സുല്‍ത്താന്‍ ബത്തേരി: വാകേരിയില്‍ നിന്നും നരഭോജി കടുവയെ പിടികൂടി ഒരാഴ്ച്ച തികയും മുമ്പ് വീണ്ടും കടുവയുടെ സാന്നിധ്യമുണ്ടായത് പ്രദേശത്തെ ജനങ്ങളെ ഭീതിയിലാഴ്ത്തി. കഴിഞ്ഞ ദിവസം പശുക്കിടാവിനെ കൊന്നു ഭക്ഷിച്ച കടുവ വീണ്ടും തൊഴുത്തിലെത്തിയതോടെയാണ് കടുവയെ പിടികൂടാന്‍ ഒരു നീക്കവും നടത്താത്ത വനം വകുപ്പിനെതിരെ പ്രതിഷേധം ഉയരുന്നത്.
ഇവിടെ സ്ഥാപിച്ച സിസി ടിവി ക്യാമറയില്‍ കടുവയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഇന്നലെ കൊന്ന പശുക്കിടാവിന്റെ അവശിഷ്ടം തേടിയാണ് കടുവ വീണ്ടും എത്തിത്. തൊഴുത്തിലെത്തി അവശിഷ്ടങ്ങള്‍ കൂടി ഭക്ഷിച്ച ശേഷമാണ് കടുവ പോയത്.
വാകേരി സിസിയിലെ ഞാറക്കാട്ടില്‍ സുരേന്ദ്രന്റെ തൊഴുത്തില്‍ നിന്നാണ് ഒരു ദിവസം മുമ്പ് കടുവ എട്ടുമാസം പ്രായമുള്ള പശുക്കിടാവിനെ കൊന്നത്. പാതിയിലേറെ ഭക്ഷിച്ച നിലയിലായിരുന്നു ജഡം. തൊഴുത്തില്‍ പശുവും ഉണ്ടായിരുന്നു. എന്നാല്‍, കയര്‍ പൊട്ടിച്ച് ഓടിയതോടെ പശു രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇവിടെ സിസി ടിവി ക്യാമറ സ്ഥാപിച്ചു. ഇതിലാണ് ഇന്നലെ രാത്രി വീണ്ടും കടുവയുടെ ദൃശ്യം പതിഞ്ഞത്. പാതിഭക്ഷിച്ചുപോയ പശുക്കിടാവിന്റെ അവശിഷ്ടങ്ങള്‍ കഴിക്കാനാണു കടുവ ഇവിടെ എത്തിയതെന്നാണ് ദൃശ്യങ്ങളില്‍ കാണുന്നത്.
കടുവയെ പിടികൂടാന്‍ ഉടന്‍ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാല്‍ ക്യാമറകളില്‍ കടുവയുടെ ചിത്രം പതിഞ്ഞ ശേഷം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുമതി ലഭ്യമാകുന്ന മുറയ്ക്കു കൂട് സ്ഥാപിക്കുമെന്നായിരുന്നു വനംവകുപ്പിന്റെ നിലപാട്. ജനപ്രതിനിധികളും വിഷയത്തില്‍ ഇടപെട്ടു. തുടര്‍ന്ന് സ്ഥലത്ത് വിവിധയിടങ്ങളിലായി 10 ക്യാമറകള്‍ സ്ഥാപിച്ചു. മുഴുവന്‍ സമയ പട്രോളിങ്ങും കാവലും ഏര്‍പ്പെടുത്തി.
ജനവാസ മേഖലയില്‍ കടുവയുടെ ആക്രമണം ഉണ്ടായതോടെ കടുത്ത ഭീതിയിലാണ് നാട്ടുകാര്‍. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ രോഷപ്രകടനവുണ്ട്. ഇപ്പോള്‍ പശുവിനെ ആക്രമിച്ച കടുവ നരഭോജിയാകണോ അതിനെ പിടികൂടാന്‍ എന്നാണ് നാട്ടുകാരുടെ ചോദ്യം. വാകേരി കൂടല്ലൂരില്‍ ക്ഷീരകര്‍ഷകനെ കടുവ കടിച്ചുകൊന്നതിനെ തുടര്‍ന്ന് മേഖലയാകെ ഭീതിയിലായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആ കടുവയെ പിടികൂടി തൃശൂരിലെ പുത്തൂര്‍ മൃഗശാലയിലേക്കു മാറ്റിയത്. ഇതോടെ ആശ്വാസമായെന്ന ധാരണയിലായിരുന്നു നാട്ടുകാര്‍. എന്നാല്‍, തൊട്ടടുത്ത ദിവസം തന്നെ വാകേരിക്കടുത്ത് കല്ലൂര്‍കുന്നില്‍ നാട്ടുകാര്‍ കടുവയെ കണ്ടു. കല്ലൂര്‍കുന്ന് സെന്റ് ആന്റണീസ് പള്ളിക്ക് സമീപമാണ് റോഡ് മുറിച്ച് കടക്കുന്ന കടുവയെ നാട്ടുകാര്‍ കണ്ടത്. ഇപ്പോള്‍ പശുക്കിടാവിനെ കൊന്നതോടെ വീണ്ടും മേഖലയാകെ കടുവ ഭീതിയിലായി.