പാലാ: കവീക്കുന്ന്, മൂന്നാനി, കൊച്ചിടപ്പാടി മേഖലകളിലെ ആയിരക്കണക്കിനാളുകളെ ബുദ്ധിമുട്ടിലാക്കി വൈദ്യുതി തടസ്സ പരമ്പരക്ക് തുടരുന്നു. കഴിഞ്ഞ ദിവസം രാത്രി മൂന്നാനിയില്‍ ഏബിസി കേബിള്‍ കത്തിയതിനെത്തുടര്‍ന്ന് തടസ്സപ്പെട്ട തടസ്സപ്പെട്ട വൈദ്യുതി 15 മണിക്കൂറിനു ശേഷം മാത്രമാണ് പുന:സ്ഥാപിക്കാന്‍ സാധിച്ചത്. കഴിഞ്ഞ ദിവസം മാത്രം പത്തിലേറെത്തവണയാണ് പല സമയങ്ങളിലായി ഈ മേഖലയില്‍ വൈദ്യുതി തടസ്സമുണ്ടായത്. ഫലത്തില്‍ എല്ലാ ദിവസവും കുറഞ്ഞത് രണ്ടു തവണയെങ്കിലും വൈദ്യുതി തകരാര്‍ ഇവിടെ നിത്യസംഭവമായി മാറി. മഴ പെയ്യുകയോ ചെറിയ കാറ്റ് വീശുകയോ ചെയ്താല്‍ വൈദ്യുതി തടസ്സപ്പെടുന്ന സ്ഥിതി വിശേഷമാണിവിടെ.
മാസങ്ങളായി തുടരുന്ന നിരന്തര വൈദ്യുതി തടസ്സങ്ങളെ തുടര്‍ന്ന് ഇവിടുത്തെ ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുകയാണ്.
വൈദ്യുതി തകരാറുകള്‍ പരിഹരിക്കാനെന്ന പേരില്‍ ഏതാനും വര്‍ഷം മുമ്പ് എ ബി സി കേബിള്‍ സ്ഥാപിച്ചതോടെയാണ് ജനങ്ങളുടെ ദുരിതം പതിന്മടങ്ങായി വര്‍ദ്ധിച്ചത്. കേബിള്‍ സ്ഥാപിക്കുന്നതിന് മുമ്പുണ്ടായിരുന്ന വൈദ്യുതി തടസ്സങ്ങളേക്കാള്‍ വളരെ കൂടുതലാണ് ഇപ്പോഴത്തെ തടസ്സങ്ങള്‍. വൈദ്യുതി തടസ്സം മുമ്പ് പരിഹരിക്കുന്നതിനേക്കാള്‍ സമയമെടുത്താണ് ഇപ്പോള്‍ പരിഹരിക്കുന്നത്.
വൈകുന്നേരങ്ങളില്‍ വൈദ്യുതി തടസപ്പെട്ടാല്‍ പിന്നെ പിറ്റേന്ന് ഉച്ചകഴിഞ്ഞ് മാത്രമേ വൈദ്യുതി പുനഃസ്ഥാപിക്കാനാവുന്നുള്ളൂ. നേരത്തെ വൈദ്യുതി തടസ്സം നേരിടുന്ന ഭാഗത്ത് മാത്രമായിരുന്നു എങ്കില്‍ ഇപ്പോഴത് കേബിള്‍ കടന്നു സ്ഥലങ്ങളിലെല്ലാം തടസ്സം നേരിടുകയാണ്. കേബിളിലെ തകരാര്‍ കണ്ടുപിടിക്കാന്‍ താമസം നേരിടുന്നതും നാട്ടുകാര്‍ക്കു ദുരിതമാകുകയാണ്.
ഇതുമൂലം വീടുകളിലെയും പല സ്ഥാപനങ്ങളിലെയും ഫിഡ്ജുകളിലും മറ്റും സൂക്ഷിച്ചു വച്ചിരുന്ന മരുന്നുകള്‍, മത്സ്യ മാംസ ഉത്പന്നങ്ങള്‍ മുതലായവ നശിച്ചുപോകുന്ന സ്ഥിതി വിശേഷമാണ് ഇപ്പോള്‍. അന്തരീക്ഷ ഊഷ്മാവ് കൂടുതലായതിനാല്‍ പ്രായമായവരും കുഞ്ഞുകുട്ടികളും ഏറെ ബുദ്ധിമുട്ടിലായി. പരീക്ഷ എഴുതുന്ന കുട്ടികളെയും വൈദ്യുതി തകരാര്‍ ബുദ്ധിമുട്ടിലാക്കി.
പാലായില്‍ സ്ഥാപിച്ചിരിക്കുന്ന ഏബിസി കേബിള്‍ ഗുണനിലവാരമില്ലാത്തതായതിനാലാണ് നിരന്തരം തകരാര്‍ സംഭവിക്കുന്നതെന്ന് കവീക്കുന്ന് വികസന സമിതി യോഗം കുറ്റപ്പെടുത്തി. കേബിള്‍ സ്ഥാപിക്കുന്ന സമയത്ത് ഏറെ കഴിഞ്ഞാണ് ഗുണനിലവാരം ഇല്ലാത്ത കേബിളാണ് സ്ഥാപിച്ചു വരുന്നതെന്ന് കണ്ടെത്തിയിരുന്നതായും സമിതി ചൂണ്ടിക്കാട്ടി. ഇതേത്തുടര്‍ന്ന് ബാക്കി ഉണ്ടായിരുന്ന പാരാമൗണ്ട് കമ്പനിയുടെ കേബിളുകള്‍ തിരിച്ചയച്ച സംഭവവും ഉണ്ടായിരുന്നു. പിന്നീട് വേറെ കേബിള്‍ എത്തിച്ചാണ് പണികള്‍ പൂര്‍ത്തീകരിച്ചത്. ഗുണനിലവാരമില്ലാത്ത കേബിളുകള്‍ സ്ഥാപിച്ച സ്ഥലങ്ങളിലാണ് ഇപ്പോള്‍ തകരാറുകളില്‍ ഏറെയും സംഭവിക്കുന്നതെന്നും സമിതി കുറ്റപ്പെടുത്തി. ഇതേക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു വൈദ്യുതിമന്ത്രിക്കു പരാതി നല്‍കും. ഈ മേഖലയിലെ വൈദ്യുതി തകരാറുകള്‍ക്കു ശ്വാശ്വതപരിഹാരം കാണണമെന്നും സമിതി ആവശ്യപ്പെട്ടു. കണ്‍വീനര്‍ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. ജോസ് മുകാല, ബൈജു ജോസഫ്, ബിനു മാത്യു എന്നിവര്‍ പ്രസംഗിച്ചു.