കൊല്ലം: ഇതരസംസ്ഥാന തൊഴിലാളിയെ കഴുത്തറുത്തശേഷം ജീവനോടെ ചതുപ്പില്‍ താഴ്ത്തി. കൊട്ടിയത്തിനടുത്ത് നെടുമ്പന മുട്ടയ്ക്കാവിലാണ് സംഭവം. പശ്ചിമബംഗാള്‍ കുച്ച്ബിഹര്‍ സ്വദേശി അല്‍ത്താഫ് മിയ (29) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്തുക്കളായ രണ്ട് ബംഗാള്‍ സ്വദേശികളെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പശ്ചിമബംഗാള്‍ ജല്‍പായ്ഗുഡി സ്വദേശികളായ ബികാസ് സെന്‍ (30), അന്‍വര്‍ മുഹമ്മദ് (24) എന്നിവരെയാണ് കണ്ണനല്ലൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. മുട്ടയ്ക്കാവിലുള്ള കശുവണ്ടി ഫാക്ടറി തൊഴിലാളിയാണ് മരിച്ച അല്‍ത്താഫ്.
അല്‍ത്താഫ് മിയയെ കഴിഞ്ഞ 17 മുതല്‍ കാണ്മാനില്ലായിരുന്നു. ചീട്ടുകളിയില്‍ സ്വന്തമാക്കിയ പണം ഇയാളില്‍ നിന്നും കൈക്കലാക്കാനാണ് കൊലപാതകം നടത്തിയതെന്നാണ് പിടിയിലായവര്‍ പൊലീസിനോട് പറഞ്ഞത്. ബ്ലേഡ് ഉപയോഗിച്ച് കഴുത്തറുത്തശേഷം താമസിക്കുന്നതിനു സമീപത്തുള്ള ആളൊഴിഞ്ഞ ചതുപ്പില്‍ താഴ്ത്തിയെന്നാണ് വെളിപ്പെടുത്തല്‍. ചതുപ്പില്‍ താഴ്ത്തിയ അല്‍ത്താഫ്മിയയുടെ മൃതദേഹം പൊലീസ് കണ്ടെടുത്തു.
അല്‍ത്താഫിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍, ഇയാളുടെ ഫോണിലേക്ക് അവസാനം വിളിച്ചത് ബികാസും അന്‍വറുമാണെന്നു പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇരുവരേയും ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. എന്നാല്‍ കുറ്റകൃത്യം പുറത്തു വരാതിരിക്കാന്‍ സുഹൃത്ത് തന്നേയും കൊലപ്പെടുത്തുമോ എന്ന് ഭയന്ന ബികാസ് സെന്‍ ഒരു മലയാളി സുഹൃത്തിനെ വിവരം അറിയിക്കുകയായിരുന്നു. ഇയാളാണ് പൊലീസിനെ വിവരം അറിയിക്കുന്നത്.