സ്‌കൂള്‍ അധ്യാപികയുടെ മൃതദേഹം ക്ഷേത്രത്തിന് സമീപം കുഴിച്ചുമൂടിയ നിലയില്‍

Crime

ബംഗളൂരു: കാണാതായ സ്‌കൂള്‍ അധ്യാപികയുടെ മൃതദേഹം ക്ഷേത്രത്തിന് സമീപം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. മണ്ഡ്യയിലെ മേലുകോട്ടെയില്‍ കാണാതായ സ്വകാര്യ സ്‌കൂള്‍ ടീച്ചറുടെ മൃതദേഹമാണ് ക്ഷേത്രത്തിനു സമീപം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയത്. പാണ്ഡവപുര മാണിക്യഹള്ളിയില്‍ ദീപിക വി.ഗൗഡയുടെ (28) മൃതദേഹമാണ് മറവു ചെയ്ത നിലയില്‍ കണ്ടെടുത്തത്. ശനിയാഴ്ച രാവിലെ സ്‌കൂട്ടറില്‍ സ്‌കൂളിലേക്കു പോയ ഇവര്‍ മടങ്ങിയെത്തിയില്ലെന്നു ഭര്‍ത്താവ് ലോകേഷ് പരാതി നല്‍കിയിരുന്നു.

പ്രദേശവാസിയായ നിതീഷ് എന്നയാളാണ് ദീപികയെ അവസാനം വിളിച്ചതെന്നും നിതീഷാണ് കൊന്നതെന്നും കുടുംബാംഗങ്ങള്‍ ആരോപിക്കുന്നു. മൃതദേഹം കണ്ടെത്തിയതിനുശേഷം നിതീഷ് ഒളിവിലാണ്. നിതീഷ് ഒളിവില്‍ പോയതു കൊണ്ട് തന്നെ ഈ വാദം പൊലീസും ഗൗരവത്തോടെയാണ് കാണുന്നത്. നിതീഷിനെ കണ്ടെത്തിയാല്‍ മാത്രമേ വസ്തുത പുറത്തുവരൂ. നിതീഷിന് വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

മേലുകോട്ടെ യോഗനരസിംഹ ക്ഷേത്ര വളപ്പില്‍ നിന്ന് സ്‌കൂട്ടര്‍ കണ്ടെടുത്തതോടെയാണ് ഈ പ്രദേശത്ത് കുടുംബാംഗങ്ങള്‍ തിരച്ചില്‍ നടത്തിയത്. ഇളകിക്കിടന്ന മണ്ണിനിടയില്‍ നിന്ന് ദീപികയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. ഭര്‍ത്താവിനും ഏഴുവയസ്സുള്ള മകനുമൊപ്പമായിരുന്നു അധ്യാപികയുടെ താമസം.

ശനിയാഴ്ച രാവിലെ ഒമ്പതോടെ സ്‌കൂട്ടറില്‍ സ്‌കൂളിലേക്ക് പോയതാണ് ദീപിക. സ്‌കൂള്‍ സമയം കഴിഞ്ഞിട്ടും വീട്ടില്‍ തിരിച്ചെത്തിയില്ല. കാണാത്തതിനെത്തുടര്‍ന്ന് ഭര്‍ത്താവ് ലോകേഷ് ഉച്ചയ്ക്ക് ഒന്നരയോടെ ദീപികയെ ഫോണില്‍ വിളിച്ചപ്പോള്‍ സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്ന് സ്‌കൂളിലെത്തി അന്വേഷിച്ചപ്പോള്‍ ഉച്ചയ്ക്ക് 12ന് ദീപിക സ്‌കൂട്ടറില്‍ മടങ്ങിയതായി മനസ്സിലാക്കി. ഇതിനിടെയാണ് സ്‌കൂട്ടര്‍ കിട്ടിയത്.