പൂപ്പൊലി, മെഡിക്കല്‍ എക്‌സിബിഷനുമായി ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ്

Wayanad

അമ്പലവയല്‍: അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നടത്തുന്ന അന്തര്‍ദേശീയ പുഷ്പ്പമേളയായ പൂപ്പൊലിയില്‍ ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ഒരുക്കിയ മെഡിക്കല്‍ എക്‌സിബിഷന്‍ പവലിയന്‍ സുല്‍ത്താന്‍ ബത്തേരി എം എല്‍ എ ഐ സി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഡീന്‍ ഡോ. ഗോപകുമാരന്‍ കര്‍ത്ത, ആര്‍ എ ആര്‍ എസ് മേധാവി ഡോ. യാമിനി വര്‍മ്മ, മെഡിസിന്‍ വിഭാഗം മേധാവിയും അഡീഷണല്‍ മെഡിക്കല്‍ സൂപ്രണ്ടുമായ ഡോ. അനീഷ് ബഷീര്‍, അനാട്ടമി വിഭാഗം മേധാവി പ്രൊഫസ്സര്‍ ശിവശ്രീരംഗ, കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി പ്രൊഫസര്‍ സുദര്‍ശന്‍ പുട്ടുസ്വാമി, ഡി ജി എമ്മുമാരായ സൂപ്പി കല്ലങ്കോടന്‍, ഡോ. ഷാനവാസ് പള്ളിയാല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

അനാട്ടമി, പതോളജി വിഭാഗങ്ങളുടെ സഹകരണത്തോടെ മനുഷ്യ ശരീരത്തിലെ ഒട്ടുമിക്ക ഭാഗങ്ങളും അസുഖം ബാധിച്ച അവയവങ്ങളും പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുണ്ട്. ഹൃദയം, വൃക്കകള്‍, ശ്വാസകോശം, ശ്വസന നാളം, കൈപ്പത്തി, കാല്‍മുട്ടുകള്‍, ഹൃദയത്തിന്റെ ഉള്‍വശം, കരളും പിത്തസഞ്ചിയും, അന്നനാളം, ആമാശയം, പ്ലീഹ, ചെറുകുടല്‍, വന്‍കുടല്‍, ഇടുപ്പിന്റെ നെടുകെയുള്ള ഛേദം, തലച്ചോറ്, സുഷുമ്‌ന, തലയോട്ടിയും താടിയെല്ലും, ചെവിക്കുള്ളിലെ അസ്ഥികള്‍, തുടയെല്ല്, കാല്‍മുട്ടിലെ ചിരട്ടകള്‍, അസ്ഥികൂടങ്ങള്‍, വിവിധ വളര്‍ച്ചാ ഘട്ടങ്ങളിലുള്ള ഗര്‍ഭസ്ഥ ശിശുക്കള്‍, തുടങ്ങി വിജ്ഞാനപ്രദവും അതിലുപരി ആശ്ചര്യമുളവാക്കുന്നതുമായ പ്രദര്‍ശനം കുട്ടികള്‍ക്കെന്നപോലെ മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വാദ്യകരമാണ്.

അടിയന്തിരഘട്ടങ്ങളില്‍ വൈദ്യ സഹായം നല്‍കുന്നതിനായി ഡോക്ടര്‍മാരും നേഴ്‌സു മാരുമടങ്ങുന്ന ആബുലന്‍സ് അടക്കമുള്ള മെഡിക്കല്‍ സംഘത്തെ പൂപ്പൊലി നഗരിയില്‍ ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ഒരുക്കിയിട്ടുണ്ട് .രാവിലെ 9 മണിക്ക് ആരംഭിക്കുന്ന സൗജന്യ പ്രദര്‍ശനം രാത്രി 10 വരെ തുടരും.