്ളു. വിശുദ്ധ ഖുര്‍ആനിന്റെ കേവല പാരായണമല്ല, അതിന്റെ ജീവിക്കുന്ന പതിപ്പുകളായിത്തീരുകയാണ് വേണ്ടതെന്നും അഹ്മദ് കുട്ടി മദനി സൂചിപ്പിച്ചു.

നന്മയുടെ വാക്താക്കളാവുകയും സഹജീവികളെ പരിഗണിക്കുകയും ചെയ്യാന്‍ ഖുര്‍ആന്‍ പഠിതാക്കള്‍ക്ക് സാധിക്കേണ്ടതുണ്ട്. വായിക്കുക, നിന്റെ രക്ഷിതാവിന്റെ നാമത്തില്‍ എന്ന ആദ്യ വചനം തന്നെ പഠനത്തിനും വിജ്ഞാന സാമ്പാദനത്തിനും വിശുദ്ധ ഗ്രന്ഥം നല്‍കുന്ന പ്രാധാന്യത്തെയാണ് സൂചിപ്പിക്കുന്നത്. മനുഷ്യരുമായി ബന്ധപ്പെട്ട മുഴുവന്‍ മേഖലകളെയും സ്പര്‍ശിക്കുന്ന വിശുദ്ധ ഖുര്‍ആന്‍ മാനവികതയുടെ സന്ദേശം പ്രോജ്ജ്വലമായി പ്രകാശിപ്പിക്കുന്ന വേദഗ്രന്ഥമാണെന്നും അഹ്മദ് കുട്ടി മദനി പറഞ്ഞു.

ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ജിദ്ദയുടെ കീഴില്‍ വിവിധ ഏരിയകളില്‍ നടക്കുന്ന ഖുര്‍ആന്‍ പഠന ക്ലാസ്സുകളിലെ പഠിതാക്കള്‍ സംഗമത്തില്‍ പങ്കെടുത്തു. ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ജിദ്ദ പ്രസിഡണ്ട് അബ്ദുല്‍ ഗഫൂര്‍ വളപ്പന്‍, ക്യു.എല്‍.എസ് അധ്യാപകന്‍ ലിയാഖത്ത് അലി ഖാന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

അല്‍ഹുദാ മദ്രസ മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ ജമാല്‍ ഇസ്മായില്‍ സ്വാഗതവും മുഹമ്മദ് യൂനുസ് നന്ദിയും പറഞ്ഞു.