എടവണ്ണ ജാമിഅഃയില്‍ അന്താരാഷ്ട്ര അറബിക് എക്‌സ്‌പോക്ക് തുടക്കം

Malappuram

എടവണ്ണ: അന്താരാഷ്ട്ര അറബി ഭാഷാ ദിനാചാരണത്തിന്റെ ഭാഗമായി എടവണ്ണ ജാമിഅഃ നദ്‌വിയ്യ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര അറബിക് എക്‌സ്‌പോ ആരംഭിച്ചു. ഡിസംബര്‍ 18, 19, 20, 21 എന്നീ തീയതികളില്‍ നാല് ദിവസങ്ങളിലായി നടക്കുന്ന എക്‌സ്‌പോ ജാമിഅഃ നദ്‌വിയ്യഃ ഡയറക്ടര്‍ ആദില്‍ അത്വീഫ് സ്വലാഹി ഉദ്ഘാടനം ചെയ്തു. ഇരുപതോളം സ്റ്റാളുകളിലായി അറബി ഭാഷയുടെ ഉത്ഭവം മുതല്‍ സമകാലിക അറബി സാഹിത്യം വരെ ചിത്രീകരിക്കുന്ന എക്‌സ്‌പോ അറബി ഭാഷാ പഠിതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കും ഒരുപോലെ വൈജ്ഞാനിക വിരുന്നൊരുക്കും.

പ്രശസ്ത കാലിഗ്രഫി ആര്‍ടിസ്റ്റ് അജ്മല്‍ഗ്രഫി നയിക്കുന്ന ലൈവ് കാലിഗ്രഫി പെര്‍ഫോമന്‍സ്, അറബ് ലോകത്തിന്റെ ദൃശ്യശ്രാവ്യാനുഭവമൊരുക്കുന്ന അറബിക് തിയേറ്റര്‍, അറബിക് ട്രഡീഷണല്‍ ഫുഡ്, ഇസ്ലാമിക തീര്‍ത്ഥാടന ഭൂമികളുടെ മനോഹര ദൃശ്യങ്ങള്‍ കോര്‍ത്തിണക്കിയ വിര്‍ച്വല്‍ റിയാലിറ്റി എക്‌സ്പീരിയന്‍സ്, പ്രമുഖ ഫോട്ടോഗ്രാഫര്‍ അജീബ് കോമാച്ചിയുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന പലസ്തീന്‍ ഫോട്ടോ ഗ്യാലറി, റിവാഡ് ഫൌണ്ടേഷന്‍ നയിക്കുന്ന അറബിക് സൈന്‍ ലാംഗ്വേജ് ഹബ് എന്നിവ എക്‌സ്‌പോയുടെ പ്രധാന ആകര്‍ഷണങ്ങളാണ്. നാലു ദിവസങ്ങളിലായി നടക്കുന്ന എക്‌സ്‌പോയില്‍ കേരളത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9447405900