കോഴിക്കോട്: മൂല്യബോധമുള്ള യുവ തലമുറയെ സൃഷ്ടിക്കാന്‍ മത ഭൗതിക വിദ്യാഭ്യാസ സമന്വയത്തിലൂടെ മാത്രമേ സാധുക്കുകയുള്ളൂവെന്നും അത് കാലഘട്ടം ആവശ്യപ്പെടുന്നുവെന്നും കെ.എന്‍.എം കോഴിക്കോട് സൗത്ത് ജില്ല അധ്യാപക പരിശീലനം ശില്‍പശാല അഭിപ്രായപ്പെട്ടു.
ഇസ്ലാം ഏറെ തെറ്റിദ്ധരിപ്പിക്കപ്പെടുന്ന കാലഘട്ടത്തില്‍ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റേയും സഹിഷ്ണതയുടേയും മതമായ ഇസ്ലാമിനെ അടുത്തറിയുന്നതിന് മദ്രസ വിദ്യാഭ്യാസത്തിന്റെ പ്രസക്തി ഏറെ വര്‍ദ്ധിച്ച് വരികയാണന്നും സംഗമം അഭിപ്രായപ്പെട്ടു. ചടങ്ങില്‍ മദ്‌റസ അധ്യാപകര്‍ക്കുള്ള പരിശീലന ഡിപ്ലോമ കോഴ്‌സിന്റെ ഉദ്ഘാടനം റിട്ടയേര്‍ഡ് ജില്ലാ ജഡ്ജി എ.ഹാരിസ് നിര്‍വ്വഹിച്ചു.
കെ.എന്‍.എം ജില്ലാ സെക്രട്ടറി വളപ്പില്‍ അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. എം.ടി അബ്ദുസ്സമദ് സുല്ലമി, പി.എം അബ്ദുസ്സലാം, ടി. അബ്ദുല്‍ അസീസ് സുല്ലമി, ഡോ.യു.കെ മുഹമ്മദ് ഫാറൂഖി, ഷമീം സ്വലാഹി, ഇ.വി മുസ്തഫ, സുബൈര്‍ മദനി, ഹാരിസ് പുതിയറ എന്നിവര്‍ സംസാരിച്ചു.