മധ്യവയസ്‌കനെ ഭീഷണിപ്പെടുത്തി സ്വര്‍ണവും ഫോണും കവര്‍ന്നവര്‍ പിടിയില്‍

Crime

കോട്ടയം: കറുകച്ചാലില്‍ മധ്യവയസ്‌കനെ ഭീഷണിപ്പെടുത്തി സ്വര്‍ണവും മൊബൈല്‍ ഫോണും കവര്‍ന്ന രണ്ടുപേര്‍ പൊലീസിന്റെ പിടിയില്‍. കൂരോപ്പട ളാക്കാട്ടൂര്‍ കവല ആനകല്ലുങ്കല്‍ നിതിന്‍ കുര്യന്‍(33), കാനം തടത്തിപ്പടി കുമ്മംകുളം അനില്‍ കെ. ഉതുപ്പ്(53) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

15നു വൈകുന്നേരം നാലോടെയാണ് സംഭവം. കറുകച്ചാലില്‍ പ്രവര്‍ത്തിക്കുന്ന ബാറിന് മുന്നില്‍വച്ചു മധ്യവയസ്‌കന്റെ കാറില്‍ ഇവര്‍ ലിഫ്റ്റ് ചോദിച്ചു കയറി. തുടര്‍ന്ന് യാത്രാമധ്യേ മധ്യവയസ്‌കനെ ആക്രമിച്ചും ഭീഷണിപ്പെടുത്തിയും മോതിരവും മൊബൈല്‍ ഫോണും കവര്‍ന്നെടുക്കുകയായിരുന്നു.

തുടര്‍ന്ന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത കറുകച്ചാല്‍ പൊലീസ് ഇരുവരെയും പിടികൂടുകയായിരുന്നു. നിതിന്‍ കുര്യന്‍ പാമ്പാടി സ്‌റ്റേഷനിലെ ആന്റിസോഷ്യല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ്. എസ് എച്ച് ഒ പ്രശോഭ്, എസ് ഐ അനുരാജ്, സി പി ഒമാരായ അന്‍വര്‍ കരീം, പ്രദീപ്, അരുണ്‍, നിയാസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.