വെള്ളമുണ്ട: ആരവം സീസണ്‍ ത്രീ ആദ്യ റൗണ്ട് അവസാനത്തിലേക്ക് നീങ്ങുമ്പോള്‍ കളി ഏറ്റെടുത്ത് കാണികള്‍. ഡിസംബര്‍ 25 തുടങ്ങി 23 ദിവസം നീണ്ടു നില്‍ക്കുന്ന കളിയാരവം ആദ്യ റൗണ്ട് പൂര്‍ത്തിയാകും മുമ്പെ ആവേശം തീര്‍ത്ത് കാണികള്‍. കഴിഞ്ഞ ദിവസങ്ങളില്‍ തിങ്ങി നിറഞ്ഞ ഗാലറിയിലാണ് കാല്‍പന്ത് കളി നടന്നത്.
ഫുട്‌ബോള്‍ മത്സരമെന്ന കായിക മാമാങ്കത്തിന് അപ്പുറം ഒരു നാടിന്റെ മുഴുവന്‍ ആഘോഷമായി മാറുകയാണ് ആരവം സെവന്‍സ് ഫുട്‌ബോള്‍. ചാന്‍സ്‌ലേഴ്‌സ് ക്ലബ്ബും റിമാല്‍ ഗ്രൂപ്പും ചേര്‍ന്ന് സംഘടിപ്പിച്ച അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് തുടക്കം മുതല്‍ കാണികള്‍ ഏറ്റെടുത്തു. വേനല്‍ മഴ രണ്ടു ദിവസം ആള് കുറയാന്‍ ഇടയാക്കിയെങ്കിലും കളിയുടെ ആവേശത്തിന് ഒട്ടും കുറവ് വന്നില്ല.
വെള്ളമുണ്ടയുടെ കലാകായിക, ജീവകാരുണ്യ സാംസ്‌കാരിക ചരിത്രങ്ങളില്‍ അടയാളപെടുത്തുകയാണ് ആരവം. അഞ്ച് ലക്ഷം രൂപ ഡയാലിസിസ് രോഗികള്‍ക്ക് നല്‍കുമെന്ന വാഗ്ദാനമാണ് കാല്‍പന്തുകളി മുന്നോട്ട് വെക്കുന്നത്. ഗാലറിയിലേക്ക് ലിംഗ ഭേദമന്യേ ഒഴുകിയെത്തുന്ന ആയിരങ്ങള്‍ ഇതിനു കരുത്തു പകരുന്നു. ഇനിയുള്ള ദിവസങ്ങളില്‍ കാണികളുടെ എണ്ണം വര്‍ധിക്കുമെന്ന ഉറപ്പിലാണ് സംഘാടക സമിതി. ഫിഫ മഞ്ചേരിയടക്കമുള്ള പ്രമുഖ ടീമുകള്‍ അടുത്തദിവസങ്ങളില്‍ മാറ്റുരക്കും.