ആ പെണ്‍കുട്ടി ഷൂസ് ഉപേക്ഷിക്കുന്നത് ഭരണകൂടത്തിന്‍റെ മുഖത്തേക്കാണ്, പക്ഷെ ആര്‍ക്ക് നാണം?

Articles

വിപല്‍ സന്ദേശം / സി ആര്‍ പരമേശ്വരന്‍

മതമെന്ന സാങ്കല്‍പ്പിക യാഥാര്‍ത്ഥ്യം ഗുണത്തേക്കാള്‍ എത്രയോ കൂടുതല്‍ ദോഷമാണ് മനുഷ്യരാശിക്ക് ചെയ്തിട്ടുള്ളത് എന്നത് വാസ്തവമാണ്. എങ്കിലും ഈ സാങ്കല്പിക മതമൂല്യങ്ങള്‍ നല്ല നിലയില്‍ മനുഷ്യനെ സ്വാധീനിക്കുന്നതിന്റെ ഉദാഹരണങ്ങളും എല്ലാ മതസ്ഥരിലും ധാരാളമുണ്ട്. ആ വിധത്തില്‍,3500 കൊല്ലം പഴക്കമുള്ള ഹൈന്ദവികതയുടെ ഏടുകളിലുള്ള നന്മകള്‍ സ്വാധീനിച്ചിട്ടുള്ളത് ഭക്തകവികളെയും സ്വാമി വിവേകാനന്ദനെയും ഗാന്ധിജിയെയും ശ്രീ നാരായണഗുരുവിനെയും മാത്രമല്ല. ഒട്ടനവധി സാധാരണക്കാര്‍ അവയില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊള്ളുകയും സ്വയം ശുദ്ധീകരിക്കുകയും ചെയ്യുന്നത് നമ്മളൊക്കെ കണ്ടിട്ടുണ്ട്.

എന്നാല്‍ ഹിന്ദുത്വം എന്ന സാധനം ഹൈന്ദവികതയെ ഒറ്റിക്കൊടുക്കുന്ന ഒന്നാണ്. രണ്ടിനെയും ഒരു കാരണവശാലും തമ്മില്‍ കൂട്ടിത്തൊടുവിക്കരുത്. അതിന്റെ ഏറ്റവും സമീപകാല ഉദാഹരണമാണ് ബി.ജെ.പിയുടെ കൊലയാളിയും ക്രിമിനലും സ്ത്രീ പീഡകനുമായ ‘ ബാഹുബലി’ എം.പി. ബ്രിജ്ഭൂഷന്‍ തന്റെ ബേനാമിയിലൂടെ wrestling federation of india യുടെ നേതൃത്വം തിരിച്ചുപിടിച്ചതും തത്ഫലമായി സാക്ഷി മാലിക് എന്ന അയാളാല്‍ പീഡിതയായ ഗുസ്തി താരം തന്റെ തിളങ്ങുന്ന career കണ്ണുനീരോടെ അവസാനിപ്പിച്ചതും.

ഈ സംഭവം ബിജെപിയുടെ രാജര്‍ഷി മുഖംമൂടിക്ക് പിന്നില്‍ വാസ്തവത്തില്‍ ഉള്ളത് ബ്രിജഭൂഷന്‍ സംസ്‌കാരമാണ് എന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ്. സര്‍ക്കാരിന്റെ Beti Bachao Beti Padhao(BBBP) തുടങ്ങിയ പദ്ധതികള്‍ പതിവു തള്ളലുകള്‍ ആണോ പ്രയോഗത്തില്‍ ഉള്ളതാണോ എന്ന് എനിക്കറിയില്ല. പ്രയോഗത്തില്‍ ഉള്ളതാണെങ്കില്‍ തന്നെ ഇന്ന് അതിനര്‍ത്ഥം’ ഞങ്ങളുടെ ഗുണ്ടാ വി വി ഐ പി കള്‍ ആദ്യം അവരെ ഒന്ന് പീഡിപ്പിച്ചോട്ടെ, എന്നിട്ട് പെണ്‍മക്കള്‍ക്ക് ശാക്തീകരണവും ക്ഷേമപ്രവര്‍ത്തനവും നടത്തിത്തരാം ‘ എന്ന നിശബ്ദ പ്രഖ്യാപനമാണ്.

ഒരു പെണ്‍കുട്ടി ലോക നിലവാരത്തിലുള്ള ഒരു കായിക താരമായി വളര്‍ന്ന് രാജ്യത്തിന് യശസ്സ് കൊണ്ടുവരുന്നതിനു മുന്‍പ് എത്ര കണ്ണീരും വിയര്‍പ്പും ഒഴുക്കിയിട്ടുണ്ടാവും എന്ന് മതജാതികള്‍ ചൂഷണം ചെയ്ത്, അഴിമതി നടത്തി, കൊലപാതകങ്ങള്‍ നടത്തി അധികാരത്തിലെത്തുന്നവര്‍ക്ക് മനസ്സിലാവില്ല.

ലോകമാധ്യമങ്ങള്‍ മുഴുവന്‍ ഈ നാറിയ കഥ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പക്ഷേ ആര്‍ക്ക് നാണം? മാനം? ലോക മനസ്സാക്ഷിയും രാജ്യ മനസ്സാക്ഷിയും ഒക്കെ ചത്തുപോയിട്ട് പത്തിരുപത് കൊല്ലമായി.

ആ പെണ്‍കുട്ടി കണ്ണീരോടെ ഷൂസ് ഊരിവച്ച് താന്‍ ആത്മസമര്‍പ്പണം ചെയ്ത രംഗം വിടുമ്പോള്‍ വാസ്തവത്തില്‍ അത് ഭരണകൂട കാപട്യത്തിന്റെ മുഖത്ത് വന്നു പതിക്കുന്ന ആ ഷൂസുകള്‍ കൊണ്ടുള്ള അടിയാണ്.

ചില ബിജെപി ഹാന്‍ഡിലുകള്‍ സാക്ഷിയുടെ വിരമിക്കലിനെ വിശേഷിപ്പിക്കുന്നത് നിക്ഷിപ്ത താല്പര്യരാഷ്ട്രീയമെന്നാണ്. അവന്റെയൊക്കെ പെങ്ങളോ മകളോ ഇരയാവുമ്പോഴേ അവനതിന്റെ വേദനയറിയൂ. പാര്‍ട്ടി ഭ്രാന്ത് കുറച്ചുകൂടി മൂത്താല്‍ അവന് ആ വേദന പോലും അറിയാതെയാവും.