കോഴിക്കോട്: ദുബൈ, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളിലുള്ളതു പോലെ സാമുദായിക സൗഹാര്‍ദവും ജനങ്ങള്‍ക്കിടയില്‍ സന്തോഷവും വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യം മുന്‍നിറുത്തി രാജ്യത്ത്കമ്മ്യൂണല്‍ ഹാര്‍മണി ഡിപ്പാര്ട്ട്‌മെന്റ് രൂപീകരിക്കണമെന്ന് ‘മലബാര്‍ ഇനീഷ്യേറ്റീവ് ഫോര്‍ സോഷ്യല്‍ ഹാര്‍മണി’ (മിഷ്)യുടെ ജനറല്‍ ബോഡി യോഗം ബന്ധപ്പെട്ടവരോടാവശ്യപ്പെട്ടു.
സൗഹാര്‍ദത്തിന് എറെ കേളീകേട്ട നമ്മുടെ രാജ്യത്ത് പോലും നിസ്സാരകാര്യങ്ങള്‍ പര്‍വതീകരിച്ച് ആളുകളെ വിദ്വേഷത്തിലേക്കും കലഹത്തിലേക്കും നയിക്കുന്ന സാഹചര്യങ്ങള്‍ വ്യാപകമായിക്കൊണ്ടിരിക്കേ ജനങ്ങള്‍ക്കിടയില്‍ സൗഹാര്‍ദ്ദവും രഞ്ജിപ്പുമെല്ലാം ഊട്ടിയുറപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുമാണ്. ആയതിനാല്‍ ഈ ലക്ഷ്യം മുന്‍നിര്‍ത്തി സ്ഥിരം പദ്ധതികള്‍ തന്നെ ഉണ്ടാകേണ്ടത് ഏറെ അനിവാര്യമാണെന്നും യോഗം അഭിപ്രായപ്പെട്ടു.
ആയതിനാല്‍ മധ്യപ്രദേശ്, ദുബായ്, ഭൂട്ടാന്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹാപ്പിനസ് ഡിപ്പാര്‍ട്ടുമെന്റ് പോലെ രാജ്യത്തും കേരളത്തിലും ഇത്തരം കൂട്ടായ്മകള്‍ പ്രോത്സാഹിപ്പിക്കാനും മറ്റുമായി ഒരു ‘കമ്മ്യൂണല്‍ ഹാര്‍മണി ഡിപ്പാര്‍ട്ടുമെന്റ്’തന്നെ രൂപീകരിക്കണമെന്ന് ബന്ധപ്പെട്ട ഭരണാധികാരികളോട് യോഗം ആവശ്യപ്പെട്ടു.
ചെയര്‍മാന്‍ പി വി ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എം പി അഹമ്മദ്, വി കെ സി മമ്മദ് കോയ, ഡോ കെ മൊയ്തു, ഫാദര്‍ ജെയിംസ്, എം ഫിറോസ് ഖാന്‍, ആര്‍ ജയന്ത് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കോ ഓര്‍ഡിനേറ്റര്‍ മുസ്തഫ മുഹമ്മദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. യോഗത്തില്‍ ജനറല്‍ സിക്രട്ടറി പി കെ അഹമ്മദ് സ്വാഗതവും ഫാദര്‍ സജീവ് വര്‍ഗീസ് നന്ദിയും പറഞ്ഞു.