കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി കോടികള്‍ തട്ടിയെടുത്ത ദമ്പതികള്‍ പിടിയിലായി. യു.കെ, സിംഗപ്പൂര്‍, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള ജോലികള്‍ക്കായി വിസ വാഗ്ദാനം ചെയ്താണ് ഇവര്‍ നിരവധി പേരില്‍ നിന്നായി 1.90 കോടി രൂപ തട്ടിയെടുത്തത്. കലൂര്‍ അശോക റോഡില്‍ ടാലന്റിവിസ് എന്ന പേരില്‍ വ്യാജ റിക്രൂട്ട്‌മെന്റ് സ്ഥാപനം നടത്തിയ കൊടുങ്ങല്ലൂര്‍ ശൃംഗപുരം ഭാരതീയ വിദ്യാഭവന്‍ സ്‌കൂളിനുസമീപം അനീഷ്(45), ഭാര്യ കൊല്ലം ഈസ്റ്റ് കല്ലട മണിവീണ വീട്ടില്‍ ചിഞ്ചു എസ്. രാജ്(45) എന്നിവരാണ് അറസ്റ്റിലായത്.
ഡിജിറ്റല്‍ മാര്‍ക്കറ്റിങ് സൈറ്റ് വഴി പരസ്യം ചെയ്താണ് പ്രതികള്‍ ഉദ്യോഗാര്‍ഥികളെ ആകര്‍ഷിച്ചത്. പണം നേരിട്ട് കൈപ്പറ്റാതെ പെരുമ്പാവൂര്‍ സ്വദേശിയായ ഏജന്റ് ബിനില്‍കുമാര്‍ മുഖേനയാണ് പണം വാങ്ങിയത്. ബിനില്‍കുമാറിന്റെ പരാതിയില്‍ നോര്‍ത്ത് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. നിരവധി ഉദ്യോഗാര്‍ഥികളുടെ പാസ്‌പോര്‍ട്ട് അടക്കം രേഖകളും വിവിധ തരത്തിലുള്ള സീലുകളും പ്രതികളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ചിഞ്ചു നേരത്തേ ഡല്‍ഹിയില്‍ ട്രാവല്‍ ഏജന്‍സിയില്‍ ജോലി ചെയ്തിട്ടുണ്ട്. ഈ പരിചയം മുതലാക്കിയായിരുന്നു തട്ടിപ്പ് നടത്തിയത്.
നോര്‍ത്ത് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പ്രതാപ്ചന്ദ്രന്റെ നേതൃത്വത്തില്‍ എസ്.ഐ ടി.എസ്. രതീഷ്, എന്‍.ഐ. റഫീഖ്, സീനിയര്‍ സി.പി.ഒ വാസവന്‍, സി.പി.ഒമാരായ വിനീത്, ലിബിന്‍രാജ്, ജിത്തു, വനിത പൊലീസുകാരായ ജയ, സുനിത എന്നിവരാണ് അന്വേഷണം നടത്തിയത്.