തമ്മില്‍ ഭേദം സിദ്ധാന്തത്തില്‍ നിന്ന് പൗരന്മാര്‍ മുക്തരാവണം, കക്ഷികള്‍ ഒരോന്നും കൊളളക്കാരാണ്, ഏകോദര സഹോദരരാണ്

Articles

വിപല്‍ സന്ദേശം / സി ആര്‍ പരമേശ്വരന്‍

വിവരാവകാശനിയമത്തെ വന്ധീകരിക്കാനുള്ള സംഘപരിവാര്‍ സര്‍ക്കാരിന്റെ നീക്കം നമ്മുടെ ഭരണകൂടങ്ങള്‍ എല്ലാം തന്നെ തികഞ്ഞ ജനശത്രുക്കള്‍ ആണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നു. വിവരാവകാശ പ്രവര്‍ത്തകര്‍ക്കെതിരെ പലപ്പോഴായി ഇന്ത്യയില്‍ മുന്നൂറില്‍ അധികം ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്.79 കൊലപാതകങ്ങളും 5 ആത്മഹത്യകളും ഉള്‍പ്പടെ. നമ്മുടെ കാലത്തെ ഏറ്റവും ധീരന്മാരായ യോദ്ധാക്കളും മഹാന്മാരായ രക്തസാക്ഷികളും ആയി എണ്ണപ്പെടേണ്ടവര്‍ ആണ് ഇവരിലോരുത്തരും.

ഭരണകൂടങ്ങളൊന്നും അഴിമതിയുടെ നിഗ്രഹകരല്ല,സംരക്ഷകര്‍ ആണ്.ഉദാഹരണത്തിന്, കേന്ദ്രത്തില്‍ ലോകപാല്‍ എന്നൊരു സ്ഥാപനമുണ്ട് എന്ന് നിങ്ങള്‍ക്കറിയാമോ? 2013 ല്‍ പാസ്സാക്കിയ ലോക്പാല്‍ നിയമം സുപ്രീം കോടതി പല വട്ടം താക്കീത് ചെയ്കയാല്‍ മാത്രം 2019ല്‍ ആണ് പ്രാവര്‍ത്തികം ആയത്. ഇഅഏ യുടെയും സുപ്രീം കോടതി ജഡ്ജിയുടെയും നിലവാരത്തില്‍ ഉള്ള ആളുകള്‍ ഉള്‍ക്കൊള്ളുന്ന ആ സ്ഥാപനം ജന്മനാ നിര്‍വീര്യമായ നിലയിലാണ് പിറവി കൊണ്ടത്. അതിന്റെ എന്തെങ്കിലും അഴിമതിവിരുദ്ധ പ്രവര്‍ത്തനത്തെ കുറിച്ച് നിങ്ങള്‍ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? ഒരു മുഖ്യലോകപാലനും ആറ് ലോകപാലന്മാരും കൂടി ഏഴു പേര്‍ക്ക് തീറ്റ കൊടുക്കുന്നുണ്ട്. ആദ്യം ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വിശാലമായ സ്ഥലം എടുത്ത് അവിടെയായിരുന്നു ഓഫീസ്. ഇപ്പോള്‍ എവിടെയോ, എന്തോ.

കേരളത്തിലെ മുഖ്യന്,തന്റെ തടി രക്ഷിക്കാന്‍ ലോകായുക്തയെ നിയമനിര്‍മ്മാണം നടത്തി ഷണ്ഡീകരിക്കേണ്ടി വന്നു. കേന്ദ്രത്തിലെ ലോക്പാലിന്റെ കാര്യത്തില്‍ അതും വേണ്ടി വന്നില്ല. അത് ജന്മനാ നിര്‍വീര്യമാണ്.ലോകായുക്തനിയമത്തിന്റെ ചിറകരിയാനുള്ള കേരളത്തിലെ കമ്മിശ്രമങ്ങള്‍ക്ക് തടയിടുന്ന ഗവര്‍ണറെ വാഴ്ത്തിപ്പാടുന്ന സംഘികളുടെ അഴിമതി സംബന്ധമായ നിലപാടുകളും സമാനമാണ് എന്ന് ചൂണ്ടിക്കാട്ടുകയാണ്.

കേരളത്തില്‍ വിജിലന്‍സിന്റെ മൂക്കും മുലയും അരിയുന്ന കര്‍മ്മമാണ് അഴിമതിപൂരിതപിണറായിഭരണം ആദ്യമേ തന്നെ നടത്തിയത്. അന്ന് ഇവിടത്തെ കോണ്‍ഗ്രസ് പ്രതിപക്ഷം ഫലപ്രദമായി എന്തെങ്കിലും ശബ്ദിച്ചോ?ബി. ജെ. പി. ശബ്ദിച്ചോ?പൊതുസമൂഹം ശബ്ദിച്ചോ?ഇല്ല. കാരണം, അവരെ സംബന്ധിച്ചും സ്വാഗതാര്‍ഹമായ ഒരു നടപടിയായിരുന്നു അത്.

അഴിമതി നിര്‍മ്മാര്‍ജ്ജനത്തിന്റെ കാര്യത്തില്‍ പ്രഥമ ഗണനീയമാണ് മാധ്യമങ്ങളുടെ ചുമതലകള്‍. മുഖ്യധാരാമാധ്യമങ്ങള്‍ ഇന്ന് ആദ്യമായും അവസാനമായും വ്യവസായങ്ങള്‍ ആണ്.യഥാര്‍ത്ഥത്തില്‍ ഇന്ന് മാധ്യമധര്‍മ്മം നിര്‍വഹിക്കുന്നത്, പല പരിമിതികളോടെയും, സാമൂഹ്യ മാധ്യമങ്ങള്‍ ആണ്.അവയെ കൂടി നിശ്ശബ്ദമാക്കാന്‍ കേന്ദ്രത്തില്‍ മാധ്യമമാരണനിയമം ആരില്‍ നിന്നും കാര്യമായ എതിര്‍പ്പുകള്‍ നേരിടാതെ തന്നെ തയ്യാറായി വരുന്നു. അതിന്റെ കേരളാപ്പതിപ്പ് നടപ്പാക്കുന്നതില്‍ ഒരിക്കല്‍ പരാജയപ്പെട്ട പിണറായി വിജയന്‍ വീണ്ടും അതിന്റെ പുതിയ രൂപത്തിന്റെ പണിപ്പുരയില്‍ തയ്യാറെടുക്കുകയാണ്.

എല്ലാ ഭരണകൂടങ്ങളുടെയും ചുറ്റും പറ്റിത്തിന്നുകൊണ്ട് ലക്ഷങ്ങള്‍ വരുന്ന ഒരു പരാദവര്‍ഗ്ഗം എക്കാലത്തും ഉണ്ടാകും .ഉദാഹരണത്തിന്, ഇപ്പോഴത്തെ കേരളഭരണത്തിന് ചുറ്റുമുള്ള പത്തോ ഇരുപതോ ലക്ഷം വരുന്ന സി. പി. എമ്മിന്റെ പോഷകാസംഘടനാംഗങ്ങളെ പോലെ.എന്നാല്‍,അങ്ങനെ ഒരു മെച്ചവും കാംക്ഷിക്കാത്ത, ജനാധിപത്യം ശുദ്ധീകരിക്കപ്പെടണം എന്ന് മാത്രം ആഗ്രഹിക്കുന്ന ഭൂരിപക്ഷം വരുന്ന സംസാരശേഷിയുള്ള ഒരു മധ്യവര്‍ഗ്ഗം ഉണ്ട്. അവര്‍ ആദ്യം ചെയ്യേണ്ടത് ‘കോണ്‍ഗ്രസ് തമ്മില്‍ ഭേദമാണ്,’ ‘ബി. ജെ. പി.തമ്മില്‍ ഭേദമാണ്’, ‘ സി. പി. എം. തമ്മില്‍ ഭേദമാണ് ‘ എന്ന വായ്ത്താരിയില്‍ നിന്ന് മുക്തമാകുകയാണ്.

ഈ പാര്‍ട്ടികള്‍ ഓരോന്നും ചെയ്ത നൂറു നൂറു ജനവിരുദ്ധപാതകങ്ങള്‍ സമീപഭൂതകാലത്തില്‍ നിന്ന് തന്നെ നമുക്ക് കണ്ടെത്താം എന്നിരിക്കെ,വെറും സെന്റിമെന്റലിസത്തില്‍ അധിഷ്ഠിതമായ മിഥ്യാധാരണയാണ് ഈ ‘തമ്മില്‍ ഭേദം തൊമ്മന്‍’ സിദ്ധാന്തം.തന്നെയുമല്ല, ഒരു ‘എതിര്‍’പാര്‍ട്ടി കുറ്റവാളി എപ്പോഴും അയാളുടെ ‘ശത്രു’പാര്‍ട്ടിഭരണകൂടത്താല്‍ സംരക്ഷിക്കപ്പെടും എന്നത് ഉറപ്പാണ്.ഇപ്പോഴത്തെ ലാവ്‌ലിന്‍ സര്‍ണ്ണക്കടത്ത് ഹവാല കുറ്റവാളിയുടെ സംരക്ഷണം സംഘപരിവാര്‍ ഏറ്റെടുത്തിരിക്കുന്നത് പോലെ.ഈ പ്രകടസത്യം മനസ്സിലാക്കപ്പെടുന്നില്ലെങ്കില്‍ രാഷ്ട്രീയം എനിക്കും നിങ്ങള്‍ക്കും ഒരു മധ്യവര്‍ഗ്ഗവിനോദമാണ്.

ഈ കക്ഷികള്‍ ഓരോന്നും കൊള്ളസംഘങ്ങള്‍ ആണ്. ഏകോദരസഹോദരങ്ങള്‍ ആണ്.വേദനിപ്പിക്കുന്നതാണ് ഈ പ്രസ്താവങ്ങള്‍ എങ്കിലും ജനാനുഭവം വച്ച് നോക്കുമ്പോള്‍ സത്യമാണിവ.ജനാധിപത്യം ആധുനികവും ശുദ്ധീകരിക്കപ്പെട്ടതും ആകണം എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ആദ്യം വേണ്ടത് ഈ യാഥാര്‍ഥ്യബോധം ആണ്.

ഇങ്ങനെയൊക്കെ പറയുന്നത് അരാഷ്ട്രീയതയല്ലേ? അരാജകത്വമല്ലേ? അല്ല. ഇപ്പറയുന്നതാണ് യഥാര്‍ത്ഥ രാഷ്ട്രീയം. നിയമവാഴ്ചക്കു വേണ്ടിയുള്ള വിലാപം. ഭരണഘടനയുടെ ആമുഖം പൗരന് നല്‍കുന്ന ചില വിലപ്പെട്ട വാഗ്ദാനങ്ങള്‍ ഉണ്ട്. ആ വാഗ്ദാനങ്ങളില്‍ നിന്ന് ഈ കൊള്ളസംഘങ്ങള്‍ എത്ര ദൂരെ ആണെന്ന്, കുറച്ച് നേരം ചിന്തിച്ചാല്‍, തിരിച്ചറിഞ്ഞാല്‍ ഈ പാര്‍ട്ടികളും അവരുടെ വക്താക്കളും ആണ് ശരിക്കും അരാഷ്ട്രീയര്‍, അരാജകവാദികള്‍ എന്ന് മനസ്സിലാകും.

ആ ഭരണഘടനാവാഗ്ദാനങ്ങള്‍ സ്രഷ്ടാക്കളുടെ,സാധ്യമാക്കാന്‍ ആകാത്ത,വെറും സ്വപ്നദര്‍ശനങ്ങള്‍ അല്ല.ലോകത്തിലെ പല ആധുനിക ജനാധിപത്യങ്ങളിലും അല്ലറ ചില്ലറ കുറവുകളോടെയാണെങ്കിലും പ്രയോഗത്തില്‍ ഉള്ളവയാണ് അവ . അത് കൊണ്ടാണ് ആ രാജ്യങ്ങള്‍ ആഗോളമാനവികവികസനസൂചികകളില്‍ എല്ലാ കാര്യങ്ങളിലും,എപ്പോഴും പത്തില്‍ താഴെയും നമ്മുടെ രാജ്യം എപ്പോഴും നൂറിനു മുകളിലും നില്‍ക്കുന്നത്.ഇത് അഭ്യസ്തവിദ്യനായ ഓരോ ഇന്ത്യക്കാരനെയും നാണിപ്പിക്കേണ്ടതാണ്.

കഴിഞ്ഞ അര നൂറ്റാണ്ടായി സംഭവിച്ച ഏതെങ്കിലും നല്ല ഭരണപരിഷ്‌ക്കാരങ്ങളും സാമൂഹ്യപരിഷ്‌കാരങ്ങളും നമ്മുടെ രാഷ്ട്രീയക്കാര്‍ സ്വമേധയാ കൊണ്ടു വന്നതല്ല. ലോകജനാധിപത്യചരിത്രത്തില്‍ തന്നെ ഉയര്‍ന്ന സ്ഥാനമുള്ള വിശ്വപൗരന്മാരാല്‍ സൃഷ്ടിക്കപ്പെട്ടതാണ് നമ്മുടെ ഭരണഘടന. വിവരാവകാശനിയമം, ലോക് പാല്‍ നിയമം, മനുഷ്യാവകാശ കമ്മീഷനുകള്‍ മുതലായവ എല്ലാം തന്നെ സ്വതന്ത്രജനകീയപ്രസ്ഥാനങ്ങളുടെ പ്രക്ഷോഭങ്ങളോ സമ്മര്‍ദ്ദങ്ങളോ മൂലമുണ്ടായവയാണ്. പിന്നെ, അത്തരം സാമൂഹ്യപ്രസ്ഥാനങ്ങള്‍ ശിഥിലമാവുകയോ ജനങ്ങളുടെ ജാഗ്രത ഇക്കാര്യങ്ങളില്‍ കുറയുകയോ ചെയ്തപ്പോള്‍ ഇത്തരം കമ്മീഷനുകള്‍ രാഷ്ട്രീയപാര്‍ട്ടികളുടെ അനുബന്ധങ്ങള്‍ മാത്രമായി ഗുണരഹിതമായി.

അഴിമതി തടയാന്‍ ബാധ്യസ്ഥമായ ഭരണകൂടസ്ഥാപനങ്ങളും അന്വേഷണ ഏജന്‍സികളും പോലും അഴിമതിരാഷ്ട്രീയക്കാരുടെ വേലക്കാരെ പോലെ പ്രവര്‍ത്തിക്കുന്ന അസംബന്ധം ആണ് നാമിന്ന് കാണേണ്ടി വരുന്നത് .ഈ സാഹചര്യത്തില്‍ ആണ് സര്‍ക്കാരുകള്‍ തക്കം പാര്‍ത്ത് വിവരവകാശനിയമം പോലുള്ളവയുടെയും ലോകായുക്തനിയമം പോലുള്ളവയുടെയും ചിറക് പൂര്‍ണ്ണമായും അരിയുന്നത് .

ജനലോക്പാല്‍ നിയമം എന്ന ആശയത്തെ ആസ്പദമാക്കി വമ്പന്‍ സമരം ചെയ്ത് അധികാരത്തില്‍ വന്നതാണ് ആം ആദ്മി പാര്‍ട്ടി. അവന്മാരും അതേക്കുറിച്ചൊന്നും ഇപ്പോള്‍ മിണ്ടുന്നില്ല. അഴിമതി നിരോധനത്തിനുള്ള ഇപ്പോഴുള്ള പല്ലില്ലാത്ത സംവിധാനങ്ങളാണ് അവര്‍ക്കുമിപ്പോള്‍ പഥ്യം!

ജനങ്ങളുടെ ജാഗ്രതക്കുറവിന് ഉദാഹരണമാണ് പിണറായി കൊണ്ടു വന്ന ലോകായുക്ത നിയമഭേദഗതിയോടുള്ള പൊതുസമൂഹത്തിന്റെ പ്രതികരണം . ആ ഭേദഗതികളോടുള്ള പ്രതിപക്ഷത്തിന്റെയും മുഖ്യധാരാ മാധ്യമങ്ങളുടെയും പ്രതിഷേധം വെറും അധരസേവ മാത്രമായിരുന്നു. അവരില്‍ നിന്ന് ജനങ്ങള്‍ കാര്യമായി ഒന്നും പ്രതീക്ഷിക്കേണ്ടതില്ല .ഭേദഗതിക്കെതിരെ പ്രതിരോധിക്കേണ്ടിയിരുന്നത് ഗവര്‍ണ്ണറും അല്ല. അദ്ദേഹവും രാഷ്ട്രീയക്കാരന്‍ മാത്രമാണ്. കേന്ദ്രസമ്മര്‍ദ്ദം കൂടിക്കൂടി വന്നാല്‍ അദ്ദേഹവും നിലപാട് മാറ്റുമോ എന്ന് പറയാന്‍ ആവില്ല. ജനങ്ങള്‍ ആണ് പ്രതികരിക്കേണ്ടിയിരുന്നത് .കെ റെയിലിനെതിരെ നടത്തിയത് പോലുള്ള വലിയ ജനകീയപ്രക്ഷോഭം ആണ് വേണ്ടിയിരുന്നത്.