ബംഗളൂരു: ഹണി ട്രാപ്പില്‍ കുടുക്കി പണം തട്ടുന്ന സംഘത്തിലെ മുഖ്യകണ്ണി അറസ്റ്റില്‍. മുംബൈ സ്വദേശിനിയായ നേഹ മെഹര്‍ (27) ആണ് ബംഗളുരു പൊലീസിന്റെ പിടിയിലായത്. താമസിക്കുന്ന ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തിയാണ് നേഹ ഹണി ട്രാപ്പില്‍ പെടുത്തിയിരുന്നത്. തട്ടിപ്പ് സംഘത്തിലെ മുഖ്യകണ്ണിയാണ് മോഡല്‍ കൂടെയായ നേഹ മെഹര്‍. പന്ത്രണ്ട് പേരെയാണ് ഇതിനോടകം നേഹ തന്റെ കെണിയില്‍ അകപ്പെടുത്തിയത്. ഇവരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുക്കുകയും ചെയ്തു. സോഷ്യല്‍ മീഡിയ വഴിയാണ് നേഹ ഇരകളെ വലയിലാക്കിയത്.
നേഹയുടെ സംഘത്തിലെ മൂന്നുപേര്‍ കഴിഞ്ഞ ദിവസം പൊലീസിന്റെ പിടിയിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതോടെയാണ് നേഹയെ കുറിച്ചും തട്ടിപ്പിന്റെ കേന്ദ്രത്തെ കുറിച്ചും പൊലീസിന് വിവരം ലഭിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ സൗഹൃദം സ്ഥാപിക്കുകയും പിന്നീട് വശീകരിച്ച് ഫ്‌ളാറ്റില്‍ എത്തിക്കുകയുമാണ് നേഹയുടെ രീതി. സോഷ്യല്‍ മീഡിയയില്‍ നേഹയുടെ ഫോട്ടോയും മറ്റും കണ്ട് ആകൃഷ്ടരാകുന്നവരെ ഫ്‌ളാറ്റിലെത്തിക്കും. ഇവര്‍ എത്തുന്നതോടെ നേഹയുടെ സംഘത്തിലെ യുവാക്കളും ഫ്‌ളാറ്റിലെത്തും. പിന്നീട് ഭീഷണിപ്പെടുത്തി ഇവരില്‍ നിന്നും പണം കൈക്കലാക്കുകയാണ് രീതി.
ഇത്തരത്തില്‍ തട്ടിപ്പിന് ഇരയായ ഒരു വ്യക്തി പുട്ടനഹള്ളി പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഘത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തറിയുന്നത്. പൊലീസ് ജെ പി നഗറിലെ ഫഌറ്റില്‍ നടത്തിയ തിരച്ചിലില്‍ ശരണപ്രകാശ്, അബ്ദുള്‍ ഖാദര്‍, യാസിന്‍ എന്നിവരായിരുന്നു പിടിയിലായിരുന്നത്. ഫ്‌ളാറ്റില്‍ പരിശോധന നടക്കുമ്പോള്‍ നേഹ മുംബൈയിലായിരുന്നു. നേഹയുടെ മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ബംഗളുരു പൊലീസ് മുംബൈയില്‍ നിന്നും ഇവരെ പിടികൂടുന്നത്.